വീട്ടുപടിക്കല്‍ മീനില്ല; മീന്‍ വേണേലും ക്യൂ വേണം
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: വീട്ടുപടിക്കല്‍ സൈക്കിളിലും സ്‌കൂട്ടറിലും മല്‍സ്യവുമായി എത്തുന്ന മീന്‍കാരനെ ഇനി കാത്തിരിക്കേണ്ട. മാര്‍ക്കറ്റുകളില്‍ ചെന്ന് മല്‍സ്യത്തിന് തിക്കിത്തിരക്കാനും നില്‍ക്കേണ്ട. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മല്‍സ്യമാര്‍ക്കറ്റുകളുടെയും വിപണന കേന്ദ്രങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ക്കശ നിയന്ത്രണത്തിന്റെ വല വീശിക്കഴിഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറി കണ്‍വീനറായ ഒരു ജനകീയ സമിതിയായിരിക്കും ഇനി മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. മല്‍സ്യവില്‍പനക്ക് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക സ്ഥലം അനുവദിച്ച് നല്‍കും. ഇത്തരം സ്ഥലങ്ങളില്‍ മാത്രമെ മല്‍സ്യം വില്‍ക്കാനുളള അനുമതി നല്‍കൂ. വഴിയോര കച്ചവടവും വീട്ടുപടിക്കല്‍ സൈക്കിളിലും മറ്റുമുളള മല്‍സ്യവിതരണവും വിലക്കി. തൊഴിലാളികളുടെ പേര്, മേല്‍വിലാസം, വയസ് എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി സൂക്ഷിക്കും. മീന്‍വില്‍ക്കുന്ന ഓരോരുത്തര്‍ക്കും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പ്രത്യേക പാസ് നല്‍കും. മല്‍സ്യം വിപണനം നടത്തുന്നവരും വാങ്ങാന്‍ വരുന്നവരും സാമൂഹിക അകലവും ക്യൂവും പാലിച്ച് നില്‍ക്കണം. ഇതിനായി മാര്‍ക്കറ്റില്‍ വൃത്തം വരച്ച് അടയാളപ്പെടുത്തും.
മാര്‍ക്കറ്റുകളില്‍ മീന്‍ വാങ്ങാനെത്തുന്നവര്‍ക്ക് സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകാന്‍ സൗകര്യമൊരുക്കും. മല്‍സ്യ വില്‍പനക്കാരന് മാസ്‌കും കൈയുറയും നിര്‍ബന്ധം. വാങ്ങാന്‍ എത്തുന്നവരും മാസ്‌ക് ധരിക്കണം. മാര്‍ക്കറ്റ് ദിനേന അണുവിമുക്തമാക്കി മാലിന്യ നിര്‍മാര്‍ജനം നടത്തും. കൊവിഡ് കണ്ടെയ്‌മെന്റ് സോണില്‍ നിന്നു പുറത്തു പോയി മല്‍സ്യം വാങ്ങുന്നതും പുറത്തു നിന്ന് കണ്ടെയ്‌മെന്റ് സോണിലേക്ക് മല്‍സ്യം കൊണ്ടുവരുന്നതിനും വിലക്കേര്‍പ്പെടുത്തി. വിപണത്തിനുളള മല്‍സ്യം മണ്ണുമായി കലര്‍ത്താന്‍ പാടില്ലെന്നും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."