നാട്ടുഭാഷയില്‍ മണിമുഴങ്ങുമ്പോള്‍
ആറു നാട്ടില്‍ നൂറു ഭാഷകളുള്ള കേരളത്തില്‍ ഒരു നാട്ടുഭാഷയും മോശമല്ല. സകല നാട്ടുഭാഷാപ്രയോഗങ്ങള്‍ക്കുമുണ്ട് അതിന്റേതായ ഭംഗി. തിരുവനന്തപുരത്തെ 'എന്തര് ജ്വാലികളും' തൃശൂരിലെ 'എന്തൂട്ടണും' കോഴിക്കോട്ടെ 'സുയിപ്പാക്കലും' കണ്ണൂരിലെ 'പൊയേല്‍ തുള്ളലു'മൊക്കെ നമ്മുടെ നാട്ടുഭാഷാസംസ്‌കൃതിയിലെ മുത്തുകളാണ്. നാട്ടുഭാഷാവൈവിധ്യമില്ലെങ്കില്‍ പിന്നെ മലയാളഭാഷയില്ല, കേരളം തന്നെയില്ല.
വിശ്വപ്രശസ്തരായ നമ്മുടെ എഴുത്തുകാരിലധികവും സ്വന്തം നാട്ടുഭാഷയിലെഴുതിയാണ് കടലുകള്‍ക്കപ്പുറത്തേയ്ക്കു വളര്‍ന്നത്. ബഷീറിന്റെയും മുകുന്ദന്റെയും തകഴിയുടെയും എം.ടിയുടെയുമൊക്കെ കഥാപാത്രങ്ങള്‍ സംസാരിച്ചത് അവരുടെയൊക്കെ നാട്ടുമലയാളമാണ്. എന്നിട്ടും മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയും അതിനു പുറത്തുമുള്ള മലയാളികളോടെല്ലാം ഈ കൃതികള്‍ സംശയലേശമെന്യെ സംവദിച്ചു. ഈ കൃതികളൊക്കെ ശുദ്ധ അച്ചടി മലയാളത്തിലായിരുന്നെങ്കില്‍ എത്ര ബോറായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ.
എഴുത്തുകാര്‍ മാത്രമല്ല പ്രഗത്ഭരായ ചില രാഷ്ട്രീയനേതാക്കളും നാട്ടുഭാഷയിലൂടെ നമ്മുടെ രാഷ്ട്രീയവ്യവഹാരത്തെ സമ്പന്നവും ഹൃദ്യവുമാക്കിയിട്ടുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയനായത് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നു വരുന്ന കണ്ണൂര്‍ ഭാഷ ഒട്ടും ഇസ്തിരിയിട്ടു മിനുക്കാതെ സംസാരിച്ച ഇ.കെ നായനാരാണ്. ശുദ്ധ ഏറനാടന്‍ ഭാഷയില്‍ കേരളരാഷ്ട്രീയത്തോടു സംവദിച്ച സീതിഹാജിയാണു മറ്റൊരാള്‍. ഇതുപോലുള്ള നേതാക്കള്‍ മണ്ണോടുചേര്‍ന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളരാഷ്ട്രീയത്തില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ ജനതയുടെ മനസില്‍ മായാതെ നിലകൊള്ളുന്നു.
എന്നാല്‍, ഇവരൊക്കെ പ്രയോഗിച്ച നാട്ടുഭാഷയുടെ ഏഴയലത്തുപോലും നില്‍ക്കാന്‍ യോഗ്യതയില്ലാത്തതാണ് മന്ത്രി എം.എം മണിയുടെ ഇപ്പോഴത്തെ നാട്ടുഭാഷ. മാന്യതയുടെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ കടന്ന് അതു പലപ്പോഴും അരോചകവും ചില ഘട്ടങ്ങളില്‍ അശ്ലീലവുമായി പരിണമിക്കുന്നു. നിലവിട്ട സംസാരത്തിന്റെ പേരില്‍ കൊലക്കേസില്‍ പ്രതിയാകുകപോലും ഉണ്ടായി. മണി ഇപ്പോള്‍ നടത്തിയ സ്ത്രീവിരുദ്ധമെന്നു പരക്കെ ആരോപണമുയര്‍ന്ന പ്രസംഗം വിവാദമായതിനു കാരണം അദേഹത്തെ പ്രതിരോധിക്കാന്‍ പാടുപെടുന്ന ചുരുക്കം ചില പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെ നാട്ടുഭാഷയല്ല. നാട്ടുഭാഷാ പ്രയോഗത്തിന്റെ നിഷ്‌കളങ്കതയല്ല മണിയുടെ വാക്കുകളില്‍ തെളിയുന്നത്.
ഭാഷ നാടനായാലും അച്ചടിശൈലിയിലുള്ളതായാലും അതു പ്രയോഗിക്കുന്ന സന്ദര്‍ഭങ്ങളും പറയുന്നയാളിന്റെ ഭാവവും ശരീരഭാഷയും വാക്കുകളുടെ ഊന്നലുമൊക്കെയാണ് അര്‍ഥപൂര്‍ണത നല്‍കുന്നത്. 'അടി' എന്ന വാക്കിനു സന്ദര്‍ഭാനുസരണം മര്‍ദനം, ആണിയടിക്കല്‍, മദ്യപാനം തുടങ്ങി പല അര്‍ഥവും വരും. ഇതേ വാക്കുതന്നെ ചില സന്ദര്‍ഭങ്ങളില്‍ അശ്ലീലവും അസഭ്യവുമൊക്കെയായി മാറും. പ്രയോഗിക്കുന്നയാളുടെ രീതിക്കും നിലവാരത്തിനും സംസ്‌കാരത്തിനുമൊക്കെ അനുസരിച്ചായിരിക്കും അര്‍ഥഭേദങ്ങള്‍.
മണിവചനങ്ങള്‍ മറ്റുള്ളവരെ നോവിക്കുകയും പ്രകോപിപ്പിക്കുകയുമൊക്കെ ചെയ്യുന്നതിന് ഇതുതന്നെയാണു കാരണം. മണിയുടെ പ്രസംഗത്തിലെ വാക്കുകള്‍ മാത്രമെടുത്ത് അക്ഷരാര്‍ഥത്തില്‍ മാത്രം പരിശോധിച്ചാല്‍ അതില്‍ വലിയ കുഴപ്പമൊന്നും കാണാനാവില്ല. എന്നാല്‍, അതിന്റെ വീഡിയോ ദൃശ്യത്തില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ഭാവങ്ങളും അംഗവിക്ഷേപങ്ങളും പരാമര്‍ശ വിഷയവും സന്ദര്‍ഭവുമൊക്കെ ചേര്‍ത്തു പരിശോധിക്കുമ്പോള്‍ അതു മാന്യതയുടെയും സഭ്യതയുടെയും പരിധികള്‍ക്കപ്പുറത്തേയ്ക്കു പോകുന്നത് എളുപ്പം കണ്ടെത്താനാകും. നാടന്‍ ഭാഷ പറഞ്ഞ പഴയകാല നേതാക്കളും മണിയും തമ്മിലുള്ള സാംസ്‌കാരിക വ്യത്യസ്തത പ്രസംഗത്തില്‍നിന്ന് എളുപ്പം വായിച്ചെടുക്കാം.
മണിക്കുവേണ്ടി വാദിക്കുന്നവരുടെ മറ്റൊരു കവചം അദ്ദേഹത്തിന്റെ വിദ്യാഭ്യാസക്കുറവാണ്. വിദ്യാഭ്യാസക്കുറവ് ഒരിക്കലും സംസ്‌കാരത്തിന്റെയും മാന്യതയുടെയും അളവുകോലല്ല. വലിയ വിദ്യാഭ്യാസമൊന്നും നേടാത്ത നിരവധി നേതാക്കള്‍ മണിയുടെ പാര്‍ട്ടിയില്‍ വേറെ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. മാന്യതയുടെയും സാത്വികതയുടെയും ആള്‍രൂപങ്ങളെന്നു വിശേഷിപ്പിക്കാവുന്ന ഇ.കെ ഇമ്പിച്ചിബാവയും പാലോളി മുഹമ്മദ് കുട്ടിയുമൊക്കെ അക്കൂട്ടത്തില്‍ പെടും. കേരള രാഷ്ട്രീയത്തില്‍ ഏറെ സ്വീകാര്യതയുള്ള വി.എസ് അച്യുതാനന്ദനും വലിയ വിദ്യാസമ്പന്നനൊന്നുമല്ല.
അപ്പോള്‍ അതൊന്നുമല്ല കാര്യം. മണിക്കു മണിയാവാനേ പറ്റൂ. കൂടി വന്നാല്‍ ഇടുക്കിയിലെ സി.പി.എമ്മിന്റെ നിലവാരത്തിനു ചേര്‍ന്ന ഒരു നേതാവ്. അങ്ങനെയൊക്കെ ആയിരിക്കുന്നതില്‍ ആര്‍ക്കുമില്ല വിരോധം. എന്നാല്‍ മന്ത്രിയായിരിക്കുമ്പോള്‍ ആ നിലവാരം മതിയാവില്ല. ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നു ചെല്ലുംചെലവും കൊടുത്തു പോറ്റുന്ന മന്ത്രിയില്‍ ചില നിലവാരമൊക്കെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിലേക്ക് ഉയരാനാവാത്തവര്‍ മന്ത്രിപ്പണിക്കു വരാതിരിക്കുകയാണു വേണ്ടത്.
*** *** ***
നാരങ്ങാനീരു കുടിച്ച് ഉപവാസസമരം അവസാനിപ്പിക്കുകയാണു നമ്മുടെ രാജ്യത്ത് ഗാന്ധിജിയുടെ കാലംമുതലുള്ള നാട്ടുനടപ്പ്. നാരങ്ങാനീരു സൗകര്യത്തിനു കിട്ടിയില്ലെങ്കില്‍ പുതിയ കാലത്ത് ജ്യൂസോ മറ്റോ ആവാം. ആ പതിവു തിരുത്തിക്കുറിച്ചിരിക്കുകയാണു പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ, രാജേശ്വരി എന്നിവര്‍. മന്ത്രി മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ അഞ്ചുദിവസം നീണ്ട നിരാഹാരസമരം അവര്‍ അവസാനിപ്പിച്ചത് ചിക്കന്‍ ബിരിയാണി കഴിച്ചാണ്.
ഇതു കേട്ട് നമ്മുടെ നാട്ടിലെ വരേണ്യ രാഷ്ട്രീയ പൊതുബോധം നെറ്റിചുളിക്കുന്നുണ്ടാവാം. ഉപവാസ സമരത്തിന്റെ പവിത്രത കളഞ്ഞുകുളിച്ച വിവരദോഷികളെന്ന് അവരെ ശപിക്കുന്നുമുണ്ടാവാം. കുറേദിവസം ആഹാരമുപേക്ഷിച്ച ശേഷം ചിക്കന്‍ ബിരിയാണി കഴിക്കുന്നതു സൃഷ്ടിച്ചേയ്ക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഉല്‍ക്കണ്ഠപ്പെടുന്നവരുമുണ്ടാവാം.
മറ്റു സമരങ്ങളില്‍നിന്ന് ഈ സമരത്തിനുള്ള വ്യത്യസ്തത അടയാളപ്പെടുത്തുകയാണ് ഈ സംഭവം. സാധാരണ ഉപവാസം പോലുള്ള സമരത്തിനിറങ്ങുന്നത് അത്യാവശ്യം സമ്പത്തൊക്കെയുള്ള, ഉണ്ടും കണ്ടും മടുത്ത രാഷ്ട്രീയനേതാക്കളാണ്. അവരില്‍നിന്ന് പാവപ്പെട്ട ഈ സ്ത്രീകളിലേയ്ക്ക് ഒരുപാട് അകലമുണ്ട്. വിശപ്പിന്റെ കാഠിന്യം നന്നായി അറിഞ്ഞവരാണ് ഈ പെണ്ണുങ്ങള്‍. എല്ലുമുറിയെ പണിയെടുത്തിട്ടും തങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും അരവയര്‍ നിറയാനുള്ള വക പോലും കണ്ടെത്താനാവാത്തവര്‍. കഠിനമായ ജീവിതയാഥാര്‍ഥ്യങ്ങളോടു പൊരുതി തഴമ്പിച്ചുപോയ ആ ജീവിതങ്ങള്‍ക്കു പൊരിയുന്ന വയറില്‍ ചിക്കന്‍ ബിരിയാണിയല്ല, കല്ലായാലും ദഹിക്കും.
ഈ വ്യത്യസ്തത തന്നെയാണ് അവരുടെ മറ്റു സമരരീതികളിലും കണ്ടത്. അവരുടെ സമരത്തിന്റെ രാഷ്ട്രീയസാധ്യതകള്‍ കണ്ട് അതു മുതലെടുക്കാന്‍ മല കയറിയവര്‍ നിരവധിയാണ്. സാധാരണ ഇത്തരം ഘട്ടങ്ങളില്‍ സഹായിക്കാനെത്തുന്നവരെയെല്ലാം സമരക്കാര്‍ സ്വീകരിക്കുകയാണ് പതിവ്. ഇവിടെ അതുണ്ടായില്ല. കുറഞ്ഞ കാലംകൊണ്ട് രാഷ്ട്രീയപൊയ്മുഖങ്ങളെ തിരിച്ചറിയാന്‍ പഠിച്ച ആ സ്ത്രീകള്‍ തങ്ങള്‍ക്കു താല്‍പര്യമില്ലാത്തവരോട് പന്തലില്‍നിന്നു മാറിയിരിക്കാന്‍ പറഞ്ഞു.
അങ്ങനെ ചില രാഷ്ട്രീയ ഭിക്ഷാംദേഹികളെ മാറ്റി നിര്‍ത്തി അവര്‍ നിരാഹാരം അവസാനിപ്പിച്ചെങ്കിലും സത്യഗ്രഹം തുടരുകയാണ്. എങ്ങനെ സമരം ചെയ്യണമെന്ന് അവര്‍ക്കറിയാം. മുതലെടുപ്പ് രാഷ്ട്രീയക്കാര്‍ ഇടയ്ക്കു കയറി അലമ്പുണ്ടാക്കാതിരുന്നാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."