പള്ളിവാസല്‍ വിപുലീകരണ പദ്ധതി: ഹൈക്കോടതി ഇടപെടലില്‍ പ്രതീക്ഷ
തൊടുപുഴ: പള്ളിവാസല്‍ വിപുലീകരണ പദ്ധതി വൈകുന്നതിനാല്‍ 250 കോടി മൂല്യമുള്ള യന്ത്രസാമഗ്രികള്‍ നശിക്കുന്നു. ഇലക്ട്രോ- മെക്കാനിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ ജനറേഷന്‍ ചീഫ് എന്‍ജിനിയര്‍ റീടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. 69.61 കോടി അടങ്കല്‍തുക നിശ്ചയിച്ചിരിക്കുന്ന ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി ഈ മാസം 26 ആണ്.
പവര്‍ഹൗസില്‍ സ്ഥാപിച്ചിരിക്കുന്ന 30 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും ടര്‍ബൈനുകളും അടക്കമുള്ള യന്ത്രസാമഗ്രികള്‍ നാശത്തിന്റെ വക്കിലാണ്. ഇവയുടെ ഉത്തരവാദിത്വം കരാറുകാരന്റേതാണെന്ന നിലപാടിലാണ് ഇപ്പോഴും കെ.എസ്.ഇ.ബി. എന്നാല്‍, കരാറുകാരായ എസ്.ആര്‍ ഗ്രൂപ്പിനെ 2018 ജൂലൈ 16ന് ഒഴിവാക്കിയിരുന്നു. ടര്‍ബൈനുകളും ജനറേറ്ററുകളും പവര്‍ഹൗസ് കെട്ടിടത്തില്‍ മൂടിക്കെട്ടിവച്ചിരിക്കുകയാണ്. യന്ത്രസാമഗ്രികള്‍ യഥാസമയം ഗ്രീസിങ് നടത്തി സംരക്ഷിക്കുന്നുമില്ല. മാങ്ങാപ്പാറ മുതല്‍ പള്ളിവാസല്‍ വരെ ഏകദേശം 4,000 ടണ്ണോളം വരുന്ന 489 പെന്‍സ്റ്റോക്ക് പൈപ്പുകളാണ് നിരത്തി ഇട്ടിരിക്കുന്നത്. ഒന്‍പത് വര്‍ഷമായി കിടക്കുന്ന ഇവ പെയിന്റ് ചെയ്ത് സംരക്ഷിക്കാന്‍പോലും നടപടിയില്ല. ഈ മഴക്കാലംകൂടി കഴിഞ്ഞാല്‍ പെന്‍സ്റ്റോക്കുകള്‍ ഉപയോഗശൂന്യമാംവിധം നശിക്കാന്‍ സാധ്യതയുണ്ട്. പദ്ധതി നീളുന്നതോടെ അപകടഭീഷണി ഉയര്‍ത്തുന്ന ആദ്യ പള്ളിവാസല്‍ പദ്ധതിയുടെ പഴയ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതും അനിശ്ചിതത്വത്തിലായി.
പദ്ധതിയുടെ ടണല്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. 117 മീറ്റര്‍ ടണല്‍കൂടി ഇനി പൂര്‍ത്തിയാകാനുണ്ട്. പാറയുടെ അംശം ഇല്ലാത്ത മേഖലയില്‍ സോയില്‍ ടണലാണ് തീര്‍ക്കുന്നത്. മാസം 15 മീറ്റര്‍ എന്നതാണ് ടാര്‍ഗറ്റ് എങ്കിലും ഇപ്പോള്‍ ഏഴ് മീറ്ററില്‍ കൂടുതല്‍ തീരുന്നില്ല.
നാലുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട് 2006 ഡിസംബര്‍ 26നാണ് പള്ളിവാസല്‍ വിപുലീകരണ പദ്ധതിക്ക് തുടക്കമിട്ടത്. 268.01 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതിക്ക് ഇപ്പോള്‍തന്നെ 600 കോടിയിലധികം മുടക്കിക്കഴിഞ്ഞു. പദ്ധതി വൈകുന്നതുമൂലം അരക്കോടി രൂപയുടെ പ്രതിദിന നഷ്ടവും വിലയിരുത്തുന്നു. കോടികളുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുന്ന വെള്ളം മൂന്നാറിലെ ആര്‍.എ ഹെഡ്‌വര്‍ക്‌സ് ഡാം കവിഞ്ഞൊഴുകി പാഴാകുന്നത് ഉപയോഗപ്പെടുത്താനാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ പദ്ധതി രൂപപ്പെടുത്തിയത്. ഹൈക്കോടതി ഇടപെടലിലാണ് ഇനിയുള്ള പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."