കൊളംബോയിലെ സ്ഫോടനത്തില്‍ കാസര്‍കോട് സ്വദേശിനി കൊല്ലപ്പെട്ടു
കാസര്‍കോട്: ശ്രീലങ്കയിലെ കൊളംബോ ഷാങ്ഹായ് റെസ്റ്റോറന്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ കാസര്‍കോട് സ്വദേശിനി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗര്‍ സ്വദേശിയും മംഗളൂരുവില്‍ താമസക്കാരുമായ ഖാദര്‍ കുക്കാടിയുടെ ഭാര്യ പി.എസ് റസീന (61) ആണ് കൊല്ലപ്പെട്ടത്. കൊളംബോയില്‍ ബിസിനസ് നടത്തിയിരുന്ന പരേതരായ പി.എസ് അബ്ദുല്ല, സക്കിയാബി ഷംനാട് എന്നിവരുടെ മകളാണ്.
അവധിക്കാലം ആഘോഷിക്കുന്നതിന് വേണ്ടി 10 ദിവസം മുമ്പാണ് ഇവര്‍ ഭര്‍ത്താവിനൊപ്പം ശ്രീലങ്കയിലേക്ക് പോയത്. റസീനയുടെ സഹോദരന് ബഷീര്‍ ശ്രീലങ്കയില്‍ ബിസിനസുകാരനാണ്. ബഷീറിന്റെ അടുത്തേക്കാണ് ദമ്പതികള്‍ 10 ദിവസം മുമ്പ് പോയത്.
അവധി ആഘോഷത്തിന് ശേഷം ഭര്‍ത്താവ് ഖാദര്‍ ഇന്നലെ രാവിലെ ദുബൈയിലേക്ക് യാത്രയായിരുന്നു. ഇതിനു ശേഷം റസീന കൊളംബോയിലെ ബന്ധുവീട്ടിലേക്ക് പോകുന്നതിനു വേണ്ടി ഒരുങ്ങുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം.
ബോംബ് സ്ഫോടനമുണ്ടായ റെസ്റ്റോറന്റില്‍ റസീന രാവിലെ ഭക്ഷണം കഴിച്ചിരുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഭര്‍ത്താവിനോടെപ്പം ഇടയ്ക്കിടെ ദുബൈയിലും മംഗളൂരുവിലുമായി താമസിച്ചു വരുകയായിരുന്നു. സ്ഫോടന വിവരം അറിഞ്ഞു സഹോദരന് ബഷീര്‍ ഉച്ചയോടെ ആശുപത്രിയിലെത്തിയാണ് റസീനയുടെ മൃതദേഹം തിരിച്ചറിഞ്ഞത്.
ഇവരുടെ മക്കള്‍ ഖാന്‍ഫര്‍, ഫറ എന്നിവര്‍ അമേരിക്കയിലാണ്. മരുമക്കള്‍: ആയിശ,അനിരുദ്ധീന്. ഗൗസുല്‍ ഹിദായ റസീനയുടെ മറ്റൊരു സഹോദരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."