മലമ്പുഴ ഡാമിലേക്കെത്തുന്ന പുഴകള്‍ മരിക്കുന്നു: ഇത്തവണ കുടിവെള്ളം മുട്ടും
പാലക്കാട്: മലമ്പുഴ ഡാമിലേക്ക് വെള്ളമെത്തുന്ന പുഴകള്‍ ഇന്ന് മരിച്ച അവസ്ഥയിലാണ്. ഒന്നാംപുഴ, മയിലാടിപുഴ തുടങ്ങിയ പുഴകളിലെ വെളളമാണ് ഡാമിലേക്കെത്തിയിരുന്നത്. പുഴകള്‍ വറ്റിയതിനാല്‍ ഡാമിലെ വെള്ളത്തിന്റെ അളവും വളരെ കുറവാണ്. ആദൃമായാണ് പുഴകള്‍ മരിക്കുന്നത്.
കുടിവെള്ളക്ഷാമത്തില്‍ വലയുന്ന ജില്ലയില്‍ മിക്ക ഭാഗങ്ങളിലും വെള്ളമെത്തുന്നത് ഡാമില്‍ നിന്നാണ്. ചെറിയ തോടുകളും, പുഴകളുമായി ഇരുപത്തിരണ്ടാളം ജലാശയങ്ങളില്‍നിന്നാണ് ഡാമിലേക്ക് വെള്ളമെത്തുന്നത്. ഇവയുടെയൊക്കെ ഉത്ഭവസ്ഥലം തിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നാണ്.
ചിന്നാട്ട്മലയില്‍ നിന്നാണ് ഒന്നാംപുഴ ഒഴുകിത്തുടങ്ങുന്നത്. പാറപ്പെട്ടി എത്തുമ്പോള്‍ പുഴ രണ്ടാകും. ഒന്ന് വാളയാറിലേക്കും മറ്റൊന്ന് മലമ്പുഴയിലേക്കും. ഒന്നാംപുഴ ശരിക്കും മരിച്ച സ്ഥിതിയാണ്. ഡാമിലേക്ക് വെള്ളമെത്തിക്കുന്ന മറ്റൊരു പ്രധാന പുഴയാണ് മയിലാടിപ്പുഴ.
ആട്ട്മലയില്‍ പാലമല ബംഗ്ലാവിലൂടെ ഒഴുകിയെത്തുന്നതാണ് മയിലാടിപ്പുഴ. ഈ പുഴകള്‍ക്കെല്ലാം കൈവഴികളുണ്ട്. കുണ്ടതോട്, നൊച്ചിതോട് പല കൈവഴികളായാണ് പുഴകള്‍ ഡാമിലേക്കെത്തുന്നത്. ഈ വെള്ളമാണ് ഡാമില്‍നിന്ന് നഗരത്തിലേക്കും മറ്റു പ്രദേശങ്ങളിലേക്കുംകുടിവെളളമായി എത്തുന്നത്.
സമീപത്തെ എട്ട് പഞ്ചായത്തുകളിലെ ഇരുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നത് ഡാമില്‍ നിന്നാണ്. ഈ സ്രോതസുകള്‍ ഇല്ലാതായതോടെയാണ് മലമ്പുഴയിലും ജില്ലയിലെ പല പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമായത്.
പ്രകൃതിയിലുണ്ടായ വ്യതിയാനങ്ങളാണ് ഇതിനെല്ലാം പ്രധാന കാരണം. ആട്ട്മലയില്‍നിന്ന് ഒഴുകുന്ന പുഴകളില്‍ തടയണ നിര്‍മിച്ച് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ വെള്ളം തിരിച്ചുവിടുന്നതാണ് മലമ്പുഴയിലേക്കുള്ള വെള്ളത്തിന്റെ ലഭ്യത കുറയാന്‍ കാരണം.
കൃഷിക്കായാണ് കര്‍ഷകര്‍ വെള്ളമെടുക്കുന്നത്. പക്ഷെ അതിന്റെ ദുരിതമനുഭവിക്കുന്നത് പാലക്കാട് ജില്ലയാണ്. നീരൊഴുക്ക് കുറഞ്ഞത് ജില്ലയിലെ കുടിവെള്ളത്തെ നന്നായി ബാധിച്ചു. ഡാമിന്റെ പരിസര പരിസരപ്രദേശങ്ങളില്‍ തന്നെ ജലക്ഷാമമുണ്ട്.
ഓരോ കോളനികള്‍ക്കും ജില്ലാകലക്ടറുടെ കുടിവെള്ള ദുരിദാശ്വാസ പദ്ധതി ഉപയോഗിച്ച് കിയോസ്‌ക്കുകള്‍ വഴിയാണ് മലമ്പുഴയിലെതന്നെ വീടുകള്‍ക്ക് വെള്ളമെത്തിക്കുന്നത്. കിയോസ്‌ക്കുകളുടെ അവസ്ഥയും പരിതാപകരമാണ്.
ആദിവാസികള്‍ ഒരുപാടുള്ള മലമ്പുഴയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായത് എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്. ഇനിയെങ്കിലും വേനല്‍ മഴ ആവശ്യത്തിനു ലഭിക്കാതിരുന്നാല്‍ കുടിവെള്ളത്തിനായി ജനം വലയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."