'സി.പി.എം കേന്ദ്രത്തിലെ ബോംബ് ശേഖരത്തെ കുറിച്ച് അന്വേഷിക്കണം'
വടകര: കോട്ടപ്പള്ളി നാരാംകുന്നത്ത് പറമ്പില്‍ നിന്നും കണ്ടെത്തിയ ബോംബിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കോട്ടപ്പള്ളി ടൗണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
നാടിന്റെ സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോംബ് നിര്‍മാണം. കഴിഞ്ഞ ദിവസം മുസ്‌ലിംലീഗ് ഓഫിസില്‍ കരി ഓയില്‍ ഒഴിച്ച സംഭവമുണ്ടായി. സമാധാനം ഇല്ലാതാക്കാന്‍ ബോധപൂര്‍വം ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു എന്നത് വ്യക്തമാണെന്നും യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി,
നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുനത്തില്‍ അമ്മതിന്റെ വീട് അക്രമിക്കുമ്പോള്‍ ഉപയോഗിച്ച ബോംബിന് സമാനമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയ ബോംബുകള്‍. നാടിന് ഭീഷണിയാകുന്ന ബോംബ് രാഷ്ട്രീയത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരേ ശക്തമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഷിബിന്‍ പി.പി അധ്യക്ഷനായി. ബവിത്ത് മലോല്‍, വി.കെ ഇസ്ഹാഖ്, പ്രതീഷ് കോട്ടപ്പള്ളി, സുരേഷ് ബാബു മണക്കുനി സംസാരിച്ചു.
വടകര: കോട്ടപ്പള്ളി നാരാംകുന്നത്ത് പറമ്പില്‍ നിന്നും കണ്ടെടുത്ത ബോംബ് ശേഖരത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കോട്ടപ്പള്ളി ശാഖാ മുസ്്‌ലിംലീഗ് ആവശ്യപ്പെട്ടു.
വടകര പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ബോംബുകള്‍ ഉഗ്രസ്‌ഫോടന ശേഷിയുള്ളതാണ്. അധികം പഴക്കമില്ലാത്ത ബോംബുകള്‍ ബക്കറ്റില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.
ബോംബ് കണ്ടെടുത്ത സ്ഥലത്തിനടുത്ത് വച്ചാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാഗേഷ്, പ്രമോദ് എന്നിവര്‍ അക്രമിക്കപ്പെട്ടത്. മാരാകായുധങ്ങളുമായി സി.പി.എം ക്രിമിനലുകള്‍ സംഘം ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയായിരുന്നു.
നേരത്തെ പല തവണ സംഘര്‍ഷം നടന്നിരുന്ന കോട്ടപ്പളളിയിലും പരിസരത്തും അടുത്ത കാലത്തായി കാര്യമായ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രദേശത്തുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് ലീഗ് ഓഫിസിനു നേരെ അക്രമവും ബോംബ് കണ്ടെത്തലുമുണ്ടായിരിക്കുന്നത്. സി.പി.എം കേന്ദ്രത്തില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തിയത് പ്രദേശത്ത് അശാന്തിയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് നിഷ്‌ക്രിയത്വം വെടിഞ്ഞു ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോട്ടപ്പള്ളി ശാഖാ മുസ്‌ലിംലീഗ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."