മിഠായിത്തെരുവിലെ തീപിടിത്തം
കോഴിക്കോട്: മിഠായിത്തെരുവില്‍ അടിക്കടിയുണ്ടാകുന്ന തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് അഗ്നിശമന ഉപകരണങ്ങള്‍ സൗജന്യമായി നല്‍കി. സ്‌മോള്‍ സ്‌കെയില്‍ ബില്‍ഡിങ് ഓണേഴ്‌സ് ആന്‍ഡ് ടെനന്റെസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 25 സ്ഥാപനങ്ങള്‍ക്ക് അഗ്നിശമന ഉപകരണങ്ങള്‍, ഇ.എല്‍.സി.ബി ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ നല്‍കിയത്. വ്യാപാര സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ മാനദണ്ഡമനുസരിച്ച് സുരക്ഷാ മുന്‍കരുതല്‍ പാലിക്കണമെന്ന ജില്ലാ അധികൃതരുടെ നിര്‍ദേശം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉപകരണങ്ങള്‍ നല്‍കിയത്.
കെവിന്‍ ആര്‍ക്കേഡ് അസോസിയേഷന്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ഇലക്‌ട്രോ പ്ലാസ്റ്റ് ഉടമ എം. അബ്ദുള്‍ അസീസിന് ഇന്‍ഷൂറന്‍സ് പോളിസി നല്‍കി അസി. പൊലിസ് കമ്മിഷണര്‍ (സൗത്ത്) കെ.പി അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു. അഗ്നിശമന ഉപകരണം ഫയര്‍ ആന്‍ഡ് റസ്‌ക്യു ഓഫിസര്‍ അരുണ്‍ ഭാസ്‌കര്‍ അപ്‌സര ഏജന്‍സിസ് ഉടമ സി.സി സൈമണ് നല്‍കിയും ഇ.എല്‍.സി.ബി വിതരണം ടൗണ്‍ എസ്.ഐ പി.എം മനോജ് ചീരാല്‍ ടോയ്‌സ് ഉടമ സി.ഐ ജോയിക്ക് നല്‍കിയും ഉദ്ഘാടനം ചെയ്തു. മിഠായിത്തെരു തീപിടിത്തത്തില്‍ മികച്ച രക്ഷാപ്രവര്‍ത്തനം നടത്തി ഡി.ജി.പിയുടെ ബഹുമതിയ്ക്കും ഗുഡ് സര്‍വിസ് എന്‍ട്രിയ്ക്കും അര്‍ഹരായ അസി. പൊലിസ് കമ്മിഷണര്‍ കെ.പി അബ്ദുള്‍ റസാഖ്, ടൗണ്‍ എസ്.ഐ പി.എം മനോജ് എന്നിവരെ ജനറല്‍ സെക്രട്ടറി സി.സി മനോജ് പൊന്നാട അണിയിച്ചു. ഫയര്‍ ഫോഴ്‌സ് ഓഫിസര്‍ അരുണ്‍ ഭാസ്‌കറിനെ കെ.സി മാത്യു പൊന്നാട നല്‍കി ആദരിച്ചു. സി.ഇ ചാക്കുണ്ണി അധ്യക്ഷനായി. എം.യു. ബോബന്‍, പി. ജോഷി പോള്‍, ശശി നൈസ്, പി.ഐ ബിജു, ലാമ്പ്രാട്ട് ജോര്‍ജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."