അനാസ്ഥയുടെ കുഴലില്ക്കുടുങ്ങി കുഴല്‍ക്കിണറുകള്‍
അരീക്കോട്: ഗ്രാമീണര്‍ക്കു കുടിവെള്ളം ലഭ്യമാക്കുന്നതിനു ജില്ലയില്‍ കുഴിച്ച നൂറുകണക്കിനു കുഴല്‍ക്കിണറുകള്‍ നശിക്കുന്നു. അറ്റക്കുറ്റപ്പണിയില്‍ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് ഇവ ഉപയോഗശൂന്യമാകാന്‍ കാരണം. സമീപകാലത്തു ജില്ലയിലെ ഭൂഗര്‍ഭ ജലനിരക്കു ക്രമാതീതമായി കുറഞ്ഞതും പദ്ധതിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിനു കുഴല്‍ക്കിണറുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചത്.
പഞ്ചായത്തുകളുടെ സ്വന്തം ചിലവില്‍ ചെറുകിട കുടിവെള്ള പദ്ധതികള്‍ക്കായി നിര്‍മിച്ചവ വേറെയുമുണ്ട്. 2014നു മുന്‍പുതന്നെ തീരദേശ-മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള ഓരോ പഞ്ചായത്തിലും 50 കുഴല്‍ക്കിണറുകള്‍ വീതം നിര്‍മിച്ചിട്ടുണ്ട്.
ഇവയില്‍ പകുതിയിലധികവും ഉപയോഗശൂന്യമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
അറ്റകുറ്റപ്പണി നടത്താതിരുന്നതിനാല്‍ കിണറുകളില്‍ സ്ഥാപിച്ച മോട്ടോറുകള്‍ തുരുമ്പെടുത്തു നശിച്ചതും കുടിശ്ശിക അടക്കാന്‍ പഞ്ചായത്തുകള്‍ തയാറാകാതിരുന്നതിനാല്‍ കെ.എസ്.ഇ.ബി വൈദ്യുതിബന്ധം വിച്ഛേദിച്ചതും പദ്ധതി തുടരുന്നതിനു തടസമായി.
കുഴല്‍ക്കിണറുകള്‍ നന്നാക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്തുകളില്‍ നിരവധി പരാതികളാണ് കെട്ടിക്കിടക്കുന്നത്. ഇതില്‍ നാലു വര്ഷംമുന്പു ലഭിച്ച പല പരാതികള്‍ക്കുപോലും പരിഹാരമായിട്ടില്ല.
മൂന്നു മാസങ്ങള്‍ക്കു മുന്‍പു ജലവകുപ്പിനു കീഴില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ കുഴല്‍ക്കിണറുകളുടെ കണക്കെടുപ്പുകള്‍ നടന്നിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ക്കുള്ള നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്തധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."