പ്രളയബാധിത മേഖല: പ്രത്യേക ശുചീകരണ യജ്ഞത്തിന് തുടക്കമായി
കോഴിക്കോട്: കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രളയബാധിത മേഖലയിലെ പ്രത്യേക ശുചീകരണ യജ്ഞത്തിന് തുടക്കമായി.
ജാഹര്‍ഖാന്‍ കോളനി പരിസരത്ത് നടന്ന ചടങ്ങ് തൊഴില്‍ എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സമാനതകളില്ലാത്ത ദുരന്തമാണ് കേരളത്തിലുണ്ടായതെന്നും എല്ലാ മനുഷ്യരും ഒന്നിച്ച് നില്‍ക്കണമെന്നും വിവാദങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇപ്പോള്‍ സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പ്രധാനം. ഇതിനായി എല്ലാ പ്രദേശങ്ങളും വൃത്തിയാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ നമ്മളെ തേടി വരുന്നത് മാരക രോഗങ്ങളായിരിക്കുമെന്നും മന്ത്രി പറഞ്ഞു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി.
ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ യു.വി ജോസ്, സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ. ആര്‍.എസ്. ഗോപകുമാര്‍, ശുചിത്വമിഷന്‍ ജില്ലാ പ്രോഗ്രാം ഓഫിസര്‍ കൃപ വാര്യര്‍ പങ്കെടുത്തു.
കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് സ്വാഗതവും കൗണ്‍സിലര്‍ ടി.വി. ലളിത പ്രഭ നന്ദിയും പറഞ്ഞു.
പശ്ചിമ ബംഗാളില്‍ നിന്നും സൈന്റോളജി ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയുടെ 18 വളണ്ടിയര്‍മാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, പോലീസുകാര്‍, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, ജില്ലാ കലക്ടറുടെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വളണ്ടിയര്‍മാര്‍, കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍ ശുചീകരണത്തില്‍ പങ്കു ചേര്‍ന്നത്.
കോഴിക്കോട് ജില്ലയില്‍ അയ്യായിരം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ക്യാംപില്‍ കഴിയുന്നത്. ജില്ലയിലെ 171 കുടുംബാഗങ്ങളുടെ വീടുകള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇവരെ മറ്റിടങ്ങളില്‍ താമസിപ്പിക്കുന്ന നടപടകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
2000 വളണ്ടിയര്‍മാരുടെ സഹായത്തോടെ ഒറ്റ ദിവസം കൊണ്ട് കോര്‍പറേഷനിലെ മുഴുവന്‍ മേഖലയും ശുചീകരിക്കുന്ന പ്രവര്‍ത്തനമാണ് നടന്നത്.
കോര്‍പറേഷന്റെ ഒരോ ഡിവിഷനിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."