വെള്ളപ്പൊക്കം: വയനാട്ടില്‍ 40,698 വളര്‍ത്തുജീവികള്‍ ചത്തു; 1.61 കോടിയുടെ നഷ്ടം
കല്‍പ്പറ്റ: വെള്ളപ്പൊക്കത്തില്‍ വയനാട്ടില്‍ 40,698 വളര്‍ത്തുജീവികള്‍ ചത്തു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ കലക്ടറേറ്റില്‍ ലഭ്യമാക്കിയതാണ് ഈ ഏകദേശ കണക്ക്. 3500ലേറെ കുടുംബങ്ങള്‍ക്കാണ് വളര്‍ത്തുജീവികള്‍ നഷ്ടമായത്.
കന്നുകാലി സമ്പത്തിന്റെ കൃത്യമായ നാശം കണക്കാക്കി വരുന്നതേയുള്ളൂ. ഒരാഴ്ചയ്ക്കകം നഷ്ടങ്ങളുടെ പൂര്‍ണവിവരം ലഭിക്കുമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പ്രതീക്ഷ. വിവരശേഖരണത്തിനു വെറ്ററിനറി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഭിക്കുന്ന വിവരം വില്ലേജ് ഓഫിസുകളിലും വകുപ്പു മേലധികാരികള്‍ക്കും സമര്‍പ്പിക്കാനാണ് നിര്‍ദേശം.
പശു-116, കാള-ഒന്‍പത്, പശുക്കുട്ടി-ആറ്, പോത്ത്-36, പന്നി-118, ആട്-98, കോഴി-22,125, കാട-18,000, താറാവ്-178, മുയല്‍ 12 എന്നിങ്ങനെയാണ് ഇതുവരെ ലഭിച്ച കണക്കനുസരിച്ച് വെള്ളപ്പൊക്കത്തില്‍ ചത്ത വളര്‍ത്തുജീവികളുടെ എണ്ണം. ജില്ലയില്‍ 53 പശുത്തൊഴുത്തും അഞ്ച് ആട്ടിന്‍കൂടും ഒരു പന്നിക്കൂടും തകര്‍ന്നു. നിലവില്‍ പതിനായിരത്തോളം കന്നുകാലികള്‍ക്ക് ഭക്ഷണം ലഭ്യമല്ല.
പച്ചപ്പുല്ല് ഒഴിവാക്കി കാലിത്തീറ്റ മാത്രം നല്‍കുന്നത് കാലികളില്‍ അതിസാരത്തിന് കാരണമാകും. അതിനാല്‍ മൃഗസംരക്ഷണ വകുപ്പ് ഇതു പ്രോത്സാഹിപ്പിക്കുന്നില്ല.
15 ടണ്‍ പച്ചപ്പുല്ല്, 10 ടണ്‍ വൈക്കോല്‍, ഫൈബര്‍ അടങ്ങിയ 631 ബാഗ് ടി.എം.ആര്‍ ഫീഡ്, 2,500 കിലോ കാലിത്തീറ്റ എന്നിവ മൃഗസംരക്ഷണ വകുപ്പ് നേരിട്ട് വിതരണം ചെയ്തു. വിവിധ പഞ്ചായത്തുകളിലായി 15 മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.
1000 ചാക്ക് കാലിത്തീറ്റ, 10 ടണ്‍ വൈക്കോല്‍ എന്നിവ അടിയന്തരമായി ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."