HOME
DETAILS

പുസ്തകങ്ങള്‍ അറിവിന്റെ ചക്രവാളങ്ങള്‍

  
backup
April 22 2019 | 19:04 PM

books-knowledge-sources-spm-today-articles

മേരിക്കയില്‍ കറുത്തവര്‍ഗക്കാരുടെ കുടുംബത്തിലായിരുന്നു ഒല്ലി നീല്‍ ജനിച്ചത്. കര്‍ഷകനായ പിതാവിന് വിദ്യാഭ്യാസമുണ്ടായിരുന്നില്ല. നീല്‍ ഉള്‍പ്പെടെ 14 മക്കള്‍ അയാള്‍ക്കുണ്ടായിരുന്നു. അവരെ വളരെ കഷ്ടപ്പെട്ടാണു വളര്‍ത്തിയത്. ദുരിതജീവിതമാണെങ്കിലും ആ പിതാവ് നീലിനെ കറുത്തവര്‍ഗക്കാര്‍ക്കായുള്ള സ്‌കൂളില്‍ ചേര്‍ത്തു.
സ്‌കൂളില്‍ പഠിക്കാന്‍ മിടുക്കനോ അനുസരണശീലമുള്ളവനോ ആയ വിദ്യാര്‍ഥിയായിരുന്നില്ല. പഠനത്തില്‍ ശ്രദ്ധിക്കാതെ മറ്റു കുട്ടികളെ ദ്രോഹിച്ചും അധ്യാപകരെ ചീത്ത വിളിച്ചും ചെറിയ മോഷണങ്ങള്‍ നടത്തിയും അവന്‍ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും തലവേദനയായി. അവന്റെ തെമ്മാടിത്തം നല്ലവളായ ഇംഗ്ലീഷ് അധ്യാപിക മില്‍ ഡ്രഡ് ഗ്രാഡിയെ പലപ്പോഴും കരയിച്ചിട്ടുപോലുമുണ്ട്.
മറ്റു വിദ്യാര്‍ഥികള്‍ അധ്യാപകരെ മിസ്സ് എന്നോ മിസ്റ്റര്‍ എന്നോ സര്‍ എന്നോ ആദരപൂര്‍വം വിളിച്ചപ്പോള്‍ നീല്‍ അധ്യാപകരെയും പേരു വിളിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്. താന്തോന്നിത്തത്തിന്റെ മൂര്‍ത്തരൂപമായിരുന്നു ആ വിദ്യാര്‍ഥി.


ഒരു ദിവസം ക്ലാസില്‍ കയറാതെ നീല്‍ സ്‌കൂള്‍ ഗ്രൗണ്ടിലൂടെ അലസമായി ചുറ്റിക്കറങ്ങുകയായിരുന്നു. ഇതിനിടയില്‍ അവന്‍ അറിയാതെ അവിടത്തെ ലൈബ്രറിയില്‍ കയറിപ്പോയി. കുട്ടികളുടെ ഉന്നമനത്തില്‍ ഏറെ ശ്രദ്ധാലുവായ ഇംഗ്ലിഷ് അധ്യാപിക മില്‍ ഡ്രഡ് ഗ്രാഡി വിദ്യാര്‍ഥികള്‍ക്കായി ഉണ്ടാക്കിയതായിരുന്നു ആ ലൈബ്രറി.
ലൈബ്രറിയിലൂടെ അലസമായും അലക്ഷ്യമായും നടക്കുന്നതിനിടയില്‍ ഒരു പുസ്തകം നീലിന്റെ ശ്രദ്ധയില്‍പ്പെട്ടു. അലസമായി വസ്ത്രം ധരിച്ചു പുകവലിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രമുള്ള പുറംചട്ടയോടു കൂടിയതായിരുന്നു ആ പുസ്തകം. ആ പുസ്തകത്തോട് എന്തോ ആകര്‍ഷണം അവനു തോന്നി.
ഫ്രാങ്ക് യെര്‍ബി എന്ന കറുത്ത വര്‍ഗക്കാരന്‍ എഴുതിയ 'ദ ട്രഷര്‍ ഓഫ് പ്ലസന്റ് വാലി'എന്ന നോവലായിരുന്നു അത്. താന്‍ പുസ്തകം വായിച്ചുവെന്നു നാലാള്‍ അറിഞ്ഞാല്‍ നാണക്കേടാണെന്നു നീലിനു തോന്നി. അതുകൊണ്ടു ചോദിച്ചു വാങ്ങാന്‍ പറ്റില്ല. അതേസമയം അതു വായിക്കുകയും വേണം.
പുസ്തകം കട്ടെടുത്ത് ഷര്‍ട്ടിനടിയില്‍ ഒളിപ്പിച്ചു വീട്ടിലേയ്ക്കു കൊണ്ടുപോകുകയാണ് നീല്‍ ചെയ്തത്. വീട്ടിലെത്തി ഗോപ്യമായി പുസ്തകം വായിച്ചു. വായന മുന്നോട്ടു നീങ്ങുന്നതോടെ നീല്‍ മറ്റൊരാളായി പരിണമിക്കുകയായിരുന്നു.


അതിലെ ഓരോ വരിയും അവനില്‍ അനിര്‍വചനീയമായ അനുഭൂതിയുളവാക്കി. പുസ്തകം വായിച്ചു തീര്‍ന്നത് അവന്‍ അറിഞ്ഞതേയില്ല. വായിച്ചു തീര്‍ന്ന പുസ്തകം ആരും കാണാതെ അവന്‍ ലൈബ്രറിയില്‍ യഥാസ്ഥാനത്തു കൊണ്ടുവച്ചു.
അപ്പോള്‍ മറ്റൊരു പുസ്തകം അവന്റെ കണ്ണിലുടക്കി. ഫ്രാങ്ക് യെര്‍ബിയുടെ കൃതിയായിരുന്നു അത്. അതും അവന്‍ മോഷ്ടിച്ചു കൊണ്ടുപോയി വായിച്ചു. ആദ്യ കൃതിയെപ്പോലെ അതും അവനെ ഗാഢമായി ആകര്‍ഷിച്ചു. അതും അവന്‍ ആരുമറിയാതെ തിരിച്ചുകൊണ്ടുവച്ചു. അപ്പോഴും കണ്ണിലുടക്കി യെര്‍ബിയുടെ തന്നെ മറ്റൊരു പുസ്തകം.
നാലു പുസ്തകങ്ങള്‍ വായിച്ചതോടെ വായനയുടെ സുഖമെന്തെന്നു നീല്‍ അറിഞ്ഞു. പിന്നെ വായനയോടു വായന തന്നെ. ആല്‍ബെര്‍ട്ട് കമ്യു ഉള്‍പ്പെടെയുള്ളവരുടെ ഗഹനവും അതേസമയം വിശ്വവിഖ്യാതവുമായ രചനകള്‍ പോലും നീല്‍ ആര്‍ത്തിയോടെ വായിച്ചു.


വര്‍ത്തമാനപത്രങ്ങളും ആനുകാലികങ്ങളും മാസികകളുമെല്ലാം ആവേശത്തോടെ വായിച്ചു തള്ളി. വായന നീലിന്റെ മുമ്പില്‍ പുതിയൊരു ലോകം തുറന്നു, അവനെ മറ്റൊരാളാക്കി. പഴയ തെമ്മാടിത്തരങ്ങളെല്ലാം മാറി നല്ല കുട്ടിയായി. നിരന്തരമായ പരീക്ഷകളില്‍ തോറ്റ അവന്‍ നല്ല നിലയില്‍ വിജയിക്കാന്‍ തുടങ്ങി.
പടവുകള്‍ ഓരോന്നു കയറിക്കയറി നിയമബിരുദധാരിയായി, നിയമജ്ഞനായി. 1991ല്‍ അര്‍ക്കന്‍സാസിലെ ആദ്യ കറുത്തവര്‍ഗക്കാരനായ ജില്ലാ പ്രോസിക്യൂഷന്‍സ് അറ്റോര്‍ണിയായി. തുടര്‍ന്ന് അവിടെത്തന്നെ ജഡ്ജിയായി.
ഇവിടെ അവസാനിക്കുന്നില്ല നീലിന്റെ ഈ ചിന്തോദ്ദീപകമായ ജീവിതകഥ.
വര്‍ഷങ്ങള്‍ പിന്നിട്ടു. നീല്‍ നിയമവൃത്തിയില്‍ വ്യാപൃതനായ കാലം. അവന്‍ പഠിച്ച സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടന്നു. ആ ചടങ്ങില്‍ അധ്യാപികയായ ഗ്രാഡി ഇപ്രകരം പറഞ്ഞു: ''ലൈബ്രറിയില്‍ നിന്നു നീല്‍ ആദ്യമായി പുസ്തകം മോഷ്ടിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. കൈയോടെ പിടികൂടിയാല്‍ അവന്റെ ആത്മാഭിമാനത്തിനു ക്ഷതമേല്‍ക്കുമെന്നതിനാല്‍ വെറുതെ വിടുകയായിരുന്നു.''
ആ അധ്യാപിക ഒരു രഹസ്യം കൂടി പറഞ്ഞു. ആദ്യ പുസ്തകം ആരും കാണാതെയെടുത്ത നീലില്‍ വായനാതാല്‍പ്പര്യം ഉണ്ടാക്കാന്‍ താനാണ് യെര്‍ബിയുടെ പുസ്തകം തേടിപ്പിടിച്ച് ലൈബ്രറിയില്‍ വച്ചതെന്നും അവര്‍ പറഞ്ഞു.


'ദ ട്രഷര്‍ ഓഫ് പ്ലസന്റ് വാലി' നീല്‍ മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗ്രാഡി പിറ്റേ ശനിയാഴ്ച യെര്‍ബിയുടെ കൃതിക്കായി മെംഫിസിലേക്ക് 70 മൈല്‍ കാറോടിച്ചു പോയി ഏറെ അന്വേഷിച്ചാണു പുസ്തകം തരപ്പെടുത്തിയിരുന്നത്. പിറ്റേയാഴ്ച നീല്‍ ആ പുസ്തകം എടുക്കുന്നതു കണ്ടപ്പോള്‍ അടുത്തയാഴ്ചത്തേക്കുള്ള പുസ്തകം തേടി ഗ്രാഡി മെംഫിസിലേക്ക് വീണ്ടും പോയി. സ്വന്തം കൈയില്‍ നിന്നു പണം ചെലവഴിച്ചായിരുന്നു യാത്രയും പുസ്തകം വാങ്ങലും.
തന്നെ കരയിക്കുകയും മറ്റു കുട്ടികളുടെ മുന്നില്‍വച്ചു പരസ്യമായി അപമാനിക്കയും ചെയ്ത വികൃതിക്കുട്ടിയെ നേര്‍ വഴിയിലെത്തിക്കാനുള്ള താല്‍പ്പര്യം കൊണ്ടാണ് താന്‍ അതു ചെയ്തതെന്നും ഗ്രാഡി പറഞ്ഞു. സദസ്സിലിരുന്ന നീല്‍ ആശ്ചര്യം കൊണ്ട് ഞെട്ടിപ്പോയി.
പുസ്തകങ്ങള്‍ നമ്മെ നേര്‍മാര്‍ഗത്തിലേയ്ക്കു നയിക്കുമെന്ന ഗുണപാഠമാണ് ഈ കഥയിലുള്ളത്. അതുകൊണ്ട് ജീവിതയാത്രയില്‍ വെറുതെ സമയം കളയാതെ വായനയില്‍ വ്യാപൃതരാവാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണം. വിജ്ഞാന സമ്പാദനത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ് പുസ്തക വായന. നിരന്തരമായ വായനയിലൂടെ അറിവു വര്‍ധിപ്പിക്കാന്‍ കഴിയും.


പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കുന്ന അറിവിനു പരിധിയുണ്ട്. കൂടുതല്‍ അറിവു ലഭിക്കണമെങ്കില്‍ കൂടുതല്‍ ഗ്രന്ഥങ്ങള്‍ വായിക്കണം. വിജ്ഞാനസാഗരത്തില്‍ സഞ്ചരിക്കാനുള്ള കപ്പലാണു പുസ്തകം. ആ കപ്പലില്‍ യാത്ര ചെയ്യുന്നവനു ജീവിതം അനായാസം തരണം ചെയ്യാന്‍ കഴിയും.
ഗ്രന്ഥവായനയിലൂടെ മാത്രമേ മനുഷ്യന് പൂര്‍ണത കൈവരിക്കാന്‍ കഴിയൂ. 'വായന മനുഷ്യനെ പൂര്‍ണനാക്കുന്നു'വെന്ന ഫ്രാന്‍സിസ് ബേക്കന്റെ വാക്കുകളുടെ പൊരുളതാണ്.
സര്‍ റിച്ചാര്‍ഡ് സ്റ്റീല്‍ പറഞ്ഞു: 'ശരീരത്തിന് വ്യായാമം പോലെയാണ് മനസ്സിനു വായന'. ശരീരത്തിന് വ്യായാമം അനിവാര്യമാണ്. വ്യായാമം ചെയ്യുന്ന ശരീരം എന്നും ഊര്‍ജസ്വലമായിരിക്കും. മനസ്സിനു നല്‍കാന്‍ കഴിയുന്ന വ്യായാമം വായനയാണ്. വായിക്കുന്ന മനസ്സ് എന്നും ഊര്‍ജസ്വലമായിരിക്കും.
പുസ്തകങ്ങളെ സ്‌നേഹിക്കുക അവ ജീവിതം സുഖകരമാക്കാനും കെട്ടുപിണഞ്ഞു കിടക്കുന്ന എണ്ണമറ്റ വിചാരങ്ങളിലൂടെ ശരിയായ വഴി കണ്ടെത്താനും സഹായിക്കുമെന്നാണു മാക്‌സിം ഗോര്‍ക്കി നിരീക്ഷിച്ചത്.
നല്ല പുസ്തകങ്ങള്‍ മാത്രം വായിക്കുക. ഉത്തമഗ്രന്ഥങ്ങള്‍ ഉത്തമചിന്തയുണ്ടാക്കും. ചീത്തഗ്രന്ഥങ്ങള്‍ ചിന്തയെ വൈകല്യത്തിലേയ്ക്കും നിരീശ്വരത്വത്തിലേയ്ക്കും അശ്ലീലതയിലേയ്ക്കും അധര്‍മത്തിലേയ്ക്കും നയിക്കും. സദാചാര ബോധത്തെ സംസ്‌കരിക്കുന്നതും ജീവിതചര്യകളെ ക്രമീകരിക്കുന്നതും സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുന്നതും ജീവിതത്തില്‍ ഉപകരിക്കുന്നതുമായ ഗ്രന്ഥങ്ങള്‍ മാത്രം വായിക്കുക.
ലോക പുസ്തക ദിനമായ ഇന്നു ഇംഗ്ലീഷ് സാഹിത്യലോകത്തെ അതുല്യ പ്രതിഭയായിരുന്ന വില്യം ഷേക്‌സ്പിയറുടെ ജന്മദിനം കൂടിയാണ്. മികവാര്‍ന്ന കൃതികളിലൂടെ ഇംഗ്ലീഷ് സാഹിത്യത്തെ സമ്പന്നമാക്കിയ വ്യക്തിയാണു ഷേക്‌സ്പിയര്‍. എഴുത്തിനെയും വായനയെയും അതിരറ്റു സ്‌നേഹിച്ച ഷേക്‌സ്പിയര്‍ ഒരിക്കല്‍ പറഞ്ഞു: 'എന്റെ ഗ്രന്ഥാലയമത്രേ എനിക്കു സാമ്രാജ്യം.'


പുസ്തകവായനയിലൂടെ അറിവിന്റെ അനന്ത സാധ്യതകള്‍ ലോക ജനതയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് 1995 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ കീഴ്ഘടകമായ യുനെസ്‌കോ ഏപ്രില്‍ 23 ലോകപുസ്തകദിനമായി ആചരിക്കാന്‍ തുടങ്ങിയത്. സമൂഹമാധ്യമങ്ങളുടെ അതിപ്രസരം മൂലം പുസ്തകങ്ങളും വായനയും മരിക്കുന്നുവെന്ന ആക്ഷേപങ്ങള്‍ ഉയരുന്ന ഈ കാലഘട്ടത്തില്‍ ഈ ദിനത്തിന് ഏറെ പ്രസക്തിയുണ്ട.്
വിശുദ്ധ ഖുര്‍ആന്റെ അവതരണം തന്നെ ' സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക ' (96:1) എന്ന ആഹ്വാനത്തോടെയാണ്. ഇതില്‍ നിന്നു വായനയുടെ മഹത്വം എത്ര വലുതാണെന്ന് സ്പഷ്ടമാണ്.
വിഖ്യാത ചിന്തകനായ ക്ലാരന്‍ സ്‌ഡെ പുസ്തകങ്ങളെ നിരീക്ഷിച്ചത് ഇപ്രകാരമാണ്: 'പുസ്തകങ്ങളുടെ ലോകം ഏറ്റവും ഉദാത്തമായ സൃഷ്ടിയാണ്. മനുഷ്യന്‍ നിര്‍മിക്കുന്ന ഒന്നും എന്നെന്നും നിലനില്‍ക്കുന്നില്ല. സ്മാരകങ്ങള്‍ തകര്‍ന്നടിയുന്നു. രാഷ്ട്രങ്ങള്‍ നശിക്കുന്നു. സംസ്‌കാരങ്ങള്‍ പഴഞ്ചനാവുകയും ചരമമടയുകയും ചെയ്യുന്നു. ഇരുള്‍ മൂടിയ കാലഘട്ടത്തിന് ശേഷം പുതിയ മനുഷ്യവര്‍ഗങ്ങള്‍ പുതിയ സംസ്‌കാരങ്ങളും മറ്റും നിര്‍മിക്കുന്നു. എന്നാല്‍ പുസ്തകങ്ങളുടെ ലോകം വേറിട്ടതാകുന്നു. പുതുതായി സംഭവിച്ചുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ പുസ്തകങ്ങളില്‍ കാണാം. അത് എഴുതിയ ദിവസം പോലെ തന്നെ എന്നും പുത്തനായും നവീനമായും പുസ്തകങ്ങള്‍ ജീവിക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മനുഷ്യഹൃദയങ്ങളോട് പുസ്തകത്തിലെ വരികള്‍ സംവദിക്കുന്നു.'


കംപ്യൂട്ടറും ഇന്റര്‍നെറ്റും സമൂഹമാധ്യമങ്ങളും ലോകം അടക്കി ഭരിക്കുമ്പോള്‍ വായനയും പുസ്തകങ്ങളും ഒരിക്കലും മരിക്കാന്‍ പാടില്ല. വായിച്ചാല്‍ മാത്രമേ നാം വളരൂ.
കുഞ്ഞുണ്ണി മാഷ് പറഞ്ഞു: 'വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും.'
ഗാന്ധിജി പറഞ്ഞു: 'നല്ല പുസ്തകങ്ങള്‍ പരിധിയില്ലാത്ത നന്മയുടെ ചക്രവാളങ്ങളാണ്.'
തോമസ് കാര്‍ലൈന്‍ പറഞ്ഞു: 'ഗ്രന്ഥശേഖരമാണ് ഇന്ന് യഥാര്‍ഥ സര്‍വകലാശാല.'

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  4 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  4 days ago