കോണ്‍ഗ്രസിന് 10 കാര്യങ്ങള്‍ അനുകൂലം/ കുഴക്കുന്നത് ഒറ്റ ചോദ്യം
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ കോണ്‍ഗ്രസ് ജന. സെക്രട്ടറി പ്രിയങ്ക ഗാന്ധിയെത്തുമോ? തീരുമാനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാകും. വാരണാസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ തുടങ്ങിയിട്ടുണ്ട്. ഈ മാസം 29 ആണ് പത്രിക സമര്‍പ്പിക്കേണ്ട അവസാനതിയതി.
അതിനാല്‍ പ്രിയങ്ക വാരണാസിയില്‍ അങ്കത്തിന് ഇറങ്ങുന്നുണ്ടെങ്കില്‍ 29നു മുന്‍പ് പത്രിക നല്‍കേണ്ടതുണ്ട്. അന്തിമതീരുമാനം രണ്ടുദിവസത്തിനുള്ളില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ വയനാട്ടില്‍നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വാരണാസിയില്‍ മോദിക്കെതിരേ രാഹുലിന്റെ സഹോദരി പ്രിയങ്ക ഗാന്ധി പോരിനിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നത്. വാരണാസിയില്‍ മത്സരിക്കാന്‍ താല്‍പ്പര്യം ഉണ്ടെന്ന് പ്രിയങ്ക പരസ്യമായി അറിയിച്ചിട്ടുണ്ട്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്, അതായത് പ്രിയങ്കയുടെ സഹോദരന്‍ രാഹുലും അമ്മ സോണിയയും ഉള്‍പ്പെടുന്ന ഹൈക്കമാന്‍ഡ്.
വാരണാസി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളാണുള്ളത്. 'യു.പി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു' എന്ന തത്വമുള്ളതിനാല്‍ കരുതലോടെയാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ 80ല്‍ 72 മണ്ഡലങ്ങളിലും എന്‍.ഡി.എയാണ് വിജിച്ചത്. സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുലിന്റെ അമേത്തിയിലും മാത്രമാണ് കോണ്‍ഗ്രസിനു വിജയിക്കാനായത്.
സംസ്ഥാനത്ത് ശക്തമായ അടിവേരുകളുള്ള ബി.എസ്.പിയും എസ്.പിയും നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍നിന്നു മാറി നിന്ന് തനിച്ചാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സഖ്യത്തോടൊപ്പമില്ലെങ്കിലും പലയിടത്തും അവരുമായി 'സൗഹൃദ'മത്സരത്തിലാണ് കോണ്‍ഗ്രസ്. യു.പിയില്‍ പ്രിയങ്കയെ മുന്നില്‍ നിര്‍ത്തി കടുത്ത പ്രചാരണമാണ് നടത്തുന്നതെങ്കിലും പ്രസംഗങ്ങളില്‍ ഒരിടത്തും എസ്.പി- ബി.എസ്.പി നേതൃത്വത്തിലുള്ള സഖ്യമായ മഹാഗഡ്ബന്ധനെ കോണ്‍ഗ്രസ് ലക്ഷ്യംവയ്ക്കുന്നില്ല.
ബി.ജെ.പിയെ ലക്ഷ്യംവച്ചുള്ള പ്രസംഗം മാത്രമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുള്ളത്. ബി.എസ്.പിയുമായുള്ള ധാരണപ്രകാരം വാരണാസി എസ്.പിയുടെ സീറ്റാണ്. എന്നാല്‍, ഇതുവരെ ഇവിടെ എസ്.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
2022ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പാണ് പ്രിയങ്കയുടെ വരവിന്റെ ലക്ഷ്യം. മുഖ്യമന്ത്രിപദത്തില്‍ കണ്ണുള്ള എസ്.പിയുടെ അഖിലേഷ് യാദവിനും ബി.എസ്.പിയുടെ മായാവതിക്കും ഇക്കാര്യം വ്യക്തമായി അറിയാം. വാരണാസിയില്‍ വിജയിക്കുകയോ ശക്തമായ മത്സരം നടത്തുകയോ ചെയ്താല്‍ പ്രിയങ്കയുടെ ഗ്രാഫ് കുത്തനെ ഉയരും.
ഇത് എസ്.പിയും ബി.എസ്.പിയും ശരിക്കും ഭയക്കുന്നുണ്ട്. മോദിക്കെതിരേ മത്സരിച്ച് പ്രിയങ്ക യു.പിക്കാരുടെ പ്രിയങ്കരിയാവുന്നത് ബി.ജെ.പിയെപ്പോലെ തന്നെ എസ്.പിയും ബി.എസ്.പിയും ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസിനും അറിയാം.
അതിനാല്‍ പ്രിയങ്ക സ്ഥാനാര്‍ഥിയാവുകയാണെങ്കില്‍ എസ്.പിയും ബി.എസ്.പിയും വാരണാസിയിലും പുറത്തും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുമോയെന്നും പാര്‍ട്ടിക്ക് ആശങ്കയുണ്ട്. വാരണാസിയില്‍ പ്രിയങ്ക മത്സരിക്കണമെന്ന് രാഹുലിനും സോണിയക്കും ആഗ്രഹവുമുണ്ടെങ്കിലും എസ്.പിയുടെയും ബി.എസ്.പിയുടെയും പ്രതികരണം ഏതുവിധത്തിലാവുമെന്ന ഭയമാണ് അന്തിമതീരുമാനം എടുക്കാന്‍ പാര്‍ട്ടിയെ കുഴക്കുന്നത്.
എന്നാല്‍, പ്രിയങ്കയെ നിര്‍ത്തുന്നതിന് കോണ്‍ഗ്രസിന് ഒരൊറ്റ ആശങ്കയേയുള്ളൂവെങ്കില്‍ അവര്‍ക്കനുകൂലമായി പത്തു കാരണങ്ങളാണുള്ളത്. ആ കാരണങ്ങള്‍ ഇവയാണ്:
1- വയനാട് പോലുള്ള കോട്ടയില്‍ വന്ന് മത്സരിക്കുന്നതിലൂടെ ബി.ജെ.പിയെ അവരുടെ മടയില്‍ പോയി നേരിടാന്‍ കോണ്‍ഗ്രസിനു ഭയമാണെന്ന എതിര്‍കക്ഷികളുടെ പ്രചാരണത്തെ മറികടക്കാന്‍ വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വത്തിനു കഴിയും. ബി.ജെ.പിയുടെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന മോദിയെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ പോയി നേരിടാന്‍ കോണ്‍ഗ്രസിലെ ഗ്ലാമര്‍മുഖമായ പ്രിയങ്കയെ ചുമതലപ്പെടുത്തുന്നത് പാര്‍ട്ടിക്കു ദേശീയതലത്തിലും കരുത്തേകും. സുരക്ഷിതമണ്ഡലം തേടി വയനാട്ടില്‍ പോയെന്ന പ്രചാരണം രാഹുലിന്റെ രണ്ടാം മണ്ഡലമായ അമേത്തിയില്‍ ഉയരുകയാണെങ്കില്‍ വാരണാസിയിലെ പ്രിയങ്കയുടെ വരവിലൂടെ ഈ ആരോപണത്തെ മറികടക്കാനും കോണ്‍ഗ്രസിനു കഴിയും.
2. പ്രിയങ്കയുടെ സാന്നിധ്യം മത്സരം കടുത്തതാക്കും. അതു മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ മോദിയെ നിര്‍ബന്ധിപ്പിക്കും. അതു മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂളിനെയും മറ്റുമണ്ഡലങ്ങളിലെ മോദിയുടെ പ്രചാരണത്തെയും ബാധിക്കും.
3. 3.37 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞതവണ എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ വാരണാസിയില്‍ മോദി പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേതു പോലെ ബി.ജെ.പി വിരുദ്ധ വോട്ടുകളില്‍ പിളര്‍പ്പുണ്ടാവാനുള്ള സാധ്യതയില്ലാത്തതിനാല്‍ ഇക്കുറി മോദിയുടെ ഭൂരിപക്ഷം കുറയാനിടയുണ്ട്. അതും പ്രിയങ്കക്ക് അനുകൂലഘടകമാണ്. ഈ സാഹചര്യത്തില്‍ വിജയിക്കുന്നതിനൊപ്പം ഭൂരിപക്ഷം നിലനിര്‍ത്താനും മോദിക്കു ശ്രമിക്കേണ്ടിവരും.
4. പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ ബി.ജെ.പി നേതാക്കളുടെ ഭാഗത്തുനിന്ന് സ്ത്രീവിരുദ്ധമോ അവഹേളനപരമോ ആയ പരാമര്‍ശങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതിനകം തന്നെ പ്രിയങ്കയെ കുറിച്ചു ചില ബി.ജെ.പി നേതാക്കള്‍ ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിക്കഴിഞ്ഞു. വാരണാസിയില്‍ എതിര്‍സ്ഥാനാര്‍ഥിയായ പ്രിയങ്കയ്‌ക്കെതിരേ അവഹേളനപരമായ പരാമര്‍ശങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് മോദിക്കു തിരിച്ചടിയാവും.
5. രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധി പുതുമുഖമാണ്. പുതുമുഖങ്ങള്‍ക്കെതിരേ, അത് ബംഗാളിലാവട്ടെ, ഡല്‍ഹിയിലാവട്ടെ, തെലങ്കാനയിലാവട്ടെ ആവനാഴിയിലെ സര്‍വ അസ്ത്രങ്ങളും ഉപയോഗിച്ച് ബി.ജെ.പി നേരിട്ടപ്പോഴൊക്കെ പാര്‍ട്ടിക്ക് അടിതെറ്റുകയാണുണ്ടായത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം മോദി നേരിട്ടു നടത്തുകയും നിരവധി കേന്ദ്രമന്ത്രിമാരും നൂറോളം എം.പിമാരും അണിനിരന്നിട്ടും ആകെയുള്ള 70 സീറ്റില്‍ 67ലും എ.എ.പി എന്ന നവരാഷ്ട്രീയ പാര്‍ട്ടിയോട് ബി.ജെ.പി പരാജയപ്പെട്ടു. 2014ലെ തെരഞ്ഞെടുപ്പില്‍ 31 സീറ്റ് ലഭിച്ചിരുന്നിടത്താണ് ഈ പരാജയം.
6. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ ബി.ജെ.പിയുടെ കരുത്തരായ നേതാക്കളാവും പ്രിയങ്കയ്‌ക്കെതിരേ പ്രചാരണത്തില്‍ അണിനിരക്കുക. ഇവരുടെ സംഘടിത ആക്രമണം പ്രിയങ്കയോട് സഹാനുഭൂതിയുണ്ടാക്കും. നേരത്തെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്കെതിരേ ആരോപണങ്ങള്‍, വ്യക്തിഹത്യയിലേക്കു മാറാനും സാധ്യതയുണ്ട്. ഇതും പ്രിയങ്കക്കു ഗുണം ചെയ്യും. മത്സരത്തില്‍ പരാജയപ്പെട്ടാലും കാറ്റിന്റെ ഗതിമാറ്റാനുള്ള ശേഷിയുള്ള നേതാവായി പ്രിയങ്ക ദേശീയരാഷ്ട്രീയത്തില്‍ ഉയരും.
7. ഇനി പ്രിയങ്കയെ അവഗണിച്ച്, ശക്തമായ പ്രചാരണത്തിലൂടെ അവര്‍ക്ക് ജനശ്രദ്ധ നല്‍കേണ്ടെന്നു തീരുമാനിച്ചാലും അതും ബി.ജെ.പിക്കു ഗുണംചെയ്യില്ല. മോദിയുടെ പ്രധാന എതിര്‍സ്ഥാനാര്‍ഥിയെന്ന നിലക്കും ഗ്ലാമര്‍ രാഷ്ട്രീയനേതാവ് എന്ന നിലയ്ക്കും പ്രിയങ്കയ്ക്ക് മാധ്യമങ്ങളില്‍ സ്ഥാനം ലഭിക്കും.
8. പ്രിയങ്ക ആദ്യം പത്രിക സമര്‍പ്പിക്കുകയാണെങ്കില്‍ മോദിക്കു പിന്നെ വാരണാസിയില്‍ മത്സരിക്കുകയല്ലാതെ വേറെ നിര്‍വാഹമില്ല. പ്രിയങ്കയുടെ സാന്നിധ്യം വിജയസാധ്യതയെ ബാധിക്കുന്നതിനാല്‍ മറ്റൊരിടത്ത് മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മോദിക്കു സമയവും ലഭിക്കില്ല.
9. ഇനി രണ്ടാമതൊരു മണ്ഡലത്തില്‍ മോദി മത്സരിക്കുകയാണെങ്കില്‍ അത് ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടും. തന്റെ കര്‍മഭൂമിയില്‍നിന്ന് പരാജയഭീതിമൂലം മോദി സുരക്ഷിതമണ്ഡലത്തിലേക്കു പോവുകയാണെന്ന എതിര്‍ പ്രചാരണം കോണ്‍ഗ്രസ് നടത്തും. അതു വാരണാസിയിലെ മോദിയുടെ സാധ്യതകളെ കൂടുതല്‍ ബാധിക്കും. പ്രിയങ്കയുടെ സാന്നിധ്യം മോദിയില്‍ ഭീതിയുണ്ടാക്കിയെന്ന പ്രചാരണവും ഉയരും. അതും പ്രിയങ്കയ്ക്കു കരുത്താകും.
10. പ്രിയങ്കയുടെ വരവ് മണ്ഡലത്തിലെ ബി.ജെ.പിയുടെ വോട്ട് ബാങ്കായ മേല്‍ജാതി ഹിന്ദുവോട്ട് ബാങ്കുകളില്‍ പിളര്‍പ്പുണ്ടാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."