മാലിന്യ പരിപാലനം: കുട്ടികള്‍ക്ക് പരിശീലനവുമായി 'പെന്‍സില്‍' ക്യാംപ്
കല്‍പ്പറ്റ: പരിസരശുചിത്വത്തിന് പ്രാധാന്യം നല്‍കി പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തയാറാകാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും രംഗത്ത്.
ഹരിതകേരളം മിഷന്റെ ഭാഗമായി സമഗ്ര ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കിയ മാലിന്യ സംസ്‌കരണ ഉപാധികളെക്കുറിച്ച് പഠിക്കാനും മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്താനുമാണ് മെയ് മാസം 'പെന്‍സില്‍' എന്ന പേരില്‍ അവധിക്കാല ക്യാംപുകള്‍ സംഘടിപ്പിക്കുന്നത്.
ഹരിതകേരളം മിഷന്‍, കില, കുടുംബശ്രീ, ആരോഗ്യവകുപ്പ്, ശുചിത്വ മിഷന്‍ എന്നിവ സംയുക്തമായാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. ഒരു വാര്‍ഡിലെ 7, 8, 9 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ കുടുംബശ്രീ ബാലസഭ മുന്‍കൂട്ടി കണ്ടെത്തണം. രണ്ടു ദിവസത്തെ ക്യാംപില്‍ പാഴ്‌വസ്തുക്കളില്‍ നിന്ന് കൗതുക വസ്തുക്കള്‍ ഉണ്ടാക്കല്‍, മാലിന്യ സംസ്‌കരണ ഉപാധികള്‍ പരിചയപ്പെടല്‍, ഹരിത നിയമങ്ങള്‍ മനസ്സിലാക്കല്‍, ഫീല്‍ഡ് വിസിറ്റ്, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള വിഡിയോ പ്രദര്‍ശനം, പ്രദേശത്തെ മാലിന്യ പരിപാലന അവസ്ഥയെക്കുറിച്ചുള്ള തല്‍സ്ഥിതി റിപ്പോര്‍ട്ടിങ്, നിവേദനം തയാറാക്കി അധികാരികള്‍ക്ക് കൈമാറല്‍ എന്നീ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അജൈവ മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും, പുനരുപയോഗിക്കാനും പുനചംക്രമണത്തിനായി മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നതില്‍ ശീലമുണ്ടാക്കാനും വലിച്ചെറിയല്‍ സംസ്‌കാരത്തിന് അറുതിവരുത്താനുമുള്ള ബോധവല്‍ക്കരണമാണ് ക്യാംപ് ലക്ഷ്യമിടുന്നത്. ജൈവ മാലിന്യങ്ങള്‍ പരമാവധി ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനുള്ള ഉപാധികള്‍ വിദ്യാര്‍ഥികള്‍ മനസിലാക്കി വീട്ടിലും വിദ്യാലയത്തിലും പ്രാവര്‍ത്തികമാക്കുമ്പോള്‍ പരിസര ശുചിത്വം ഉറപ്പുവരുത്താം. ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് രണ്ടു ദിവസങ്ങളിലായി പരിശീലനം നല്‍കും. നഗരസഭകളില്‍ നിന്ന് മൂന്നുപേരും പഞ്ചായത്തുകളില്‍ നിന്ന് രണ്ടുപേര്‍ വീതവുമാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. ബ്ലോക്ക് തല പരിശീലനങ്ങള്‍ മെയ് 2, 3, 4, 5 തിയതികളില്‍ അതാത് ബ്ലോക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കും. വാര്‍ഡ് തല ക്യാംപുകളില്‍ 50 കുട്ടികള്‍ക്കായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രസ്തുത ക്യാംപയിനില്‍ രണ്ടുലക്ഷം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനാണ് ഹരിതകേരളം മിഷന്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."