ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത് സഊദി ഒറ്റക്കല്ലെന്ന് മക്ക ഗവര്‍ണര്‍
ജിദ്ദ: വിദേശ രാജ്യങ്ങളുടെ ഹജ് ക്വാട്ട നിശ്ചയിക്കുന്നത് സഊദി ഒറ്റക്കല്ലെന്ന് മക്ക ഗവര്‍ണറും സഊദി ഹജ്ജ് സെന്‍ട്രല്‍ കമ്മിറ്റി അധ്യക്ഷനുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍. മിനായില്‍ മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ ഓപ്പറേഷന്‍ വഴി മുസ്‌ലിം രാജ്യങ്ങള്‍ കൂട്ടായാണ് ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത്. ഓരോ രാജ്യത്തെയും മുസ്‌ലിം ജനസംഖ്യയില്‍ ആയിരം പേര്‍ക്ക് ഒരു ഹജ്ജ് വിസ എന്നതാണ് ഹജ്ജ് ക്വാട്ടയുടെ അടിസ്ഥാനം.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനം പ്രശ്‌നരഹിതമായി പര്യാവസാനിച്ചതായി സഊദി ഭരണകൂടം വിലയിരുത്തി. ഹജ്ജ് കര്‍മങ്ങള്‍ യാതൊരുവിധ പ്രശ്‌നങ്ങളും പ്രതിസന്ധികളുമില്ലാതെ പര്യവസാനിപ്പിക്കാനായതായി മക്ക ഗവര്‍ണര്‍ പറഞ്ഞു. തീര്‍ഥാടകര്‍ക്ക് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിന് രണ്ടര ലക്ഷം സുരക്ഷാ സേനാംഗങ്ങളെയാണ് മക്കയിലും പുണ്യ നഗരികളിലുമായി നിയോഗിച്ചിരുന്നത്. വിവിധ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലുമായി 32,000 ഡോക്ടര്‍മാരും സേവന രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇരു ഹറമുകളുടെയും വികസന പദ്ധതികളുമായി ബന്ധപ്പെട്ട് 'സ്മാര്‍ട്ട് ഹജ്ജ്' എന്ന പദ്ധതി ഒരുക്കാനാണ് സഊദി ഭരണകൂടത്തിന്റെ അടുത്ത പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ സൗകര്യങ്ങളോടെ അരക്കോടി ഹാജിമാരെ ഉള്‍കൊള്ളുകയാണ് ലക്ഷ്യം. സ്മാര്‍ട്ട് ഹജ്ജ് പദ്ധതിയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങളുടെ തുടക്കം അടുത്ത വര്‍ഷം ആരംഭിക്കും. അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ അടുത്തായാഴ്ച മുതല്‍ സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഹജ്ജ് കാലത്തെ നിയമ ലംഘനം തടയുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഖത്തര്‍ പൗരന്മാരെ സഊദി തടയുന്നുവെന്ന വാദം തെറ്റാണെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു ഹജ്ജ് വേളയിലെ ഖത്തരികളുടെ സാന്നിധ്യം. ഖത്തര്‍ അനുവദിച്ചിരുന്നെങ്കില്‍ സഊദി വിമാനം അവരെ സ്വീകരിക്കുമായിരുന്നു. എന്നാല്‍, എല്ലാ മേഖലകളിലും ഖത്തര്‍ ഭരണകൂടം പൗരന്മാരെ ഹജ്ജിനെത്തുന്നത് തടയാനാണ് ശ്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ഹജ് സേവന മേഖല.ില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."