കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി: അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാന ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം മാത്രം. വ്യോമായാന മന്ത്രാലയമാണ് കരിപ്പൂരില്‍ അപകടം നടന്ന തൊട്ടുടുത്ത ദിവസം മുതല്‍ വലിയ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത്‌അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്. നേരത്തെ തന്നെ കരിപ്പൂരിനെ അവഗണിക്കാനും തളര്‍ത്താനും ഒരുമ്പിട്ടിറങ്ങിയവര്‍ തന്നെയാണിതിനു പിന്നുലുമെന്നാണ് ഉയരുന്ന സംശയവും.
ഇതോടെ സഊദി എയര്‍ലെന്‍സ്, എയര്‍ഇന്ത്യയുടെ ജംബോ വിമാനങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ലാതെയായി.
കഴിഞ്ഞ ഏഴിനാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ദുബൈയില്‍ നിന്നുള്ള വിമാനം ലാന്‍ഡിങ്ങിനിടെ കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട് 19പേര്‍മരിച്ചത്. സംസ്ഥാന പൊലിസ് മുതല്‍ എയര്‍പോര്‍ട്ട് അതോറിറ്റിവരെയുളള വ്യത്യസ്ത സംഘങ്ങളാണ് അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
ഡി.ജി.സി,എ, എയര്‍ഇന്ത്യ എക്‌സപ്രസ്, വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എ.എ.ഐ.ബി)തുടങ്ങിയവരാണ് അന്വേഷണം നടത്തുന്നത്. അപകടത്തില്‍പ്പെട്ട വിമാനം നിര്‍മിച്ച കമ്പനിയായ ബോയിങ് അധികൃതരും, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ എയര്‍ട്രാഫിക് മാനേജ്‌മെന്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജെ.പി അലക്‌സ്, സി.എന്‍.എസ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ പാന്‍സിങ് എന്നിവരുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്.
എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടും പരിഗണിച്ചായിരിക്കും കരിപ്പൂരില്‍ വലിയ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കുക. അഞ്ചുമാസം കൊണ്ട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എ.എ.ഐ ബിയോട് നിര്‍ദേശിച്ചിട്ടുള്ളത്.. ഇതോടെ റിപ്പോര്‍ട്ട് അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും സമര്‍പ്പിക്കുക. ഇതിന് ശേഷമാവും വ്യോമയാന മന്ത്രാലയം വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി പരിഗണിക്കുക.
കരിപ്പൂരില്‍ 2015ല്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിനായി നിര്‍ത്തലാക്കിയ വലിയ വിമാനങ്ങള്‍ക്ക് പിന്നീട് മൂന്ന് വര്‍ഷത്തിന് ശേഷമാണ് അനുമതി നല്‍കിയത്. ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റണ്‍വേയും റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയും(റിസ)നവീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."