അംഗങ്ങള്‍ നാലിരട്ടി; എന്നിട്ടും പി.എസ്.സിയില്‍ പരാതികള്‍ക്ക് പഞ്ഞമില്ല
കല്‍പ്പറ്റ: കേരളത്തിലെ ലക്ഷകണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയായ പി.എസ്.സിയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അംഗങ്ങളുടെ എണ്ണത്തില്‍ നാലിരട്ടി വരെ കൂടുതലുണ്ടായിട്ടും പരാതികള്‍ക്കു പഞ്ഞമില്ല. ട്രിബ്യൂണലിലും ഹൈക്കോടതിയിലും സുപ്രിം കോടതിയിലുമുള്ള കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ഇതിന്റെ തെളിവാണ്. സര്‍ക്കാരിനു മുന്നിലെത്തുന്ന പരാതികളുടെ എണ്ണവും ഇക്കാലയളവില്‍ വര്‍ധിക്കുന്നത് ചൂണ്ടിക്കാണിക്കുന്നതും ഇതുതന്നെയാണ്. പി.എസ്.സിക്ക് മുന്നിലെത്തുന്നതും പരാതികളുടെ കൂമ്പാരമാണ്. എന്നാല്‍ ഈ പരാതികളൊന്നും പരിഹരിക്കാന്‍ പി.എസ്.സി ബോര്‍ഡിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.
കേരളത്തില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങളുള്ള ജംബോ കമ്മിഷന്‍ ഉണ്ടായിട്ടും കൃത്യമായി വിജ്ഞാപനം ചെയ്തു കുറ്റമറ്റ രീതിയില്‍ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പി.എസ്.സിക്ക് കഴിയുന്നില്ല. അഞ്ചും ആറും വര്‍ഷം കഴിഞ്ഞാണ് പല റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിക്കുന്നത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി സംബന്ധിച്ചും വ്യക്തമായ നയങ്ങളില്ല. ചിലതു പെട്ടെന്ന് റദ്ദാക്കുന്നു. ചിലതിന് പരമാവധി കാലയളവ് ലഭിക്കുന്നു. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് പി.എസ്.സിക്കെതിരേ ഉയര്‍ന്നു വരുന്നത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അംഗങ്ങളുടെ എണ്ണത്തില്‍ കേരളം ഇരട്ടിയോളം മുന്നിലാണ്. കര്‍ണാടക പി.എസ്.സിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ 11 അംഗങ്ങളും തമിഴ്‌നാട്ടില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് അംഗങ്ങളുമാണ് ഉള്ളത്. ആന്ധ്രാപ്രദേശില്‍ ഏഴ്, ബീഹാറില്‍ അഞ്ച് അംഗങ്ങളുമാണുള്ളത്. ഇന്ത്യയില്‍ സിവില്‍ സര്‍വിസ് ഉള്‍പ്പെടെയുള്ള പ്രധാന പരീക്ഷകള്‍ നടത്തുന്ന യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷനില്‍ ആകെ 11 അംഗങ്ങളാണുള്ളത്. കേരളത്തിലെ ജംബോ കമ്മിറ്റി സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്നതോടൊപ്പം പ്രവര്‍ത്തനങ്ങളെയും താളം തെറ്റിക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
ഇതിനു പുറമെയാണ് അപേക്ഷകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. ഒ.എം.ആര്‍ ഷീറ്റുകള്‍ വീണ്ടും പരിശോധിക്കുന്നതിന് റാങ്ക് ലിസ്റ്റ് പ്രാബല്യത്തില്‍ വന്ന തിയതി മുതല്‍ 45 ദിവസത്തിനകം 85 രൂപ ഫീസടക്കണം. ഒരു ദിവസം വൈകിയാല്‍ പോലും അപേക്ഷ സ്വീകരിക്കില്ല. എന്നാല്‍ പുനപരിശോധനയുടെ ഫലം ലഭിക്കാന്‍ ഒരു വര്‍ഷം കഴിയും. ഒ.എം.ആര്‍ ഉത്തരക്കടലാസിന്റെ (പാര്‍ട്ട് എ, പാര്‍ട്ട് ബി) ഫോട്ടോകോപ്പി ലഭിക്കാന്‍ റാങ്ക് പട്ടിക പ്രാബല്യത്തില്‍ വന്ന തിയതി മുതല്‍ 45 ദിവസത്തിനുള്ളില്‍ 335 രൂപ ഫീസ് അടച്ച് അപേക്ഷിക്കണം. 15 മാസം കഴിഞ്ഞേ ഒ.എം.ആര്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പ് ലഭിക്കൂ. ഇത്തരം വിഷയങ്ങളിലെല്ലാം പരാതികള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."