'ബൗണ്ടറി' കടക്കാന്‍ ഗംഭീറും ഇടിക്കൂട്ടില്‍ നിന്നെത്തി വിജേന്ദ്ര സിങ്ങും
ന്യൂഡല്‍ഹി: കപില്‍ സിബലിനെപ്പോലുള്ള കുലപതികള്‍ മത്സരത്തില്‍ നിന്നു മാറിനിന്ന രാജ്യതലസ്ഥാന നഗരിയില്‍ ഇക്കുറി താരത്തിളക്കത്തിന് ഒട്ടും കുറവില്ല. ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബി.ജെ.പിയുടെ കുപ്പായത്തിലെത്തുമ്പോള്‍ ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവ് വിജേന്ദ്ര സിങ് കോണ്‍ഗ്രസിനു വേണ്ടിയും മത്സരിക്കുന്നു.
ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച ഓപണര്‍മാരിലൊരാളായ ഗൗതം ഗംഭീറിനെ ഇക്കുറി ഈസ്റ്റ് ഡല്‍ഹിയിലെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് നിലനിര്‍ത്തുക എന്ന ഭാരിച്ച ദൗത്യമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അടുത്തിടെ വിരമിച്ച ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസമാണ് ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം എടുക്കും മുന്‍പ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ സംഘ്പരിവാര്‍ അനുകൂല നിലപാട് പരസ്യപ്പെടുത്തിയ താരമാണ് ഗംഭീര്‍. ഈസ്റ്റ് ഡല്‍ഹിയില്‍ ഗംഭീര്‍ പുതിയ ഇന്നിങ്‌സിന് തുടക്കമിടാന്‍ ക്രീസിലിറങ്ങുമ്പോള്‍ പക്ഷേ, കനത്ത വെല്ലുവിളിയാണ് അദ്ദേഹത്തിനു മുന്നിലുള്ളത്. കോണ്‍ഗ്രസും എ.എ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ഇവിടെ ശക്തമായ ത്രികോണമത്സരമാണ് നടക്കുക. വിദ്യാഭ്യാസ പ്രവര്‍ത്തകയും ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ ഭരണത്തില്‍ വലിയ വിദ്യാഭ്യാസ വിപ്ലവം തന്നെ നടപ്പാക്കുന്നതിനു നേതൃത്വം നല്‍കുകയും ചെയ്ത അതിഷി മര്‍ലേനയാണ് എ.എ.പിയുടെ സ്ഥാനാര്‍ഥി. പരിചയസമ്പന്നനും ഷീലാദീക്ഷിത് മന്ത്രിസഭയില്‍ അംഗവുമായ അവരിന്ദര്‍ സിങ് ലവ്‌ലിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.
ഡല്‍ഹി രാജേന്ദ്രനഗര്‍ സ്വദേശിയായ ഗംഭീര്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതുവരെ അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രംഗത്തെത്തിയിരുന്നു. ജമ്മുകശ്മിരില്‍ കല്ലേറുതടയുന്നതിനു സാധാരണക്കാരനെ സൈനികവാഹനത്തിനു മുന്നില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം വാഹനമോടിച്ച നടപടിയെ ന്യായീകരിച്ച ഗംഭീറിന്റെ നടപടി വിവാദമായിരുന്നു. ഇന്ത്യയ്ക്കുവേണ്ടി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി-20യും കളിച്ച താരമാണ് ഗംഭീര്‍. ആറ് ഏകദിനങ്ങളില്‍ ഇന്ത്യയെ നയിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട മണ്ഡലമാണ് വിജേന്ദര്‍ സിങ് മത്സരിക്കുന്ന സൗത്ത് ഡല്‍ഹി. 2008ലെ ബീജിങ് ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിലൂടെയുള്ള വിജേന്ദറിന്റെ താരപ്രശസ്തി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 2010 ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ നേട്ടത്തോടെ വിജേന്ദര്‍ തന്റെ കഴിവ് വീണ്ടും തെളിയിച്ചിരുന്നു. ഇടിക്കൂട്ടിലെ കഴിവ് ജനാധിപത്യപോരാട്ടത്തിലും കാഴ്ചവയ്ക്കാനായാല്‍ സൗത്ത് ഡല്‍ഹി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിനാവും. സിറ്റിങ് എം.പി രമേഷ് ബിദുരി ബി.ജെ.പിക്കും രാഘവ് ചന്ദ എ.എ.പിക്കും വേണ്ടി ഇവിടെ ജനവിധി തേടുന്നു.
പാര്‍ലമെന്റ് ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് സിറ്റിങ് എം.പിയായ ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി തന്നെ ഇക്കുറിയും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവും. ഇവിടെ അജയ് മാക്കന്‍ കോണ്‍ഗ്രസിന്റെയും ബ്രജേഷ് ഗോയല്‍ എ.എ.പിയുടെയും സ്ഥാനാര്‍ഥിയാണ്. ഓള്‍ഡ് ഡല്‍ഹി സ്ഥിതിചെയ്യുന്ന ചാന്ദ്‌നി ചൗക്കില്‍ ജെ.പി അഗവര്‍വാളും നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ രാജേഷ് ലിലോത്തിയയും വെസ്റ്റ് ഡല്‍ഹിയില്‍ മഹിബാല്‍ മിശ്രയുമാണ് കോണ്‍ഗ്രസിന്റെ മറ്റുസ്ഥാനാര്‍ഥികള്‍. ചാന്ദ്‌നി ചൗക്കില്‍ നിന്നു പതിവായി മത്സരിക്കാറുള്ള കപില്‍ സിബല്‍ ഇത്തവണ മാറിനില്‍ക്കുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ മനോജ് തിവാരിയും വെസ്റ്റ് ഡല്‍ഹിയില്‍ പ്രവേഷ് വര്‍മയും സൗത്ത് ഡല്‍ഹിയില്‍ രമേഷ് ബിദുരിയും ചാന്ദ്‌നി ചൗക്കില്‍ കേന്ദ്രമന്ത്രി ഹര്‍ഷ്‌വര്‍ദ്ധനും ബി.ജെ.പിക്കു വേണ്ടിയും മത്സരിക്കുന്നു.
കോണ്‍ഗ്രസും എ.എ.പിയും തമ്മിലുള്ള സഖ്യരൂപീകരണ നീക്കങ്ങള്‍ അവസാനനിമിഷം പാളിയതാണ് ഡല്‍ഹിയില്‍ ബി.ജെ.പിക്കുള്ള ഏക പ്രതീക്ഷ. രാജ്യതലസ്ഥാനത്തെ മധ്യവര്‍ഗത്തിലെ ഉപരിവിഭാഗവും സമ്പന്നവര്‍ഗവുമാണ് ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്ക്. എന്നാല്‍, പാവപ്പെട്ടവരും അടിത്തട്ടിലുള്ളവരുമാണ് എ.എ.പിയുടെ ശക്തി. ആറാംഘട്ടമായ മെയ് പന്ത്രണ്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന ദിവസം ഇന്നലെ സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."