ആരവങ്ങളില്ലാതിരുന്ന മാപ്പിള കവി
മലയാളത്തിലെ ഇസ്‌ലാമിക സാഹിത്യരചനാരംഗത്ത് എണ്ണമറ്റ കൃതികള്‍ എഴുതി ഏവരാലും സുപരിചിതനായ വ്യക്തിത്വമാണ് കാവില്‍ വളപ്പില്‍ മുഹമ്മദ് മുസ്‌ലിയാര്‍ എന്ന കെ.വി.എം പന്താവൂര്‍. അറബി ഭാഷയില്‍ വിരചിതമായ കനപ്പെട്ട നിരവധി ഇസ്‌ലാമിക സാഹിത്യങ്ങള്‍ക്ക് മലയാളത്തില്‍ ഭാഷാന്തരം തയ്യാറാക്കിയിട്ടുണ്ട് കെ.വി. എം പന്താവൂര്‍. എണ്ണമറ്റ മാപ്പിളപ്പാട്ടുകള്‍ എഴുതിയ ഈ പ്രതിഭ ഒരു ഗാനരചയിതാവായി തിരിച്ചറിയപ്പെടാതെ പോയത്, ഒരു പക്ഷേ; അദ്ദേഹത്തിന്റെ മറ്റു കൃതികള്‍ക്ക് വായനാ ലോകത്ത് മുന്‍ഗണന കിട്ടിയതുകൊണ്ടാവാം. വളരെ ചെറു പ്രായത്തില്‍, പള്ളിദര്‍സില്‍ പഠിച്ചിരുന്ന കാലഘട്ടത്തില്‍ തന്നെ മദ്ഹ് ഗാനങ്ങളും മാപ്പിളപ്പാട്ടുകളും കഥാപ്രസംഗങ്ങളുമൊക്കെ എഴുതിയിരുന്നു അദ്ദേഹം. അറബി-മലയാള ലിപിയിലും അച്ചടി മലയാളത്തിലുമായി അരഡസനിലേറെ മാപ്പിള കാവ്യങ്ങളെഴുതിയ ഈ പ്രതിഭയെ മാപ്പിള സാഹിത്യ ലോകം തിരിച്ചറിയാതെ പോയത് അക്ഷന്തവ്യമായിപ്പോയി.
പന്താവൂരിന്റെ മാപ്പിള കാവ്യങ്ങളെ വൈവിധ്യമാക്കുന്നത് ഉള്ളടക്കത്തിലെ വിഷയ പ്രാധാന്യവും സുതാര്യമായ ഭാഷാപ്രയോഗങ്ങളുമാണ്. അദ്ദേഹത്തിന്റെ മാപ്പിളപ്പാട്ടുകളില്‍ എന്തുകൊണ്ടും ശ്രദ്ധേയമായത് മലബാര്‍ കലാപത്തെക്കുറിച്ച് കഥാകാവ്യ രൂപത്തില്‍ എഴുതിയ 'പട്ടാള നിയമം: അഥവാ മാപ്പിള ചരിത്ര ബിന്ദുക്കള്‍' എന്ന കൃതിയാണ്.
മമ്പുറം തങ്ങളും പന്താവൂരും
ആദിമധ്യാന്തം മലബാര്‍ സമരത്തിലൂടെ കടന്നുപോവുന്ന ഈ കൃതിയിലെ ഓരോ ഗാനങ്ങളും വിശദീകരണങ്ങളും തെളിമലയാളത്തില്‍ ഹൃദയഹാരിയായ ഭാഷാപ്രയോഗങ്ങളാല്‍ സമ്പന്നമാണ്. മലബാര്‍ സമരത്തിന്റെ അടിവേരുകള്‍ അന്വേഷിക്കുന്നവര്‍ ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴില്‍ പൊറുതിമുട്ടിയ പത്തൊന്‍പതാം നൂറ്റാണ്ടിലെ മാപ്പിളകര്‍ഷകരുടെ ജീവിത പരിസരത്താണ് ചെന്നെത്തുക. തന്റെ കഥാകാവ്യം പന്താവൂര്‍ ആരംഭിക്കുന്നത് തന്നെ മലബാര്‍ സമരത്തിന്റെ മൂലകാരണങ്ങളില്‍ നിന്നാണ്. ബ്രിട്ടീഷ്- ജന്മിമേധാവിത്വത്തിനെതിരില്‍ സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ അക്കാലത്ത് നിരവധി സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്. അവയിലെല്ലാം മമ്പുറം തങ്ങന്‍മാര്‍ എന്നു വിളിക്കപ്പെടുന്ന സയ്യിദ് അലവി തങ്ങളുടെയും പുത്രന്‍ സെയ്യിദ് ഫസലിന്റെയും സൈദ്ധാന്തികവും നേതൃപരവുമായ പിന്തുണകളുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് അധികാരികളില്‍ അന്നത്തെ മലബാര്‍ കലക്ടറായിരുന്ന കൊണോലി സായിപ്പ് ഒരു സന്ധിക്കെന്ന വ്യജേന സയ്യിദ് ഫസലിനെ ക്ഷണിച്ചു വരുത്തി അറേബ്യയിലേക്ക് നാടുകടത്തുകയാണുണ്ടായത്. ബ്രിട്ടീഷ് അനുകൂല നിലപാടുള്ള ചില ഉദ്യോഗസ്ഥകരെ തങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് കാലേകൂട്ടി തയ്യാര്‍ ചെയ്തിരുന്നു. സയ്യിദ് ഫസലിന്റെ നാടുകടത്തലിലൂടെ മാപ്പിളമാര്‍ ശാന്തരാവുമെന്ന് ധരിച്ച അധികാരികള്‍ക്ക് തെറ്റി. തങ്ങളുടെ ആത്മീയ നേതാവിനെ വഞ്ചനയിലൂടെ നാടുകടത്തിയ വിവരമറിഞ്ഞ മാപ്പിള മനസുകള്‍ പ്രക്ഷുബ്ദമായി. അതില്‍ പിന്നെ നാലു മാപ്പിള പോരാളികള്‍ അതീവ സുരക്ഷയുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ്ഹില്ലിലെ കലക്ടറുടെ ബംഗ്ലാവില്‍ കടന്ന് അതിസാഹസികമായി കലക്ടര്‍ കൊണോലിയെ വധിച്ചു. ഈ രംഗം കെ.വി.എം പന്താവൂര്‍ തന്റെ 'പട്ടാളനിയമം' എന്ന കൃതിയില്‍ പാട്ടിലൂടെ വിവരിക്കുന്നത് ഇങ്ങനെ:
ഇശല്‍: താമരപ്പൂങ്കാവനത്തില്‍
മമ്പുറത്തെ സയ്യിദെ അറേബ്യ തന്നിലേക്ക്
വഞ്ചന ചെയ്തു കടത്തിവിട്ട കൊണോലിക്ക്
വമ്പരാം മാപ്പിളവീരന്മാര്‍ കൊടുത്തു ശിക്ഷ
ബങ്കളാവില്‍ ചെന്നുകുത്തിക്കൊന്നു കൊണ്ട് ശിക്ഷ...
ബ്രിട്ടീഷുകാര്‍ക്കെതിരായ പടവാള്‍
സയ്യിദ് ഫസലിന്റെ നാടുകടത്തലിന് ശേഷം ബ്രിട്ടീഷ് - ജന്മി വിരോധം മൂര്‍ധന്യത്തിലെത്തിയ മലബാറില്‍ ഭരണകൂടത്തിനെതിരില്‍ കലാപങ്ങളും കുഴപ്പങ്ങളും നാള്‍ക്കുനാള്‍ ശക്തിപ്പെട്ടു. 1921 ലെ മലബാര്‍ സമരത്തിന്റെ അടിവേരുകള്‍ക്ക് സയ്യിദ് ഫസലിലെ നാടുകടത്തലിനോളം പഴക്കമുണ്ടെന്ന് ചരിത്രത്തില്‍ നിന്നും മനസിലാവുന്നു. സാമുദായിക മൈത്രിയുടെ വിളനിലമായിരുന്നു മലബാര്‍. 1921 ലെ ഖിലാഫത്ത്- നിസഹകരണ സമരകാലത്ത് നുരഞ്ഞ് പൊന്തിവന്ന സാമ്രാജ്യത്വ-ജന്മി വിരുദ്ധ സമരമുറകളെ അധികാരികള്‍ ഭയപ്പെട്ടിരുന്നു. ഹിന്ദു- മുസ്‌ലിം മൈത്രിക്ക് ഭംഗം വരുത്തിയാല്‍ മാത്രമേ തങ്ങളുടെ സാമ്പത്തിക- രാഷ്ട്രീയ മോഹങ്ങള്‍ക്ക് നിലനില്‍പ്പുള്ളൂ എന്ന് അവര്‍ ധരിച്ചു. അധികൃതരുടെ ഈയൊരു ചെയ്തിയെ കെ.വി.എം പന്താവൂര്‍ തന്റെ പാട്ടിലൂടെ തുറന്നുകാട്ടുന്നത് കാണുക:
ഇശല്‍: താമരപ്പൂങ്കാവനത്തില്‍
ഹിന്ദു -മുസ്‌ലിം വര്‍ഗ്ഗഭാവം കുത്തിവച്ചു അന്ന്
ഹീനരാം ബ്രിട്ടീഷുകാരി നാട്ടി'ലിരുപത്തൊന്നി'ല്‍
മുള്ള് മുള്ള് കൊണ്ടു തന്നെ നീക്കുവാനുറച്ചു
കള്ളവും കാപട്യവും ബ്രിട്ടീഷുകാര്‍ വിതച്ചു
ഹിന്ദു മുസ്‌ലിമൊത്തുചേര്‍ന്നു പോരടിച്ചാല്‍ പിന്നെ
ഇന്ത്യയെ അടിമയാക്കാന്‍ പറ്റുകില്ലതന്നെ
വാരിയംകുന്നത്തും
പന്താവൂരിന്റെ വരികളും
മലബാര്‍ സമരത്തിലെ വിപ്ലവനായകനായിരുന്ന വാരിയംകുന്നത്ത് കഞ്ഞഹമ്മദ്ഹാജിയുടെ വിപ്ലവ വീര്യം പന്താവൂര്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെ:
ഇശല്‍: മാരരന്നബി
ബാല്യകാലം തൊട്ട്
ബ്രിട്ടനോടെതിര്‍ത്തു- പോന്ന
പാരമ്പര്യം അമ്മഹാനിലുണ്ട് തീര്‍ത്തും
പാരതന്ത്ര്യം വച്ചു പോറ്റാന്‍ പറ്റുകില്ല -
ഹൃദയം
തീരെയാ ധീരന്ന് സമ്മതിക്കുകില്ലാ
പോരടിക്കാനും മരിക്കാനും ഒരുക്കം - പക്ഷേ
ഭീരുവാം അടിമയാകാന്‍ ഇല്ലൊരുക്കം...
വീര്യം പകര്‍ന്ന വരികള്‍
മലബാര്‍ സമരത്തെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വം തങ്ങളുടെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്താനുറച്ചു. അത് മനസിലാക്കിയ ദേശക്കൂറും വിശ്വാസ ദാര്‍ഢ്യവുമുള്ള മാപ്പിളമാര്‍ പൊരുതി മരിക്കാനുറച്ചു. അവരുടെയുള്ളില്‍ നുരഞ്ഞു പൊന്തിയ ബ്രിട്ടീഷ് വിരോധം പന്താവൂര്‍ പാട്ടാക്കിയത് കാണാം:
ഇശല്‍: ബിലമതേറവെ...
ക്ഷുഭിതരാം ജനം ഒരു പരീക്ഷണം
അഭിമുഖീകരിച്ചതിലവര്‍
ക്ഷമയറ്റൂ പക്ഷെ, കടിച്ചമര്‍ത്തിക്കൊ
ണ്ടണപ്പല്ലങ്ങനെ ഞെരിക്കലായ്
തകര്‍ക്കണം, ഇതൊന്നമര്‍ത്തണം വെള്ള
പടയെ മുഴുക്കയും നുറുക്കണം
പൊരുതണം നമ്മള്‍ മരിക്കണം ബ്രിട്ടന്‍
നടുങ്ങണം ഇന്ത്യ ഒഴിക്കണം
ഹജ്ജ് യാത്ര
മലബാര്‍ സമര ചരിത്രത്തെ ഇതിവൃത്തമാക്കി ഇദംപ്രഥമമായി ആദിമധ്യാന്തം മാപ്പിളകാവ്യമാക്കിയത് കെ.ടി മുഹമ്മദ് തിരൂരങ്ങാടിയാണ്. അദ്ദേഹത്തിന്റെ കാവ്യത്തേക്കാള്‍ ചരിത്രത്തെ ഒന്നുകൂടി സൂക്ഷ്മമായി വിലയിരുത്താന്‍ പന്താവൂര്‍ തന്റെ കഥാകാവ്യത്തില്‍ ശ്രമിച്ചിട്ടുണ്ട് എന്ന് പ്രഥമ പരിശോധയില്‍ സ്പഷ്ടമാണ്. തന്നെയുമല്ല കാവ്യഗുണം കൊണ്ട് പന്താവൂരിന്റെ രചന വേറിട്ടുനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു രചന 'പന്താവൂരിന്റെ ഹജ്ജ് യാത്ര' എന്ന കാവ്യമാണ്. 1970 കളുടെ അവസാനത്തില്‍ ലീഗ് ടൈംസ് പത്രത്തില്‍ ഖണ്ഡ:ശ്ശയായി എഴുതിയ ഹജ്ജനുഭവ കാവ്യമാണ് പന്താവൂരിന്റ ഹജ്ജ് യാത്ര. ഇത് പിന്നീട് പുസ്തകമായി പുറത്തിറക്കിയതാണ്. ഹജ്ജിലെ പ്രധാന കര്‍മമായ അറഫാ സംഗമത്തെ പന്താവൂര്‍ ഹൃദ്യമായി അവതരിപ്പിക്കുന്നുണ്ട്. ധനാഢ്യനെന്നോ പാവപ്പെട്ടവനെന്നോ വിവേചനമില്ലാതെ സര്‍വ്വരും ഒരേ വേഷത്തില്‍, ഒരേ ലക്ഷ്യത്തില്‍ ഒരുമിച്ച് കൂടുന്ന ആ ശുഭസംഗമത്തെ കുറിച്ച വിരികളില്‍ നിന്ന്:
ഇശല്‍: കാഫ് മലകണ്ട
ഇളകി മറിഞ്ഞഹോ ജനലക്ഷം
ഇതിഹാസഭൂമിതന്‍ മാറിടത്തില്‍
പുളകിതരാണവര്‍ ഭാഷയും ദേശവും
പാടെ മറന്ന സഹോദരങ്ങള്‍
പൊരിവെയിലില്‍ ചെറുമഹ്ശറയില്‍
പൊള്ളിയ ചര്‍മ്മങ്ങള്‍ വെന്തിടുമ്പോള്‍
കരിഞ്ഞ മണം പച്ച മാംസം വറുക്കുന്ന
ചൂരന്തരീക്ഷത്തിലൊഴുകുമ്പോള്‍
പരിശുദ്ധ ജുമുഅയന്നറഫാത്തില്‍
പരിചൊടെ മസ്ജിദുറഹ്മത്തില്‍
നടന്നു ജനാവലി തിരയടിച്ചവിടെ
നിരന്തരമിരമ്പി സങ്കീര്‍ത്തനങ്ങള്‍...
കണ്ണീരില്‍ കുതിര്‍ന്ന കര്‍ബല
പന്താവൂരിന്റെ മറ്റൊരു പ്രശസ്തമാപ്പിള കാവ്യസമാഹാരമാണ് 'കണ്ണീരില്‍ കുതിര്‍ന്ന കര്‍ബല' ഈ കൃതി ആദ്യം അറബി- മലയാളലിപിയിലും പിന്നീട് പരപ്പനങ്ങാടി ബയാനിയ്യാ ബുക്ക്സ്റ്റാള്‍ മലയാളത്തിലും പുറത്തിറക്കിയിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ രക്തപങ്കിലമായ ചരിത്രാധ്യായങ്ങളുണ്ട് കര്‍ബല യുദ്ധത്തിന്. കര്‍ബലയെ കുറിച്ച് പ്രശസ്തമാപ്പിള കവി മുണ്ടമ്പ്ര ഉണ്ണി മമ്മദിന്റെ 'കര്‍ബല' കാവ്യം, മാളിയേക്കല്‍ കുഞ്ഞഹമ്മദിന്റെ 'യസീദ് പട', കോഴിക്കോട് സ്വദേശിയായിരുന്ന മാപ്പിള കവി മുഹമ്മദ്ബ്‌നു അബ്ദുല്‍ ഖാദിറിന്റെ 'കര്‍ബല സമര കാവ്യം' തുടങ്ങിയവയാണ് തല്‍ വിഷയകമായ പ്രാചീന മാപ്പിളകാവ്യങ്ങള്‍. കര്‍ബലാ പോര്‍ക്കളത്തില്‍ വച്ച് തിരുനബിയുടെ പേരമകന്‍ മഹാനായ ഹുസൈന് ശത്രുവിന്റെ ശരവര്‍ഷ മേല്‍ക്കുന്ന രംഗം കെ.വി.എം പന്താവൂര്‍ ശോകമാര്‍ന്ന ഇശലില്‍ അവതരിപ്പിക്കുന്നത് ഇങ്ങനെ:
ഇശല്‍: ഉളരിടൈ ളംളമു....
നെറ്റിത്തടത്തില്‍ തറച്ചു കൂരമ്പൊലിക്കുന്നു
രക്തം പവിത്രമുഖത്തില്‍ കട്ട പിടിക്കുന്നു
മുത്തു ഹുസൈനും പറിച്ചു കൂരമ്പെറിയുന്നു
ശത്രുക്കള്‍ തമ്പില്‍ കടക്കാന്‍ വെമ്പിയടുക്കുന്നൂ
ഖൈമയില്‍ സ്ത്രീകളും
പിഞ്ചുകുഞ്ഞുങ്ങളുണ്ടല്ലൊ
ക്രൂരന്മാര്‍ തോന്ന്യാസം ചെയ്യാന്‍
വേഗം കുതിച്ചല്ലൊ
ഉടനെ ഹുസൈന്‍ചാടി ദുഷ്ടന്മാരോടുരത്താനെ
അപ്പൂതിവേണ്ട എന്‍തമ്പില്‍
നിങ്ങള്‍ കടക്കാനെ'...
പ്രവാസി കത്ത് പാട്ട്
പന്താവൂര്‍ രചിച്ചതും ഗ്രാമഫോണ്‍ റിക്കാര്‍ഡ് കാലത്ത് പഴയകാല ഗായിക ശൈലജ പാടിയതുമായ ഏറെ പ്രശസ്തമായ ഒരു പ്രവാസി കത്ത് പാട്ട് തുടങ്ങുന്നതിങ്ങനെ:
ഇശല്‍: താമരപൂങ്കാവനത്തില്‍
പൊന്ന് വിളയുന്ന നാട്ടില്‍ കണ്‍മണിയും പോയി
പെണ്ണിവള്‍ ഞാന്‍ കണ്ണുനീര്‍ കുടിച്ചിരിക്കാറായി
കണ്ണകന്നതോടെ എന്റെ
ഖല്‍ബകം പൊട്ടികരഞ്ഞു
കണ്ണുനീരില്‍ ഞാന്‍ കുഴഞ്ഞു
മൂന്നു വര്‍ഷങ്ങള്‍- കഴിഞ്ഞു
ഗള്‍ഫ് നാട്ടിലേക്ക്.. ഇവളെ പിരിഞ്ഞപോക്ക്
മറ്റ് പ്രസിദ്ധീകരണങ്ങള്‍
അച്ചടിമലയാളത്തിലെ പഴയകാല പ്രസിദ്ധീകരണസ്ഥാപനങ്ങളായ തൃശ്ശൂരിലെ ആമിനാ ബുക്ക്സ്റ്റാള്‍, ബയാനിയ്യാ ബുക്ക്സ്റ്റാള്‍ പരപ്പനങ്ങാടി, തുടങ്ങിയവ കൂടാതെ കെ. മുഹമ്മദ് കുട്ടി & സണ്‍സ്, അശ്‌റഫി ബുക്ക്സ്റ്റാള്‍, അല്‍ ഹുദാ ബുക്ക്സ്റ്റാള്‍ കോഴിക്കോട്, ലുഖ്മാനിയ്യാ ബുക്ക്സ്റ്റാള്‍ മരുതയൂര്‍, ഫാത്തിമാബുക്ക് സ്റ്റാള്‍ തലശ്ശേരി തുടങ്ങിയ പ്രസാധകരെല്ലാം പന്താവൂര്‍ കൃതികളുടെ മുഖ്യ പ്രസാധകന്‍മാരാണ്. നൂറിലേറെ കൃതികളുടെ കര്‍ത്താവായ കെ.വി.എം പന്താവൂരിന്റെതായി അറബി- മലയാളലിപിയിലും കൃതികള്‍ പുറത്ത് വന്നിട്ടുണ്ട്. 'മഹ്ശറ പ്രളയം', 'കണ്ണീരില്‍ കുതിര്‍ന്ന കര്‍ബല', 'മനാസികുല്‍ ഹുജ്ജാജ്' തുടങ്ങിയവയെല്ലാം അറബി- മലയാളലിപിയില്‍ അച്ചടിക്കപ്പെട്ടവയാണ്. നിരവധി ഇസ്‌ലാമിക രചനകള്‍ അറബി ഭാഷയില്‍ നിന്നു മലയാളത്തിലേക്ക് മൊഴിമാറ്റിയ പന്താവൂരിന്റ ശ്രദ്ധേയമായ പരിഭാഷകള്‍ ഇവയാണ്. 'രിയാളുസ്വാലിഹീന്‍, ഫത്ഹുല്‍ മുഈന്‍, ഇര്‍ശാദുല്‍ ഇബാദ്, ഉംദ, ശറഹുല്‍ അഖാഇദ്, ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, ശംസുല്‍ മആരിഫ് (4വാള്യം), നബാതീ ഖുത്തുബ, മമ്പഉല്‍ ഉസൂലുല്‍ഹികം (3വാള്യം), മുജറബാത്ത്, മന്‍ഖൂസ് മൗലിദ്, മജ്മഉലത്വീഫ്, ശുമുസുല്‍ അന്‍വാര്‍, അവാരി ഫുല്‍ മആരിഫ്, ഇബ്‌നു അറബിയുടെ തഫ്‌സീര്‍, അല്‍ ഇന്‍സാനുല്‍ കാമില്‍ (3 വാള്യം) ഇവ കൂടാതെ ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവി ഇംറുല്‍ ഖൈസ്, ത്വറഫ, നബീല്‍, സുഹൈര്‍ തുടങ്ങിയ ഏഴ് പ്രാചീന അറബികവികളുടെ കവിതകള്‍ (മുഅല്ലഖ) കാവ്യരൂപത്തില്‍ തന്നെ മലയാളത്തിലേക്ക് മൊഴി മാറ്റിയത് കോഴിക്കോട് അല്‍ ഹുദ ബുക്‌സ് മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു.
ജീവിതരേഖ
കാവിലെ വളപ്പില്‍ കമ്മുണിയുടെയും ആമിനയുടെയുടെയും മകനായി മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത പന്താവൂരില്‍ 1940 ലാണ് കെ.വി.എം പന്താവൂരിന്റെ ജനനം. കാവിലെ വളപ്പില്‍ മുഹമ്മദ് പന്താവൂര്‍ എന്നത് ചുരുക്കിയാണ് കെ.വി.എം പന്താവൂര്‍ എന്നാക്കിയത്. കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുറഹിമാന്‍ കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതന്മാരില്‍ നിന്നു പാരമ്പര്യ രീതിയില്‍ പള്ളിദര്‍സുകളില്‍ പഠനം. പഠനശേഷം അല്‍പ്പകാലം കക്കിടിപ്പുറം മദ്‌റസയില്‍ അധ്യാപകനായിരുന്നു. പിന്നീട് അഫഌലുല്‍ ഉലമ പരീക്ഷ എഴുതി അറബിക് അധ്യാപകനായി. 1972 മുതല്‍ 1995 വരെ വട്ടംകുളം സി.പി.എന്‍.യു.പി സ്‌കൂളില്‍ അറബി അധ്യാപകനായിരുന്നു. ആമിനയാണ് ഭാര്യ. പന്താവൂരിന് രണ്ട് പെണ്ണും മൂന്ന് ആണ്‍മക്കളുമാണുള്ളത്. അറബി ഭാഷയിലെ ക്ലാസിക്കല്‍ കൃതികള്‍ ഏറ്റവും കൂടുതല്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് കെ.വി മുഹമ്മദ് പന്താവൂരാണെന്ന് നിസംശയം പറയാം. അദ്ദേഹത്തെ കുറിച്ചോ, അദ്ദേഹത്തിന്റെ കൃതികളെ കുറിച്ചോ ഗൗരവതരമായ പഠനങ്ങള്‍ ഇന്നേവരെ നടന്നിട്ടില്ലെന്നത് ഖേദകരമാണ്. 2008 ഏപ്രില്‍ 23ന് അദ്ദേഹം വിടവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."