മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം; സിനിമ-സീരിയല്‍ ചിത്രീകരണത്തിന് മാര്‍ഗനിര്‍ദ്ദേശമായി
ന്യൂഡല്‍ഹി: സിനിമ, സീരിയല്‍ ചിത്രീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. കൊവിഡ് മാനദണ്ഡം പാലിച്ചുവേണം ഷൂട്ടിങ് തുടങ്ങാനെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ പറഞ്ഞു.
പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധന, ആറ് അടി അകലം എന്നിവ പാലിച്ചാവണം ചിത്രീകരണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നവര്‍ക്കൊഴികെ ലൊക്കേഷനിലുള്ള എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമായിരിക്കും. മേക്കപ്പ് ചെയ്യുന്നവരും ഹെയര്‍ സ്റ്റൈലിസ്റ്റുകളും പി.പി.ഇ കിറ്റ് ധരിക്കണം. ചിത്രീകരണ സ്ഥലത്ത് സാനിറ്റൈസറുകള്‍ സ്ഥാപിക്കണം. ഇത് ഉപയോഗിക്കുന്നത് ശീലമാക്കണം.
രോഗബാധ സംശയിക്കുന്നവരെ താല്‍ക്കാലികമായി ഐസോലേറ്റ് ചെയ്യാനുള്ള സജ്ജീകരണം ഉറപ്പാക്കണം. ഷൂട്ടിങ് ക്രൂ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. ചിത്രീകരണ സ്ഥലത്ത് പരമാവധി കുറഞ്ഞ ആളുകള്‍ സന്ദര്‍ശകര്‍, കാഴ്ചക്കാര്‍ എന്നിവര്‍ക്ക് അനുമതി ഇല്ല.
ഷൂട്ടിങ് സെറ്റ്, മേക്കപ്പ് റൂം, വാനിറ്റി വാന്‍ എന്നിവിടങ്ങളില്‍ കൃത്യമായ ഇടവേളകളിള്‍ അണുനശീകരണം നടത്തണം. കോസ്റ്റ്യൂം, വിഗ്ഗ്, മേക്കപ്പ് വസ്തുക്കള്‍ തുടങ്ങിയവ പങ്കുവെക്കുന്നതിന് നിയന്ത്രണം. സെറ്റിലെ ആരെങ്കിലും കൊവിഡ് പോസിറ്റീവായാല്‍ ഉടനെ അണു നശീകരണം നടത്തുകയും അവരുമായി ബന്ധമുള്ളവരെ ഐസൊലേഷന്‍ ചെയ്യുകയും വേണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."