സഊദിയിൽ അറസ്റ്റ് നിര്‍ബന്ധമാക്കുന്ന കുറ്റകൃത്യങ്ങള്‍ പുനര്‍നിര്‍ണയിച്ചു
ജിദ്ദ: സഊദിയിൽ അറസ്റ്റ് നിര്‍ബന്ധമാക്കുന്ന കുറ്റകൃത്യങ്ങള്‍ പുനര്‍നിര്‍ണയിച്ചു. 25 കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ് നിര്‍ബന്ധമാക്കുന്നത്. സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണി ഉയര്‍ത്തുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് അറസ്റ്റ് നിര്‍ബന്ധമാവുകയെന്ന് അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്മുഅജബിന്റെ ഉത്തരവില്‍ പറയുന്നു. ഇത് അറസ്റ്റില്‍ കഴിയുന്ന പ്രതികളുടെ എണ്ണം കുറക്കാന്‍ സഹായിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന് അഭിപ്രായപ്പെട്ടു.
അതേ സമയം ആഭ്യന്തര മന്ത്രാലയത്തിന്റെയും ദേശീയ സുരക്ഷാ വിഭാഗത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പട്ടിക തയ്യാറാക്കിയത്.
മാതാപിതാക്കള്‍ക്കെതിരായ ആക്രമണം, കൊലപാതകം, ബലാല്‍ക്കാര ശ്രമം, മോഷണം, കൂട്ട കുറ്റകൃത്യങ്ങള്‍, വേശ്യാവൃത്തിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പട്ടിക. 25 വിഭാഗം കുറ്റ കൃത്യങ്ങളാണ് പട്ടികയിലുള്ളത്. ക്രിമിനല്‍ നടപടികള്ക്കനുസൃതമായാണ് ഈ വിഭാഗങ്ങളില്‍ പെടുന്ന കുറ്റാരോപിതരെ അറസ്റ്റിന് വിധേയമാക്കുക.
അതിര്‍ത്തി കുറ്റ കൃത്യങ്ങള്‍, മനപ്പൂര്‍വ്വമോ അര്‍ദ്ധ മനപ്പൂര്‍വ്വമോ ആയ നരഹത്യ, ദേശീയ സുരക്ഷക്കെതിരായ കുറ്റകൃത്യങ്ങള്‍, മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ എന്നിവയും പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. പൊതു സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പണം തട്ടിയെടുക്കല്‍, 20000 റിയാലിനു മുകളിലുള്ള സാമ്പത്തിക തട്ടിപ്പ്, മനപ്പൂര്‍വ്വമായ ചില ആക്രമണങ്ങള്‍, വാഹന മോഷണം, ലഹരി വസ്തുക്കളുടെ നിര്‍മ്മാണം, വില്‍പ്പന, കള്ളക്കടത്ത്, കൈവശം വയ്ക്കല്‍, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, മയക്ക് മരുന്ന് ഉപയോഗിച് ട്രാഫിക് അപകടങ്ങള്‍ എന്നിവയും അറസ്റ്റിന് വിധേയമാക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിക്കുക, അവരുടെ ഔദ്യോഗിക വാഹനത്തിനും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുക, പൊതുസ്ഥലത്ത് വെടിമരുന്ന് ഉപയോഗിക്കുക, ബ്ലാക്ക് മെയില്‍ ചെയ്യുക, തട്ടികൊണ്ടുപോകല്‍, തടങ്കലില്‍ വയ്ക്കല്‍, വാണിജ്യപരമായ തട്ടിപ്പുകള്‍ എന്നിവയും പ്രധാന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്.
അതേ സമയം മാതാതപിതാക്കള്ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അവര്‍ മാപ്പു നല്കിയാല് അറസ്റ്റ് ഒഴിവാക്കപ്പെടാം. നേരത്തെ അറസ്റ്റ് ചെയ്തിരുന്ന നിസാരങ്ങളായ കുറ്റകൃത്യങ്ങളെ അറസ്റ്റില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇത് അറസ്റ്റിലാവുന്നവരുടെ എണ്ണം കുറയ്ക്കാനും മനുഷ്യാവകാശ സംരക്ഷണത്തിനും ഇടയാക്കുമെന്ന് സൗദി മനുഷ്യാവകാശ കമ്മീഷന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."