കോട്ടപ്പുറം-അച്ചാംതുരുത്തി റോഡ് പാലം നിര്‍മാണം അവസാനഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വൈകിയത് പരിശോധിക്കും: മന്ത്രി ജി സുധാകരന്‍
നീലേശ്വരം: കോട്ടപ്പുറം - അച്ചാംതുരുത്തി റോഡ് പാലം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ വൈകിയത് പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇതുസംബന്ധിച്ച എം രാജഗോപാലന്‍ എം.എല്‍.എ യുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2010 ജൂലൈ 15 നായിരുന്നു നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചത്.
30 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍ 77 മാസം പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയായില്ല. 22 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡാണ് ആദ്യം പ്രവൃത്തി ഏറ്റെടുത്തത്. തുടര്‍ന്ന് ഇവര്‍ കൊച്ചിയിലെ തന്നെ പി.ടി മത്തായി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് സബ് കോണ്‍ട്രാക്ട് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിനാല്‍ ഇയാളെ മാറ്റുകയും പ്രവൃത്തി ജി.എം എന്‍ജിനീയേഴ്‌സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ കരാറുകാരനെ ഇടയ്ക്കു മാറ്റേണ്ടി വന്നതും പുതിയ കരാറുകാരനെ ഏല്‍പിച്ചതില്‍ വന്ന സാങ്കേതികമായ കാലതാമസവുമാണ് പ്രധാനമായും നിര്‍മാണം വൈകാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ക്വാറി സമരം, പ്രതികൂല കാലാവസ്ഥയില്‍ പുഴയില്‍ പൈലിങ് ചെയ്യാനെടുത്ത അധിക സമയം എന്നിവയും വൈകാന്‍ കാരണമായി. ഇത്തരം കാര്യങ്ങള്‍ വിശദമായി പരിശോധിച്ചതിനു ശേഷം പാളിച്ചകളുണ്ടായിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
അതേസമയം പാലം നിര്‍മാണം അവസാന ഘട്ടത്തിലാണ്. മാസങ്ങള്‍ക്കകം ഇതു ഗതാഗതത്തിനു തുറന്നു കൊടുക്കാനാകും. നിലവിലുള്ള നടപ്പാലം അപകടാവസ്ഥയിലാണ്. പാലം യഥാര്‍ഥ്യമായാല്‍ നീലേശ്വരത്തു നിന്നും പയ്യന്നൂരിലേക്കുള്ള ദൂരം പതിനൊന്നു കിലോമീറ്റര്‍ കുറയും. ദേശീയപാതയില്‍ അവശേഷിക്കുന്ന പള്ളിക്കര മേല്‍പാലം പണിക്കും കാര്യങ്കോട് പാലത്തിന്റെ പുനര്‍നിര്‍മാണ സമയത്തും ആവശ്യമായി വന്നാല്‍ ബൈപ്പാസായി ഉപയോഗിക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."