പ്രളയം: വെട്ടിലാക്കി വിമാന കമ്പനികള്‍; ജോലി നഷ്ടമാകുമെന്ന ഭീതിയില്‍ പ്രവാസികള്‍
ജിദ്ദ: പ്രളയത്തില്‍ എല്ലാം തകര്‍ന്ന പ്രവാസികള്‍ക്ക് വിമാന കമ്പനികളുടെ വകയും ഇരുട്ടടി. വേനല്‍ അവധി കഴിഞ്ഞ് കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോരുന്ന പ്രവാസികളെയാണ് അഞ്ചിരട്ടി നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍ വെട്ടിലാക്കിയത്.
ഗള്‍ഫ് സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്ന പല വിമാനങ്ങളിലും സീറ്റില്ല. ഉള്ളവയിലാകട്ടെ പൊള്ളുന്ന നിരക്കും. ഇതുമൂലം പലരുടെയും യാത്ര അനിശ്ചിതമായി നീളുകയാണ്. പ്രളയത്തില്‍ മുങ്ങിയതുമൂലം അടച്ച നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് 29ലേക്ക് നീട്ടിയതോടെ കോഴിക്കോടും തിരുവനന്തപുരവും അടക്കം മറ്റു സെക്ടറുകളിലെ വിമാന ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തരമായി നാട്ടിലേക്ക് പോയവരും തിരിച്ചുവരാനാവാതെ പ്രയാസത്തിലാണ് ഇപ്പോള്‍.
ഇതുമൂലം പലരുടെയും ജോലി തന്നെ നഷ്ടമാകുമോ എന്ന ഭീതിയിലാണ് കഴിയുന്നത്. വേനല്‍ അവധി കഴിഞ്ഞ് ഗള്‍ഫില്‍ സെപ്തംബര്‍ രണ്ടിന് സ്‌കൂളുകള്‍ തുറക്കും. അതിന് മുമ്പ് തിരിച്ചെത്താനായില്ലെങ്കില്‍ പല പ്രവാസി വിദ്യാര്‍ഥികളുടെയും പഠനത്തെ ബാധിക്കുമോ എന്ന വേവലാതിയും നിലനില്‍ക്കുന്നുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ യാത്ര മറ്റേതെങ്കിലും സെക്ടറിലേക്ക് മാറ്റാനായി അന്വേഷിച്ചപ്പോള്‍ ആഴ്ചകള്‍ക്കുശേഷമേ ഇതേ വിമാനത്തില്‍ സീറ്റുകള്‍ ലഭ്യമാകൂ എന്നായിരുന്നു പലര്‍ക്കും ട്രാവല്‍സ് ഏജന്‍സിയില്‍ നിന്നും ലഭിച്ച മറുപടി. ഇതിനു പുറമെ നേരത്തെ ടിക്കറ്റെടുത്തതിനെക്കാള്‍ അഞ്ചിരട്ടി വര്‍ധനവും. തിരുവനന്തപുരം, കോഴിക്കോട് എന്നിവയ്ക്ക് പുറമെ ബാംഗ്ലൂര്‍, മുംബൈ തുടങ്ങിയ ഇന്ത്യയിലെ മറ്റു സെക്ടറുകളില്‍നിന്നും ഇതുതന്നെയാണ് അവസ്ഥ. അതേ സമയം ഈ സെക്ടറുകളിലൊന്നിലും ഇക്കണോമി ക്ലാസ് ടിക്കറ്റ് വരും ദിവസങ്ങളില്‍ ലഭ്യമല്ലെന്നും ട്രാവല്‍ ഏജന്‍സി ഉദ്യോഗസ്ഥരും പറഞ്ഞു.
എമിറേറ്റ്‌സ് വിമാനത്തില്‍ മുംബൈയില്‍നിന്ന് ദുബായിലേക്ക് ബിസിനസ് ക്ലാസില്‍ ഇന്നലെ യാത്ര ചെയ്ത പ്രവാസി നല്‍കിയത് വണ്‍വെ ടിക്കറ്റിന് 1,10,200 രൂപ (5800 ദിര്‍ഹം). ഇതുതന്നെയാണ് മറ്റു സെക്ടറുകളിലെയും വിമാനങ്ങളിലെയും അവസ്ഥ. 31ന് കോഴിക്കോടുനിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ ടിക്കറ്റിന് 43,000 രൂപ.ഇതേ അവസ്ഥയാണ് റിയാദിലേക്കും ജിദ്ദയിലേക്കും ദാമാമിലെക്കും പ്രളയ കെടുതിയില്‍ എല്ലാം നഷ്ട്ട പെട്ട പ്രവാസികള്‍ വരെ ഈ കൂട്ടത്തിലുണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ.
സെപ്തംബര്‍ പതിനഞ്ചുവരെ ഏതാണ്ട് ഇത്രയും അതിനെക്കാള്‍ കൂടുതലുമാണ് സ്വകാര്യ, ദേശീയ വിമാന കമ്പനികളുടെ ഗള്‍ഫ് സെക്ടറിലേക്കുള്ള നിരക്ക്. സീസണ്‍ സമയത്തെ ആകാശക്കൊള്ള അവസാനിപ്പിക്കുന്നതിനൊപ്പം അധിക വിമാന സര്‍വീസ് ഏര്‍പ്പെടുത്തി പ്രതിസന്ധി പരിഹരിക്കണമെന്നാണു പ്രവാസികളുടെ ആവശ്യം.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടമെന്നും വിവിധ പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."