കൊടുവള്ളിയില്‍ ലഹരിമാഫിയയുടെ ഗുണ്ടാവിളയാട്ടം; ഹോട്ടല്‍ ഉടമയെ കുത്തിപ്പരുക്കേല്‍പ്പിച്ചു
കൊടുവള്ളി: കൊടുവള്ളിയില്‍ ലഹരിമാഫിയയുടെ ഗുണ്ടാവിളയാട്ടം. ഹോട്ടല്‍ ഉടമയെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഘം കട അടിച്ചുതകര്‍ത്തു. ശനിയാഴ്ച രാത്രിയാണു സംഭവം. ദേശീയപാതയില്‍ കൊടുവള്ളി ഓപണ്‍ എയര്‍സ്റ്റേജിനു സമീപത്തെ റെയ്ഹാന ഹോട്ടലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. ഉടമ ആലപ്പുറായില്‍ അബ്ദുല്‍കരീമി (40)നാണ് വെട്ടേറ്റത്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. മൂന്നുപേര്‍ക്കെതിരേ കേസെടുത്തു.
കൊടുവള്ളി രാരോത്ത് ചാലില്‍ മുഹമ്മദ് തമീം (ഈരോലി-23), വാരിക്കുഴിത്താഴം ഷാഫി (വെള്ളോച്ചി-23) എന്നിവരെയാണ് ഇന്നലെ രാത്രി എട്ടോടെ മാര്‍ക്കറ്റ് റോഡില്‍നിന്ന് പിടികൂടിയത്. പൊലിസിനെ വെട്ടിച്ച് കഴിയുകയായിരുന്ന ഇവരെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊടുവള്ളി സി.ഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇരുവരെയും താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അക്രമി സംഘത്തില്‍പെട്ട പാറോയില്‍ ജുനൈദ് (റപ്പായി-22) ഒളിവിലാണ്.
മദ്യപിച്ച് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ വന്ന നാലംഗസംഘം പ്രകോപനം കൂടാതെ ഉടമയെ കത്തികൊണ്ട് കുത്തുകയും കൈക്കും കഴുത്തിനും പുറത്തും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമികള്‍ കടയിലെ ഫര്‍ണിച്ചറും പാത്രങ്ങളും മറ്റു സാധനങ്ങളും അടിച്ചുതകര്‍ത്തു. പരുക്കേറ്റ അബ്ദുല്‍ കരീമിനെ വെണ്ണക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാസങ്ങള്‍ക്കു മുന്‍പ് കൊടുവള്ളി പി.എസ്.കെ ലോഡ്ജ് ഉടമ പൊയിലില്‍ ഷൗക്കത്തിനെ ലഹരി ഉപയോഗത്തിനെതിരേ പ്രതികരിച്ചതിനു ക്രൂരമായി മര്‍ദിച്ച കേസില്‍ പിടിയിലായി ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയവരും ഇതില്‍പെടും. ഇവര്‍ക്കെതിരേ മറ്റു നിരവധി കേസുകളും നിലവിലുണ്ടെന്ന് കൊടുവള്ളി പൊലിസ് പറഞ്ഞു.
രാത്രികാലങ്ങളില്‍ കൊടുവള്ളി ടൗണിലെ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിക്കെതിരേ പ്രതികരിക്കുന്നവരെ ക്രൂരമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ച നിരവധി സംഭവങ്ങള്‍ അടുത്തകാലത്തായി ഉണ്ടായിട്ടുണ്ടണ്ട്. സുപ്രഭാതം താമരശേരി ലേഖകന്‍ കെ.വി.ആര്‍ റാഷിദിനെ ഭീഷണിപ്പെടുത്തിയതിനും ഇവര്‍ക്കെതിരേ കൊടുവള്ളി സ്റ്റേഷനില്‍ കേസുണ്ടണ്ട്.
വ്യാപാരിയായ അബ്ദുല്‍ കരീമിനെ അകാരണമായി മര്‍ദിക്കുകയും സ്ഥാപനം അടിച്ചുതകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുവള്ളി ടൗണില്‍ ഇന്നു ഹര്‍ത്താല്‍ നടത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂനിറ്റ് തീരുമാനിച്ചു. രാവിലെ പത്തിന് പൊതുയോഗവും പ്രകടനവും നടക്കുമെന്ന് പ്രസിഡന്റ് പി.ടി.എ ലത്തീഫ്, സെക്രട്ടറി ടി.പി അര്‍ഷാദ് എന്നിവര്‍ അറിയിച്ചു. ഹര്‍ത്താലിന് കേരളാ ഹോട്ടല്‍ റസ്റ്ററന്റ് അസോസിയേഷന്‍ കൊടുവള്ളി യൂനിറ്റ് പിന്തുണ പ്രഖ്യാപിച്ചു. യോഗത്തില്‍ മേഖലാ പ്രസിഡന്റ് കബീര്‍ അധ്യക്ഷനായി. സെക്രട്ടറി ഷംസിര്‍ സാദ സംസാരിച്ചു. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."