10 ദിവസം കൊണ്ട് കരിപ്പൂരിന് ഒരു കോടിയിലേറെ അധിക വരുമാനം
കൊണ്ടോട്ടി: കേരളത്തെ പ്രളയം വിഴുങ്ങിയപ്പോഴും കഴിഞ്ഞ 10 ദിവസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നേടാനായത് ഒരു കോടിയിലേറെ അധിക വരുമാനം. കനത്ത മഴയില്‍ വെള്ളം കയറി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെ കരിപ്പൂരിലെത്തിയ അധിക സര്‍വിസുകള്‍ വഴിയാണ് ഈ തുക ലഭിച്ചത്. ഇതോടൊപ്പം പ്രളയക്കെടുതി നേരിടാന്‍ സൈനികരും ഉപകരണങ്ങളുമായെത്തിയ വലിയ വ്യോമസേനാ വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും പറന്നിറങ്ങാനും കരിപ്പൂര്‍ സൗകര്യമൊരുക്കി.
നെടുമ്പാശ്ശേരി അടച്ചതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് അടക്കമുള്ളവയുടെ ചെറിയ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് പുനഃക്രമീകരിച്ചതോടെയാണ് വരുമാന നേട്ടമുണ്ടാക്കാനായത്. കഴിഞ്ഞ 15 മുതല്‍ നിരവധി വിമാനങ്ങളാണ് കരിപ്പൂരില്‍ ഇത്തരത്തില്‍ സര്‍വിസ് നടത്തുന്നത്. ഒരു ചെറിയ വിമാന ലാന്‍ഡിങ് വഴി മൂന്ന് ലക്ഷം വരെ അതോറിറ്റിക്ക് വരുമാനം നേടാനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ലാന്‍ഡിങ്, റൂട്ട് നാവിഗേഷന്‍ ഫെസിലിറ്റി(ആര്‍.എന്‍.എഫ്), വിമാന പാര്‍ക്കിങ്, ഗ്രൗണ്ട് ഹാന്റ്‌ലിങ്, കസ്റ്റംസ് - എമിഗ്രേഷന്‍, എയര്‍ലൈന്‍സ് കൗണ്ടര്‍ ഫീസ് എന്നിവ അടങ്ങുന്നതാണ് ഈ തുക. വിമാനങ്ങള്‍ നിശ്ചിത സമയത്തിലധികം പാര്‍ക്ക് ചെയ്താലും നിരക്ക് കൂടും. ഇത് വഴി യാത്രക്കാരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവുണ്ടായി. കൊച്ചിയിലെത്തിയിരുന്ന വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും ഗ്രൗണ്ട്ഹാന്റിലിങ് സൗകര്യം ഇല്ലാത്തതിനാല്‍ ഇവ തിരുവനന്തപുരത്തേക്ക് പുനഃക്രമീകരിച്ചിരിക്കുകയാണ്.കരിപ്പൂരില്‍ വലിയ വ്യോമസേനാ വിമാനങ്ങള്‍ക്കും ഇടത്താവളമൊരുക്കാനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി. ഐ.എല്‍ 76 (ഗജരാജ്), ഗ്ലോബ് മാസ്റ്റര്‍ സി-17, ഹെര്‍ക്കുലീസ് സി-130, തുടങ്ങിയ വിമാനങ്ങളുടെ 48 സര്‍വിസുകളും 26 ഹെലികോപ്റ്ററുകളുമാണ് കഴിഞ്ഞ ഒന്‍പതാം തിയതി മുതല്‍ ഇന്നലെ വരെ എത്തിയത്. റണ്‍വേ റീ-കാര്‍പ്പറ്റിങ് പൂര്‍ത്തിയാക്കിയ കരിപ്പൂരില്‍ കനത്ത മഴയിലും ഭാരം കൂടിയ വ്യോമസേനാ വിമാനങ്ങള്‍ പറന്നിങ്ങിയത് റണ്‍വേയുടെ സുരക്ഷയാണ് വിളിച്ചോതുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കനത്ത മഴയിലും വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് കൂട്ടത്തോടെ തിരിച്ചുവിടേണ്ട ഗതികേടുമുണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."