പ്രളയം തകര്‍ത്തത് ഒരു നാടിന്റെ വ്യാപാര ശൃംഖലയെ
കാലടി: അപ്രതീക്ഷിതമായി വന്ന പ്രളയം തകര്‍ത്ത് കളഞ്ഞത് ഒരു പട്ടണത്തിലെ വ്യാപാരികളുടെ ജീവിതത്തെയാണ്. വെള്ളപ്പൊക്കത്തെ അതിജീവിച്ച ഒറ്റ വ്യാപാര സ്ഥാപനങ്ങള്‍ പോലും കാലടി പട്ടണത്തില്‍ ഇല്ല. കാലടിയില്‍ പെരുമ്പാവൂര്‍ റോഡില്‍ ശ്രീശങ്കരാ പാലം വരെയും അങ്കമാലി റോഡില്‍ മറ്റൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയും മലയാറ്റൂര്‍, കാഞ്ഞൂര്‍ റോഡുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി.
ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പൂര്‍ണ്ണമായും വെള്ളം കയറി നശിച്ചു. ഓണം, ബക്രീദ് തുടങ്ങിയ ഉത്സവ സീസണുകള്‍ മുന്‍കൂട്ടി കണ്ട് വന്‍ സ്റ്റോക്കുകള്‍ ആണ് വ്യാപാരികള്‍ ഒരുക്കിയിരുന്നത്. ഇത് കൂടാതെ ജാതിക്കായുടെ കേരളത്തിലെ ഏറ്റവും വലിയ വ്യാപാര കേന്ദ്രവും കാലടിയിലാണ്.
കാലടി മലയാറ്റൂര്‍ റോഡിന്റെ ഇരു വശവും മലഞ്ചരക്ക് കടകളാണ്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ ജാതിക്കായ, ജാതി പത്രി എന്നിവയുടെ വ്യാപാര സീസണ്‍ ആയത് കൊണ്ട് കടകളില്‍ എല്ലാം തന്നെ ലക്ഷക്കണക്കിന് രൂപയുടെ സ്റ്റോക്കുകള്‍ ആണ് ഉണ്ടായിരുന്നത്. ഇതല്ലാം വെള്ളം കയറി നശിച്ചു. ഇത് കാലടിയിലെ കാര്‍ഷിക മേഖലക്കും ക്ഷീണമായി.
പ്രളയം തകര്‍ത്ത കാലടിയിലെ മറ്റൊരു മേഖലയാണ് അരി വ്യാപാരം. വെള്ള പൊക്കം മൂലം ഈ മേഖലയില്‍ പ്രാഥമിക കണക്കെടുപ്പില്‍ നൂറ്റിഎണ്‍പത് കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിവില്‍ സപ്ലൈസിന്റേതടക്കം നൂറ് കണക്കിന് അരി ഗോഡൗണുകളിലാണ് വെള്ളം കയറിയത്.
നിരവധി മില്ലുകളിലും വെള്ളം കയറി യന്ത്രങ്ങള്‍ സാമഗ്രികള്‍ അടക്കം നശിച്ച് പോവുകയും ചെയ്തു. കാലടിയിലെ അരി മില്ലുകളില്‍ ഭൂരിഭാഗവും സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ല് അരിയാക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ അരിയാണ് സപ്ലൈകോ ഔട്‌ലെറ്റുകള്‍ വഴി വിതരണം ചെയ്യുന്നത്. അത് കൊണ്ട് തന്നെ വന്‍ ക്ഷാമമാണ് അരി വിപണിയെ കാത്തിരിക്കുന്നത്.
ഇത് വിപണിയില്‍ അരിക്ക് വന്‍ വിലക്കയറ്റത്തിനാണ് ഇടയാകുക. അപ്രതീക്ഷിത പ്രളയം ഒരു നാടിന്റെ നട്ടെല്ല് തകര്‍ത്ത് നാട്ടിലെ വ്യാപാരികളെയും അനുബന്ധ തൊഴിലാളികളെയും കടക്കണിയിലേകും ദുരിതത്തിലേകും തള്ളിവിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."