പ്രളയം തകര്‍ത്തത് മൂന്നാറിലെ ടൂറിസം മേഖലയെ
മൂന്നാര്‍: പ്രളയം തകര്‍ത്തതു മൂന്നാറിലെ ടൂറിസം മേഖലയേയും. സാധാരണ മൂന്നാറിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ദിവസങ്ങളാണ് ഇപ്പോള്‍ കടന്നു പോവുന്നത്.
എന്നാല്‍ ഇത്തവണ പേമാരിയും പ്രളയവും ഉരുള്‍പൊട്ടലും മൂന്നാറിലെ നിരത്തുകള്‍ വിജനമാക്കി. ഭൂരിഭാഗം ഹോട്ടലുകളും ലോഡ്ജുകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളിലും ആളുകളില്ല.
പേമാരി നീലക്കുറിഞ്ഞി പൂക്കാലത്തിന്റെയും താളം തെറ്റിച്ചതോടെ കുറിഞ്ഞി സീസണ്‍ പ്രതീക്ഷയും അസ്തമിച്ച മട്ടാണ്. ശക്തമായ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ചാറ്റല്‍ മഴ തുടരുന്നുണ്ട്. സൂര്യപ്രകാശം ഇല്ലാത്തതിനാല്‍ നീലക്കുറിഞ്ഞികള്‍ പൂവിടാന്‍ ഇനിയുമേറെ വൈകും. രാജമലയും രണ്ടാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. മൂന്നാറില്‍ നിന്നു മാട്ടുപ്പെട്ടിയിലേക്കുള്ള റോഡ് പല ഭാഗത്തും തകര്‍ന്ന നിലയിലാണ്. ചെറുവാഹനങ്ങള്‍ കടന്നുപോവുന്നുണ്ടെങ്കിലും മാട്ടുപ്പെട്ടിയില്‍ ബോട്ടിങ് നടക്കുന്നില്ല.
റോഡുകളും പാലങ്ങളും തകര്‍ന്നതോടെ മൂന്നാറിലേക്കുള്ള വാഹന ഗതാഗതവും വഴിമുട്ടിയ അവസ്ഥയിലാണ്. ബസുകള്‍ മൂന്നാറിലേക്കു സര്‍വീസ് നടത്തുന്നില്ല. ദേശീയപാത 85ല്‍ മൂന്നാര്‍ -അടിമാലി റൂട്ടിലൂടെ ചെറുവാഹനങ്ങള്‍ കടന്നു പോവുന്നുണ്ട്.
എന്നാല്‍ റോഡ് സേഫ്റ്റി കമ്മിഷണറുടെ അനുമതി ഇല്ലാതെ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടിലാണു കെഎസ്ആര്‍ടിസി. കുറിഞ്ഞിക്കാലം മുന്നില്‍ കണ്ടു ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സന്ദര്‍ശകര്‍ മുറികള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്തിരുന്നു. എന്നാല്‍ അവയെല്ലാം റദ്ദാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."