ഇസ്‌റാഈല്‍ യു.എ.ഇക്കുള്ള ആയുധവില്‍പന 10 വര്‍ഷം മുന്‍പേ തുടങ്ങി
ടെല്‍അവീവ്: 10 വര്‍ഷമായി ഇസ്‌റാഈല്‍ ആധുനിക സൈനിക ഉപകരണങ്ങളും ആയുധങ്ങളും യു.എ.ഇക്ക് വിറ്റുവരുന്നതായി റിപ്പോര്‍ട്ട്. മൊസാദ് തലവന്‍ യോസി കോഹനും പ്രധാനമന്ത്രി നെതന്യാഹുവും യു.എ.ഇക്ക് കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കാന്‍ പൊതു സുരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ഇസ്‌റാഈലിലെ യദിയോത്ത് അഹ്രോനോത്ത് പത്രം റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇയുമായി ഈമാസം നയതന്ത്ര കരാര്‍ ഒപ്പുവച്ച സാഹചര്യത്തിലാണിത്.
2010ല്‍ ഹമാസ് നേതാവ് മുഹമ്മദ് അല്‍ മബ്ഹൂസ് ദുബൈയിലെ ഒരു ഹോട്ടലില്‍ വച്ച് കൊല്ലപ്പെട്ട ശേഷം യു.എ.ഇക്ക് ആധുനിക യുദ്ധോപകരണങ്ങള്‍ ഇസ്‌റാഈല്‍ വിറ്റുതുടങ്ങി. ആ സമയത്ത് അന്നത്തെ മൊസാദ് തലവന്‍ ടാമിര്‍ പര്‍ദോ സമാധാനചര്‍ച്ചയ്ക്കായി യു.എ.ഇയിലെത്തിയപ്പോള്‍ ആധുനിക ആയുധങ്ങള്‍ നല്‍കണമെന്ന നിബന്ധനയാണ് യു.എ.ഇ മുന്നോട്ടുവച്ചതെന്ന് പത്രം പറയുന്നു. ഇസ്‌റാഈലിലെ ആയുധനിര്‍മാണ കമ്പനിയായ എ.ജി.ടി ഇന്റര്‍നാഷനലുമായി 700 കോടി ഡോളറിന്റെ കരാറില്‍ യു.എ.ഇ ഒപ്പുവച്ചിരുന്നു.
അതേസമയം എഫ്-35 യുദ്ധവിമാനം പോലുള്ള കൂടുതല്‍ സംഹാരശേഷിയുള്ള ആയുധങ്ങള്‍ യു.എ.ഇക്ക് വില്‍ക്കാന്‍ ഇസ്‌റാഈല്‍ യു.എസിനെ സമ്മതിക്കുന്നില്ല. അവ ഇസ്‌റാഈലിനെതിരേ തന്നെ പ്രയോഗിച്ചേക്കുമോ എന്ന ഭയമാണ് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."