നികൃഷ്ടത ഭൂഷണമാക്കിയ ഗോസ്വാമിമാര്‍
മാധ്യമപ്രവര്‍ത്തനം നിഷ്പക്ഷമായിരിക്കണം എന്നൊക്കെയാണു വയ്‌പ്പെങ്കിലും നമ്മുടെ രാജ്യത്തു മാധ്യമങ്ങള്‍ക്കു രാഷ്ട്രീയ, സാമുദായിക പക്ഷപാതിത്വമുണ്ടാകാറുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ അതു സ്വാഭാവികവുമാണ്. അത്തരം മാധ്യമങ്ങള്‍ സ്വന്തം പക്ഷം ന്യായീകരിക്കുന്നതോടൊപ്പം എതിരാളികള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കാറുമുണ്ട്. എന്നാല്‍, അതിനൊക്കെയുണ്ട് മാന്യതയുടെയും മര്യാദയുടെയും അതിര്‍വരമ്പുകള്‍.
നിര്‍ഭാഗ്യവശാല്‍, സംഘ്പരിവാര്‍ അനുകൂല മാധ്യമങ്ങളും അതിലെ മാധ്യമപ്രവര്‍ത്തകരും ആ അതിരുകള്‍ കാര്യമായി പാലിക്കാറില്ല. അവരുടെ കൂട്ടത്തില്‍ മാധ്യമ മര്യാദകള്‍ക്കും പ്രതിപക്ഷ ബഹുമാനത്തിനും ഒട്ടും വിലകല്‍പ്പിക്കാത്തയാളാണ് സംഘ്പരിവാര്‍ അനുകൂല ചാനലായ റിപ്പബ്ലിക് ടെലിവിഷന്‍ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി.
ഗോസ്വാമിയുടെ ചില പരാമര്‍ശങ്ങള്‍ നേരത്തേ തന്നെ വിവാദം സൃഷ്ടിച്ചിരുന്നെങ്കിലും അവയേക്കാളൊക്കെ നികൃഷ്ടമാണു കേരളത്തിലെ പ്രളയം സംബന്ധിച്ചു കഴിഞ്ഞദിവസം ആ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍. മലയാളികളെ ഒന്നടങ്കം അധിക്ഷേപിക്കുന്ന ആ പരാമര്‍ശങ്ങള്‍ക്കെതിരേ കക്ഷിരാഷ്ട്രീയ ഭേദമെന്യേ കേരളത്തിലുടനീളം പ്രതിഷേധമുയരുകയാണ്. സാമൂഹ്യമാധ്യമങ്ങളിലടക്കം ഗോസ്വാമിക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.
കേരളത്തിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇ 700 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചായിരുന്നു റിപ്പബ്ലിക്ചാനല്‍ ചര്‍ച്ച. യു.എ.ഇയുടെ സഹായവാഗ്ദാന വാര്‍ത്ത കേന്ദ്രസര്‍ക്കാരിനെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്നു സ്ഥാപിച്ചെടുക്കാന്‍ പാടുപെട്ട ഗോസ്വാമി അതിനിടയില്‍ ഇങ്ങനെ പറഞ്ഞു:
''ഈ വിഭാഗം നാണമില്ലാത്തവരാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും നാണംകെട്ട ഇന്ത്യക്കാരുടെ കൂട്ടം. അവര്‍ വ്യാപകമായി കള്ളം പ്രചരിപ്പിക്കുകയാണ്. ഇതില്‍നിന്ന് അവര്‍ക്ക് എന്താണു കിട്ടുന്നതെന്നറിയില്ല. അവര്‍ക്കിതിനു പണം കിട്ടുന്നുണ്ടോ? സ്വന്തം രാജ്യത്തെ അവഹേളിക്കുന്നതിന് ഇവര്‍ക്കു പണം കിട്ടുന്നുണ്ടോ? അവരേതെങ്കിലും സംഘത്തിന്റെ ഭാഗമാണോ? ഇന്ത്യയെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചനയാണ് ഇതെന്നതാണു പോയിന്റ്.''
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുകയും ആ ദുരിതത്തില്‍ നിന്നു കരകയറാന്‍ മറ്റെല്ലാ അഭിപ്രായഭിന്നതകളും മറന്ന് ഒറ്റക്കെട്ടായി കഠിനപ്രയത്‌നം നടത്തുകയും ചെയ്യുന്ന മലയാളികളെ ഈ പരാമര്‍ശങ്ങള്‍ പ്രകോപിപ്പിച്ചതില്‍ ഒട്ടുമില്ല അത്ഭുതം. എന്നാല്‍, ഇപ്പറഞ്ഞതു മലയാളികളെക്കുറിച്ചല്ലെന്ന ന്യായീകരണവുമായി ചാനലിന്റെ സ്ഥാപകരിലൊരാളും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍ രംഗത്തുവന്നിട്ടുണ്ട്.
ചില മലയാളി സംഘ്പരിവാറുകാരും ഇതേ വാദം ഉന്നയിക്കുന്നുണ്ട്. അതൊന്നും ആരും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഒരു വിഭാഗം ആളുകളെക്കുറിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയില്‍ 'അവര്‍' എന്ന പ്രയോഗത്തോടെ എന്തെങ്കിലും പറഞ്ഞാല്‍ അത് ആ വിഭാഗത്തെക്കുറിച്ചായിരിക്കുമെന്നതു സാമാന്യബുദ്ധിയുള്ള ആര്‍ക്കും അറിയാം.
സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ പരിപ്പ് കാര്യമായി വേവാത്ത കേരളത്തിലെ ജനങ്ങളോട് ആ പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്കും അവരുടെ രാഷ്ട്രീയപ്രചാരകര്‍ക്കും കടുത്ത വിദ്വേഷമുണ്ടെന്നതു യാഥാര്‍ഥ്യമാണ്. അത് അര്‍ണാബ് ഗോസ്വാമിയുടെ മാത്രം അജന്‍ഡയല്ല. സംഘ്പരിവാര്‍ അനുകൂല ബുദ്ധിജീവികളെന്നു പറയപ്പെടുന്നവരും അവരുടെ പ്രചാരകരുമെല്ലാം ഏറെക്കുറെ ഇതുപോലുള്ള ഗോസ്വാമിമാരാണ്. വാതുറന്നാല്‍ കടുത്ത വര്‍ഗീയവിഷം മാത്രം പുറത്തുവരുന്ന ചില പ്രചാരകരെയും പ്രമുഖ ബി.ജെ.പി നേതാക്കളെത്തന്നെയും കേരളത്തിനു നല്ല പരിചയമുണ്ട്. അവരുടെയൊക്കെ സംഘടിത വിദ്വേഷപ്രചാരണത്തിന്റെ ഭാഗം തന്നെയാണു ഗോസ്വാമിയുടെ പരാമര്‍ശങ്ങളെന്നു വ്യക്തം.
ജനാധിപത്യത്തിന്റെ ആണിക്കല്ലുകളില്‍ ഏറ്റവും പ്രധാനമാണു പ്രതിപക്ഷ ബഹുമാനം. എന്നാല്‍, വര്‍ഗീയ, വംശീയ വിദ്വേഷം പ്രത്യയശാസ്ത്രമാക്കി രൂപംകൊണ്ട ആര്‍.എസ്.എസും മറ്റു സംഘ്പരിവാര്‍ സംഘടനകളും അവരുടെ രാഷ്ട്രീയപ്രസ്ഥാനമായ ബി.ജെ.പിയുമൊക്കെ പ്രതിപക്ഷ ബഹുമാനത്തിന് ഒട്ടും വിലകല്‍പ്പിക്കാറില്ല. അതു ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ സഹജഭാവമാണ്. ദിനംപ്രതി സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. രാഷ്ട്രീയ വിയോജിപ്പുള്ളവരെയെല്ലാം രാജ്യദ്രോഹികളും ശത്രുരാജ്യങ്ങളുടെ ഏജന്റുമാരുമായി പ്രഖ്യാപിക്കുകയും അവരോടു പാകിസ്താനിലേയ്ക്കും മറ്റും പോകാന്‍ പറയുകയുമൊക്കെ ചെയ്യുന്നത് അവരുടെ പതിവാണ്.
സംഘ്പരിവാര്‍ ശാഖകളില്‍ രൂപപ്പെടുത്തിയെടുക്കുന്ന വികലമനസ്സുകള്‍ ഇങ്ങനെയൊക്കെയായിപ്പോകുന്നതില്‍ അത്ഭുതമില്ല. എന്നാല്‍, അവരോടൊപ്പം നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരും ബുദ്ധിജീവികളുമൊക്കെ അത്തരം ശാഖാനിലവാരത്തിലേയ്ക്കു പോകുന്നതു സ്വാഭാവികമല്ല. ഭരണസംവിധാനങ്ങളിലും സംഘ്പരിവാറിന്റെ സ്ഥാപനങ്ങളിലുമൊക്കെ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ ലജ്ജാശൂന്യതയുടെ ഏതറ്റംവരെ പോകാനും മടിയില്ലെന്നു പരസ്യമായി പ്രഖ്യാപിക്കുകയാണവര്‍. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ നികൃഷ്ടത ഭൂഷണമാക്കി സംഘ്പരിവാര്‍ നേതൃത്വത്തിന്റെ പ്രീതിക്കായി വണങ്ങി നില്‍ക്കുകയാണവര്‍.
നികൃഷ്ടത എടുത്തണിഞ്ഞു ഫലംകൊയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് അതാവാം. എന്നാല്‍, ലജ്ജയില്ലായ്മയുടെ ആ അമിതവിധേയത്വം ഒരു സംസ്ഥാനത്തെ ജനതയെ മൊത്തം അധിക്ഷേപിക്കുന്ന തലത്തിലേക്കു പോകുന്നത് ആത്മാഭിമാനമുള്ള മലയാളികള്‍ക്കു നിശ്ശബ്ദരായി നോക്കിയിരിക്കാനാവില്ല. ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരേ എല്ലാതരത്തിലുമുള്ള അഭിപ്രായഭിന്നതകളും മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്നു കൂടുതല്‍ ശക്തമായ പ്രതിഷേധം കേരളീയസമൂഹത്തില്‍ നിന്ന് ഉയരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."