പോളിങ് ശതമാനം ഉയര്‍ന്നതിന് പിന്നിലെന്ത്
വാശിയേറിയതെന്നു മാധ്യമങ്ങള്‍ പ്രവചിച്ച ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സമ്മതിദായകര്‍ അത്യുത്സാഹത്തോടെ വോട്ട് ചെയ്തിരിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാണുന്നതിലും അപ്പുറമാണ് ഈ ആവേശം. വോട്ട് ശതമാനത്തില്‍ അതു പ്രകടമാണ്. 77.68 എന്നത് കഴിഞ്ഞ മുപ്പതു വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ശതമാനമാണ്.
പോളിങ് ഇത്രയും ഉയര്‍ന്നത് എന്തുകൊണ്ട്. ഒരൊറ്റ കാരണത്താലല്ല അത് എന്നതു സത്യം. പലയിടത്തും പലതാണു കാരണം. ഇനിയൊരു ഫലപ്രവചനത്തിന് അര്‍ഥമില്ലെങ്കിലും ഇക്കാരണങ്ങള്‍ ചില ഫലസൂചനകള്‍ നല്‍കുന്നുണ്ടെന്നു പറയാതിരിക്കാനാവില്ല.
കേന്ദ്രസര്‍ക്കാരിനെയാണല്ലോ തെരഞ്ഞെടുപ്പിലൂടെ ആത്യന്തികമായി തീരുമാനിക്കുന്നത്. നിലവിലുള്ള സര്‍ക്കാര്‍ മാറണമെന്ന് അതിയായി ആഗ്രഹിക്കുന്നവരാണ് കേരളത്തില്‍ ഇത്രയും ആവേശം കാണിച്ചതെന്നു വ്യക്തം. മോദീഭരണം തുടരുന്നതു ജനാധിപത്യത്തിനു ദോഷമാണെന്നു സ്വാനുഭവത്തിലൂടെ ബോധ്യപ്പെട്ടവരുടെ ആവേശമാണത്.
കേന്ദ്രം ആരു ഭരിച്ചാലും അതു തങ്ങളെ കാര്യമായി ബാധിക്കില്ലെന്നു മുന്‍കാലങ്ങളില്‍ നല്ലൊരുപങ്കും വിശ്വസിച്ചിരുന്നു. അതിനാല്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേതുപോലെ മലയാളി ആവേശം കാണിച്ചിരുന്നില്ല. ഇന്നതില്‍ മാറ്റമുണ്ടായി. പൊതുവെ കുറഞ്ഞ പോളിങ് നടക്കാറുള്ള തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ പോലുള്ള മണ്ഡലങ്ങളിലെ ഉയര്‍ന്ന നിരക്ക് ഈ വാദം സാധൂകരിക്കുന്നു. ഇടതുവലതു മുന്നണികള്‍ തമ്മില്‍ തീവ്രപോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ നിരക്ക് ഇത്രയധികം ഉയര്‍ന്നിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായാണു കേരളജനത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കണ്ടിരുന്നതെന്ന വസ്തുത വ്യക്തമായി നമ്മുടെ മുന്നിലുണ്ട്. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ നിലവില്‍ വന്ന 1980 മുതല്‍ 2014 വരെ നടന്ന പത്തു ലോക്‌സഭാ തെരഞ്ഞെടുപ്പുകളും സൂചിപ്പിക്കുന്നത് അതാണ്. ആ പത്തു തെരഞ്ഞെടുപ്പുകളില്‍ രണ്ടുവട്ടം മാത്രമാണ് ഇടതുമുന്നണിക്കു മേല്‍ക്കൈയുണ്ടായത്, 1980 ലും 2004 ലും മാത്രം. ഒപ്പത്തിനൊപ്പം നിന്നത് 1996 ലും.
ഈ മൂന്നു ഘട്ടങ്ങളിലും ദേശീയവും പ്രാദേശികവുമായ ഘടകങ്ങള്‍ കാരണമായുണ്ട്. 1980 ല്‍ ഇന്ദിരാ ഗാന്ധി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തുമെന്നു വലിയൊരു വിഭാഗം കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിച്ചിരുന്നില്ല. ആന്റണി കോണ്‍ഗ്രസും മാണികോണ്‍ഗ്രസും ഇടതു പക്ഷത്തിനൊപ്പവുമായിരുന്നു.
2004 ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ തിളങ്ങുന്ന ഇന്ത്യക്കുമുന്നില്‍ ചെറുത്തുനില്‍ക്കാനാവാതെ, നേതൃത്വമില്ലാതെ ഉഴലുകയായിരുന്നു കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസിലും യു.ഡി.എഫിലും അന്തഃഛിദ്രം പാരമ്യത്തിലായിരുന്നു. അത് ഇടതുപക്ഷത്തിന് തിളങ്ങുന്ന വിജയം സമ്മാനിച്ചു.
1996 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് അങ്ങേയറ്റം പ്രതിരോധത്തിലായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും നരസിംഹറാവു സര്‍ക്കാരിനെതിരായ വികാരവും നെഹ്‌റുകുടുംബം പാര്‍ട്ടിയെ നയിക്കാനില്ലാത്തതും ദുര്‍ബലാവസ്ഥയ്ക്കു കാരണമായി. എന്നിട്ടുപോലും ഒപ്പത്തിനൊപ്പമെത്താനേ എല്‍.ഡി.എഫിനു കഴിഞ്ഞുള്ളൂ.
ഇപ്പറഞ്ഞതല്ല ഇപ്പോഴത്തെ ദേശീയരാഷ്ട്രീയ കാലാവസ്ഥ. ഒറ്റയ്ക്കു ഭരിക്കാന്‍ കഴിയില്ലെങ്കിലും മോദിയെ തോല്‍പ്പിച്ച് ഉണ്ടാകാന്‍ പോകുന്ന സംവിധാനത്തില്‍ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസാകുമെന്ന് ആരും സമ്മതിക്കും. കേരളത്തിനു പുറത്ത് 2004 കാലത്തെ ശക്തി ഇടതുപക്ഷത്തിനില്ലെന്നതു പച്ചപ്പരമാര്‍ഥം. അതിനാല്‍, മോദി സര്‍ക്കാര്‍ പുറത്തുപോകണമെന്നാഗ്രഹിക്കുന്ന ശരാശരി പൗരന്‍ കോണ്‍ഗ്രസിനു ശക്തിയുള്ളിടത്ത് അവരെ പിന്തുണയ്ക്കുമെന്നതു ലളിത സത്യം.
കോണ്‍ഗ്രസ് ജയിക്കാന്‍ സാധ്യതയില്ലാത്തിടത്ത് ബി.ജെ.പി വിരുദ്ധരില്‍ കൂടുതല്‍ സാധ്യതയുള്ളവരെ ജനം പിന്തുണയ്ക്കും. മോദീവിരുദ്ധ രാഷ്ട്രീയത്തെ അഖിലേന്ത്യാതലത്തില്‍ ഏകോപിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്ന സത്യവും നമ്മുടെ മുന്നിലുണ്ട്. ആ ഐക്യം സാധിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ചു നേരിയ ആശങ്കപോലും ഉണ്ടാകുമായിരുന്നില്ല.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്നതിനു കാരണമുണ്ടെങ്കിലും കേരളത്തിലെ മോദീവിരുദ്ധര്‍ക്ക് അതത്ര ബോധ്യമാവില്ല. അവര്‍ക്കു മുന്നില്‍ മോദിക്കെതിരേ രാഹുല്‍ എന്ന ചിത്രമാണു മാധ്യമങ്ങള്‍ വരച്ചുവച്ചിട്ടുള്ളത്. ആ മനോഭാവക്കാരുടെ ഏകീകരണം പോളിങ് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. വയനാട്ടില്‍ മാത്രമല്ല കേരളത്തില്‍ പലയിടത്തും ഇതിന്റെ ചലനങ്ങള്‍ കാണാം.
അഞ്ചുകൊല്ലം മുമ്പുള്ള രാഹുലല്ല ഇപ്പോഴുള്ളത്. നേതൃശക്തി പ്രകടമാണ്. അതിന്റെ നേട്ടം യു.ഡി.എഫിനുണ്ടാകും. പല ചാനല്‍ സര്‍വേകളും സൂക്ഷ്മമായി പഠിച്ചാല്‍ കാണുന്ന സത്യം ഇടതുപക്ഷ ഭരണം മോശമല്ലെന്നു പറയുന്നവര്‍ കൂടുതലുള്ളപ്പോഴും കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ അവര്‍ തള്ളിപ്പറയുന്നില്ലെന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചവര്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്തിട്ടുണ്ടാകണം.
ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരില്‍ ആവേശമുണ്ടാക്കുമെന്നു പലരും, പ്രത്യേകിച്ചു സംഘ്പരിവാര്‍ പ്രചരിപ്പിച്ച ശബരിമല വിഷയങ്ങള്‍ ശതമാനം വര്‍ധിപ്പിക്കുന്നതിലെ ഒരു കാരണമാണെന്നു സമ്മതിക്കുന്നു. പക്ഷേ, ബി.ജെ.പിക്കാര്‍ പ്രതീക്ഷിക്കുന്നപോലെ അത് അവരുടെ പെട്ടി നിറയ്ക്കില്ല.
ശബരിമല വിഷയത്തെ പലരും പലരീതിയിലാണു കാണുന്നത്. സര്‍ക്കാര്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ ധൈര്യം കാട്ടിയെന്നു ചിന്തിക്കുന്നവരുടെ വോട്ട് ഇടതുപക്ഷത്തിനാകും, ഈ വിഭാഗം വളരെ കുറവാണെന്നു മാത്രം. തങ്ങളുടെ വീട്ടുകാരില്‍പോലും 'സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടി'യെന്ന ധാരണയുണ്ടാക്കാന്‍ എതിരാളികള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന സത്യം ഇടതുപക്ഷം വേണ്ടരീതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നു തോന്നുന്നു.
തങ്ങള്‍ വിശ്വാസത്തിനെതിരല്ല, ആരെയും നിര്‍ബന്ധപൂര്‍വം ശബരിമലയില്‍ കയറ്റിയില്ല തുടങ്ങിയ വാദങ്ങള്‍ കൊണ്ടു മാത്രം പ്രശ്‌നം മറയ്ക്കാന്‍ കഴിയില്ല. ലോലവികാരം ഉയര്‍ത്തി ജനങ്ങളെ വരുതിയിലാക്കാന്‍ സംഘ്പരിവാര്‍ ആസൂത്രിതമായി ശ്രമിച്ചു. കേരളം ഇതുവരെ കാണാത്തവിധം വര്‍ഗീയധ്രുവീകരണത്തിനു വഴിയൊരുക്കി. തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും തോറ്റാലും ഇതുണ്ടാക്കിയ മുറിവുകള്‍ അത്രവേഗം ഉണങ്ങില്ല. ഒരു വിഭാഗമെങ്കിലും സര്‍ക്കാരിന്റെ നടപടിക്കെതിരേ ചിന്തിക്കുന്നുണ്ട്. അവര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ ആവേശമുണ്ടാകാം.
പക്ഷേ അതു സംഘ്പരിവാറിനാകുമോ ഒരു തരത്തില്‍ അവരോട് ആശയപരമായി യോജിച്ചുനിന്ന യു.ഡി.എഫിനാകുമോ ഗുണം ചെയ്യുകയെന്ന കാര്യം വ്യക്തമല്ല. പ്രാദേശികമായും സ്ഥാനാര്‍ഥിയുടെ പ്രത്യേകതകൊണ്ടുമെല്ലാം വിജയപരാജയങ്ങള്‍ നിര്‍ണയിക്കപ്പെടാമെങ്കിലും അതു വോട്ട് ശതമാനത്തെ കാര്യമായി ബാധിക്കില്ല.
ഫലപ്രവചനത്തിനൊന്നും മുതിരാതെ ഒരാഗ്രഹം പറയട്ടെ, കേരളത്തിലൊരിടത്തും താമര വിരിയാതിരുന്നാല്‍ത്തന്നെ നമുക്കഭിമാനിക്കാം, അവിടെ ജയിക്കുന്നത് ഏതു മുന്നണിയായാലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."