178 ഭക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങും
ആലപ്പുഴ: ശുചീകരണം തുടങ്ങുന്ന 22 പഞ്ചായത്തുകളിലായുള്ള 178 വാര്‍ഡുകളിലും 178 ഭക്ഷണകേന്ദ്രങ്ങള്‍ തുടങ്ങും. ശുചീകരണത്തിന് വരുന്നവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇവിടെ ഭക്ഷണം നല്‍കാന്‍ എല്ലാ സൗകര്യവും ചെയ്തിട്ടുണ്ട്.
എല്ലാ വാര്‍ഡുകളിലേക്കും രണ്ടു ചാക്ക് അരിയും ആവശ്യമായ പലവ്യഞ്ജനങ്ങളും ഗ്യാസുള്‍പ്പടെയുള്ള എല്ലാ സാധനങ്ങളും അവിടങ്ങളിലെത്തിക്കും.
ശുചീകരണം തുടരുംവരെ ഭക്ഷണകേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. ഇവര്‍ക്കാവശ്യമായ സാധനങ്ങള്‍ കുട്ടനാടിന്റെ ചില മേഖലകളില്‍ ബോട്ടുമാര്‍ഗവും മറ്റിടങ്ങളില്‍ ടോറസിലും എത്തിക്കും.
ഗ്രാമപഞ്ചായത്തുകളില്‍ അവ ശേഖരിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യും. ഓരോ വാര്‍ഡിലും 500 ബോട്ടില്‍ വീതം വെള്ളക്കുപ്പികള്‍ വിതരണം ചെയ്യും.
ശുചീകരണം നടത്തുന്ന 178 വാര്‍ഡുകളിലും സുസജ്ജമായ ചികില്‍സ സൗകര്യമുണ്ടാകും. ഇതിനു പുറമേ ബോട്ടുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ ഡോക്ടര്‍മാര്‍ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടാകും.
ശുചീകരണത്തിനാവശ്യമായ എല്ലാ സാധനസാമഗ്രികളും വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നീറ്റുകക്ക പ്രധാനമായും വിതരണം ചെയ്യും. ഒരു പാടശേഖരത്തിന് ഒരു പമ്പു വീതം നല്‍കും.
വെള്ളമിറങ്ങുന്ന മുറയ്ക്ക് ബണ്ട് തെളിഞ്ഞാലേ കനാലിലെ വെള്ളം പാടത്തേക്ക് പോകൂ. എ.സി.റോഡിലെ വെള്ളം പമ്പുചെയ്തുകളയാന്‍ വലിയ പമ്പ് സജ്ജമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."