ദുരിതാശ്വാസ ക്യാംപുകളില്‍ സാന്ത്വനവുമായി ജയറാം
നെടുമ്പാശ്ശേരി: പ്രളയം ദുരിതം വിതച്ച നെടുമ്പാശ്ശേരി മേഖലയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ സാന്ത്വനവുമായി സിനിമതാരം ജയറാം എത്തി. ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഓണക്കോടിയുമായാണ് ജയറാം എത്തിയത്. ലോകത്തുള്ള മുഴുവന്‍ മലയാളികളും ദുരിതത്തിനിരയായവരെ സഹായിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനും ഒപ്പമുണ്ടാകുമെന്ന് ജയറാം പറഞ്ഞു. വിവരിക്കാന്‍ പറ്റാത്ത ദുരിതമാണ് പലരും അനുഭവിക്കുന്നതെന്നും എന്നാല്‍ എല്ലാ ദുരിതങ്ങളും നാം ഒരുമിച്ച് നിന്ന് അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്‍വര്‍സാദത്ത് എം.എല്‍.എയോടൊപ്പമാണ് ജയറാമെത്തിയത്. നെടുമ്പാശ്ശേരി, ചെങ്ങമനാട് പഞ്ചായത്തുകളിലുള്ളവരാണ് പ്രധാനമായും മേഖലയിലെ ക്യാംപുകളില്‍ കഴിയുന്നത്. അത്താണി സെന്റ് ഫ്രാന്‍സിസ് അസീസി സ്കൂള്‍, ഫാര്‍മസി ജങ്ഷന് അംഗന്‍വാടി, തുരുത്തിശ്ശേരി ഗവ:എല്‍.പി.സ്കൂള്‍ എന്നീ ക്യാമ്പുകളിലായി 400 റിലധികം പേര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ദിലീപ് കപ്രശ്ശേരി, മിനി എല്‍ദോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു മൂലന്, സന്ധ്യ നാരായണപിള്ള, പഞ്ചായത്തംഗങ്ങളായ ബിജി സുരേഷ്, മനോജ്.പി.മൈലന്‍, പി.കെ.അജി, പി.വൈ.വര്‍ഗ്ഗീസ്, എം.ജെ.ജോമി തുടങ്ങിയവരും ജയറാമിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."