കേരള മോഡല്‍ നിര്‍മിതികള്‍ക്ക് രൂപം നല്‍കണം
കോട്ടയം: കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് കേരളത്തിന്റെ തനത് രീതികള്‍ തന്നെ ഉപയോഗിക്കണമെന്ന് കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മ്മിതികള്‍ നടത്തണം . ഓരോ രാജ്യത്തിന്റെയും ഭൂപ്രകൃതി അനുസരിച്ചായിരിക്കണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആധുനിക നിര്‍മ്മാണ രീതികളുടെ പിന്‍ബലത്തോടുകൂടിയ കേരള മോഡല്‍ നിര്‍മ്മാണം നടത്തുന്നതിന് കേരള സര്‍ക്കാര്‍ അടിയന്തിരമായി മുന്നോട്ടുവരണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കേരള മോഡല്‍ നിര്‍മിതികളുടെ പ്രോത്സാഹനത്തിനായി ഒക്ടോബര്‍ 2ന് ആലപ്പുഴയില്‍ നിര്‍മ്മാണ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കൂട്ടായ്മയില്‍ സെമിനാറും പ്രദര്‍ശനവും സംഘടിപ്പിക്കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയുടെ കേടുപാടുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കുന്നതിന് കരാറുകാര്‍ സഹകരിക്കുമെന്നും അസോസിയേഷന്‍ സംസ്ഥാനപ്രസിഡന്റ് വര്‍ഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു.
സിമിന്റ് വാര്‍ഷിക നിരക്ക് കരാര്‍ വ്യവസ്ഥയില്‍ ഉല്‍പാദകരില്‍ നിന്നും നേരിട്ട് സംഭരിക്കാന്‍ വ്യവസായ വകുപ്പ് തയ്യാറാകണം. ചെറുകിട ക്വാറികള്‍ പ്രവര്‍ത്തന ക്ഷമമാക്കണം, കുടിവെള്ള പദ്ധതി, ഗ്രാമീണ റോഡുകള്‍ എന്നിവയുടെ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കാന്‍ കേരള സര്‍ക്കാരും എം.പി മാരും കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തണമെന്നും കേരളാ ഗവ. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് റെജി ടി ചാക്കോ, സെക്രട്ടറി ഷാജി ഇലവത്തില്‍, ട്രഷറര്‍ മനോജ് പാലത്ര, കിച്ചു സേവ്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."