ദുരിതാശ്വാസമായി ലഭിച്ച സാധനങ്ങള്‍ പങ്കുവെച്ച് കാടിന്റെ മക്കള്‍
കുമളി : ദുരിതാശ്വാസ ക്യാംപില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ സാധനങ്ങള്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കി കാടിന്റെ മക്കള്‍ മാതൃകയാകുന്നു. കുമളി പളിയക്കുടി ആദിവാസി കോളനിയിലെ ആളുകളാണ് മനുഷ്യത്വത്തിന്റെ മുഖം സമൂഹത്തിനു മുമ്പില്‍ വ്യക്തമാക്കുന്നത്.
ശക്തമായ മഴയെ തുടര്‍ന്ന് പളിയക്കുടി കോളനിയില്‍ ഉരുള്‍ പൊട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് കോളനിയില്‍ പളിയക്കുടി നിവാസികള്‍ക്കായി ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയിരുന്നു. ക്യാമ്പിലൂടെ നല്‍കിയ അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ള സാധനങ്ങളാണ് ഇവര്‍ ദുരിത മേഖലയില്‍ എത്തിക്കുന്നതിനായി വനം വകുപ്പിന് കൈമാറിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ ആദിവാസി വാച്ചര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ജലപ്രളയം ദുരിതം വിതച്ച മേഖലകളില്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയിരുന്നു. ഇപ്പോഴും ദുരിത ജലം ഇറങ്ങിയിട്ടില്ലാത്ത മേഖലകളിലെ ജനങ്ങള്‍ ആഹാരത്തിനും ശുദ്ധജലത്തിനും വേണ്ടി കഷ്ടപ്പെടുന്നത് ആദിവാസി വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മനസ്സിലാക്കിയിരുന്നു. സേവനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയവര്‍ ഇക്കാര്യം കുടിയിലെ മറ്റുള്ളവരോട് പങ്കുവെച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് മറ്റു മേഖലയില്‍ ഉണ്ടായ ദുരിതത്തിന്റെ ഒരംശംപോലും നേരിടേണ്ടി വന്നിരുന്നില്ലെന്ന് മനസ്സിലാക്കിയതിനാലാണ് അവര്‍ തങ്ങള്‍ക്കു ലഭിച്ച സാധനങ്ങള്‍ ദുരിത മേഖലയിലേക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്.
ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആദിവാസി കോളനിയില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങി. 325 കിലോ അരി 60 കിലോയോളം വരുന്ന പഞ്ചസാര, പയര്‍, പരിപ്പ് എന്നീ ഭക്ഷ്യ വസ്തുക്കളും പായ, പുതപ്പ് എന്നിവയുമാണ് ആദിവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ആദിവാസി വികസന വകുപ്പ് പൊതുജനങ്ങളും വിവിധ സന്നദ്ധ സംഘടനകളും നല്‍കിയ സാധനങ്ങളാണിവ. പെരിയാര്‍ കടുവാ സങ്കേതത്തിലെ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസ് യോഹന്നാന്‍ ചെയര്‍മാന്‍ വി ശശി, വൈസ് ചെയര്‍മാന്‍ രാജാത്തി ശശി, അംഗങ്ങളായ എം ചന്ദ്രന്‍, മാണിക്യം, വകുപ്പ് ഉദ്യോഗസ്ഥരായ മാത്യുജോണ്‍, ശ്രീരാജ്, അജിമോന്‍, ടി. കെ ബിജു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്ത ദിവസം തന്നെ വനംവകുപ്പിലെ ചെലവില്‍ ഈ സാധനങ്ങള്‍ ചെങ്ങന്നൂരിലെ ദുരിത പ്രദേശങ്ങളില്‍ എത്തിച്ചു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."