അഡ്വ. സി. ഷുക്കൂറിനെ നീക്കിയ നടപടി സ്വാഗതാര്‍ഹം: ലോയേഴ്‌സ് ഫോറം
കാസര്‍കോട്: അരിയില്‍ ശുക്കൂര്‍ വധക്കേസിലടക്കം പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ മഹത്വവല്‍ക്കരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അഡ്വ. സി. ഷുക്കൂറിനെ കേരള ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയ സംസ്ഥാന ഘടകത്തിന്റെ നടപടി സ്വാഗതാര്‍ഹമെന്ന് കാസര്‍കോട് ജില്ലാ കമ്മിറ്റി. തുടര്‍ന്ന് ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റായി അഡ്വ. എം.ടി.പി കരീമിനെ തിരഞ്ഞെടുത്തു. ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായ കരീം മുസ്‌ലിം ലീഗ് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ്. യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സി.എന്‍ ഇബ്രാഹിം അധ്യക്ഷനായി. അഡ്വ. എന്‍.എ ഖാലിദ്, അഡ്വ. സക്കീര്‍ അഹമ്മദ്, അഡ്വ. എം.ടി.പി കരീം, അഡ്വ. കെ.കെ മുഹമ്മദ് ഷാഫി, അഡ്വ. വി.എം മുനീര്‍, അഡ്വ. ബി. ഷംസുദ്ദീന്‍, അഡ്വ. ആയിഷാ തസ്‌നീമ, അഡ്വ. സമീറാ ഫൈസല്‍, അഡ്വ. സി.എന്‍ ആയിഷാ സഫീറ, അഡ്വ. ഷമ്മ ഇബ്രാഹീം, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി.എ ഫൈസല്‍ സംസാരിച്ചു.
സ്വാഭാവിക നീതി ലഭിച്ചില്ലെന്ന് അഡ്വ. സി. ഷുക്കൂര്‍
കാസര്‍കോട്: പി. ജയരാജനെ പ്രകീര്‍ത്തിച്ചു ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് തനിക്കെതിരേ നടപടിയെടുത്തത് സാഭാവിക നീതിയല്ലെന്ന് അഡ്വ. സി. ഷുക്കൂര്‍. സംഘ്പരിവാര്‍ അക്രമങ്ങളെ ചെറുക്കുന്നതിലും അദ്ദേഹം നേരിട്ട അക്രമങ്ങളെ അതിജീവിച്ചതിനെ കുറിച്ചുമാണ് തന്റെ പോസ്റ്റ്. ഇതില്‍ മുസ്‌ലിം ലീഗിനെതിരെ ഒരു പരാമര്‍ശം പോലുമില്ലെന്നും ഷുക്കൂര്‍ പറയുന്നു.
തന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അത് പിന്‍വലിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ അംഗീകരിക്കുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. പകരം തനിക്കെതിരെ വിശദീകരണം പോലും ചോദിക്കാതെ നടപടി സ്വീകരിക്കുകയാണ് ചെയ്തത്. സംസ്ഥാന നേതൃത്വത്തില്‍നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കിലും ഉറച്ച ലീഗുകാരനായി തുടരുമെന്നും ഷുക്കൂര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."