ഊരുകളിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കൈത്താങ്ങുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
മാവൂര്‍: ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വിസ് സ്‌കീം കോഴിക്കോട് റൂറല്‍ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 'വയനാടിനൊരു കൈത്താങ്ങ് ' പ്രളയ ദുരിതാശ്വാസ യാത്ര സംഘടിപ്പിച്ചു. ക്ലസ്റ്ററിലെ വിവിധ എന്‍ എസ് എസ് യൂനിറ്റുകള്‍ ശേഖരിച്ച ഭക്ഷണകിറ്റുകള്‍, നാളികേരം , പുത്തന്‍ വസ്ത്രങ്ങള്‍, സാനിറ്ററി, ടോയ്‌ലറ്റ് കിറ്റുകള്‍, മരുന്നുകള്‍, പായ, തലയണ, തുടങ്ങിയ സാധനസാമഗ്രികളാണ് വിതരണം ചെയ്തത്.
വളണ്ടിയര്‍മാര്‍ നേരിട്ട് പനമരം കരിമ്പുമ്മല്‍ കോളനി, ചുണ്ടക്കുന്നു കോളനി, വാഴക്കണ്ടി കോളനി, ആര്യനാട്ടുകുന്ന കോളനി എന്നിവിടങ്ങളിലെ നുറോളം വീടുകളിലും പടിഞ്ഞാറത്തറ, കൊച്ചാറ, കൂമ്പന്‍പാറ കോളനികളിലും തെങ്ങുമ്മുടെ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന മാടത്തുംപാറ എസ്.ടി കോളനി നിവാസികളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞു ആശ്വസിപ്പിക്കുകയും ചെയ്തു.
മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ജി.എച്ച്. എസ് .എസ് നായര്‍കുഴി, വി എം എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്ന്, മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ.എച്ച്.എസ് എസ്, ചേന്നമംഗലൂര്‍ എച്ച്.എസ് .എസ്, പി.ടി.എം.എച്ച്.എസ് .എസ് കൊടിയത്തൂര്‍ എന്നീ യൂനിറ്റുകളില്‍ നിന്നായി 68 എന്‍ എസ് എസ് വളണ്ടിയര്‍മാരും പ്രോഗ്രാം ഓഫിസര്‍മാരും രണ്ടു ടീമുകളായി തിരിഞ്ഞാണ് ഊരുകള്‍ സന്ദര്‍ശിച്ചത്.
പ്രോഗ്രാം ഓഫിസര്‍മാരായ സില്ലി ബി കൃഷ്ണന്‍, എം.പി തോമസ്, അഹമ്മദ് കുട്ടി, ലുക്മാന്‍, എന്‍ എസ് എസ് പി എ സി മെംബറും റൂറല്‍ ക്ലസ്റ്റര്‍ കണ്‍വീനറുമായ എ.പി മിനി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വയനാട് ജില്ല കണ്‍വീനര്‍ ജോസഫ് എം. ജെ, പനമരം ജി എച് എസ് പ്രോഗ്രാം ഓഫിസര്‍ ആല്‍ബിന്‍ ജോസ് . പി പടിഞ്ഞാറത്തറ സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ ,എന്‍ എസ് എസ് അലുംനി മെമ്പര്‍ രാഹുല്‍, മുരളി തുടങ്ങിയവര്‍ ഊരുകളിലെ സന്ദര്‍ശനത്തിന് മാര്‍ഗദര്‍ശികളായി പൂര്‍ണ പിന്തുണ നല്‍കി. രാവിലെ മാവൂരില്‍ നിന്നും പുറപ്പെട്ട ടീം രാത്രി എട്ടോടെ തിരിച്ചെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."