മഞ്ചേരിയിലെ ഗതാഗതക്കുരുക്കില്‍ വീണ്ടും രാഷ്ട്രീയക്കളി; നെല്ലിപ്പറമ്പ്-ജസീല ജങ്ഷന്‍ സര്‍വേ കടലാസിലൊതുങ്ങി
മഞ്ചേരി: മഞ്ചേരി നഗരത്തിലെ ഗതാഗത കുരുക്കഴിക്കാനുള്ള നടപടികള്‍ കടലാസില്‍ ഒതുങ്ങി. നെല്ലിപ്പറമ്പ് മുതല്‍ ജസീല ജങ്ഷന്‍ വരെ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായുള്ള സര്‍വേ നടപടികള്‍ വീണ്ടും അട്ടിമറിച്ചു. നെല്ലിപ്പറമ്പില്‍ നിന്നും പെട്രോള്‍ പമ്പുവരെയുളള ഭാഗങ്ങള്‍ അളന്നു തിട്ടപ്പെടുത്തിയിട്ട് മാസങ്ങളായെങ്കിലും ബാക്കിയുള്ള സ്ഥലങ്ങളിലെ സര്‍വേ പാതിവഴിയില്‍ നിര്‍ത്തിവെക്കുകയായിരുന്നു. രണ്ടു ദിവസത്തിനുളളില്‍ സര്‍വേ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒന്നാം ദിവസത്തെ സര്‍വേക്ക് ശേഷം റവന്യൂ വിഭാഗമൊ ജനപ്രതിനിധികളൊ സര്‍വേ നടപടികളുമായി ബന്ധപ്പെട്ട് ഒരു കാര്യവും ചെയ്തിട്ടില്ല.
റോഡിന് 14 മീറ്റര്‍ വീതിയാണ് വേണ്ടത്. എങ്കില്‍ മാത്രമേ മഞ്ചേരിയുടെ ഗതാഗതക്കുരുക്കിന് അല്‍പമെങ്കിലും പരിഹാരം കാണാനാകൂ. ഇരുവശത്തു നിന്നും ഭൂമി ഏറ്റെടുത്താല്‍ റോഡിന് ആവശ്യമായ സ്ഥലം കണ്ടെത്താനാകുമെങ്കിലും സ്വകാര്യ വ്യക്തികളെ സംരക്ഷിക്കാന്‍ രാഷ്ട്രീയ നേതൃത്വവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുക്കളിക്കുകയാണെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യ പ്രകാരം റവന്യൂ വകുപ്പിന്റെ കീഴിലുള്ള സര്‍വേ വിഭാഗം ചെരണി മുതല്‍ ജസീലാ ജംഗ്ഷന്‍ വരെ നാല് മാസം മുമ്പ് സര്‍വേ നടത്തിയിരുന്നു.
എന്നാല്‍ സര്‍വെ പൂര്‍ത്തികരിച്ചെങ്കിലും ഇതിന്റെ സ്‌കെച്ച് അധികൃതര്‍ മുക്കുകയായിരുന്നു. ഒന്നിച്ചു നടത്തുന്നതിന് പകരം ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തിയത് പല ഘട്ടങ്ങളിലാണ്. ഒരു സര്‍വേ പൂര്‍ത്തീകരിച്ച് ആഴ്ചകള്‍ കഴിഞ്ഞതിന് ശേഷമാണ് പിന്നീട് സര്‍വേ നടത്തിയത്. ഇതോടെ ആദ്യം സര്‍വേ നടത്തി അടയാളത്തിനായി സ്ഥാപിച്ച കല്ലുകള്‍ പലയിടങ്ങളിലും ഇളക്കികൊണ്ടുപോയി. ഇതിന് റവന്യൂ ഉദ്യോഗസ്ഥര്‍ തന്നെ കൂട്ടു നിന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സ്ഥലം കയേറിയവര്‍ സര്‍വേ നടത്തി തിരികെ പോയ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു എന്നാണ് ആക്ഷേപം. അടയാളത്തിനായി സ്ഥാപിച്ച കല്ല് ഓരോന്നായി അപ്രത്യക്ഷമായിരിക്കുകയാണ്. ഈ കാര്യം കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും കയ്യേറ്റം തുടരുകയാണ്. ഇതിനിടയിലാണ് പ്രതിഷേധത്തെ തുടര്‍ന്ന് ആരംഭിച്ച സര്‍വേയും കടലാസില്‍ ഒതുങ്ങിയിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."