മുസ്‌ലിം ലീഗ് മതതീവ്രവാദ സംഘടനയായെന്ന് വിജയരാഘവന്‍
മലപ്പുറം: മുസ്‌ലിം ലീഗ് മതതീവ്രവാദ സംഘടനയായി മാറുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ആരോപിച്ചു. മതദ്രുവീകരണം സൃഷ്ടിക്കുകയാണ് മുസ്‌ലിം ലീഗിന്റെ ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു. താനൂരില്‍ വി. അബ്ദുര്‍റഹ്മാന്‍ എം.എല്‍.എയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ സി.പി.എം നടത്തിയ പ്രതിഷേധപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു വിജയരാഘവന്‍.
പോലിസ് നടപ്പാക്കേണ്ടത് ലീഗിന്റെ നയമല്ല, ഇടതുപക്ഷത്തിന്റെ നയമാണ്. നടപ്പാക്കിയില്ലെങ്കില്‍ അത് നടപ്പിലാക്കാന്‍ ഇടതുപക്ഷത്തിനറിയാമെന്നും വിജയരാഘവന്‍ പറഞ്ഞു. താനൂരില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
തിരഞ്ഞെടുപ്പിന് തലേദിവസമാണ് ഒഴുവൂര്‍ വെള്ളച്ചാലില്‍ വച്ച് ഒരു സംഘമാളുകള്‍ താനൂര്‍ എം.എല്‍.എയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതിയുയര്‍ന്നത്. ലീഗാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഇതിനു പിന്നാലെ താനൂര്‍ പോലിസ് ഒമ്പത് പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു.
പിന്നീട് രണ്ടു പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ച്ചതില്‍ പ്രതിഷേധിച്ച് താനൂരില്‍ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ഇനി താനൂര്‍ എം.എല്‍.എയെ തടയാന്‍ ശ്രമിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് വിജയരാഘവന്‍ പറഞ്ഞു.
ഈ സംഭവം അവസാനത്തേതായിരിക്കണമെന്ന് സി.പിഎമ്മിനും ഇടതുപക്ഷത്തിനും ആഗ്രഹമുണ്ട്. അല്ല, നേരെ മറിച്ചാണെങ്കില്‍ ഏത് രീതിയിലാണോ ഏത് നാണയത്തിലാണോ അതേ രീതിയില്‍ സി.പി.എമ്മും ഇടതുപക്ഷവും നേരിടുമെന്നും വിജയരാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."