ഡാമുകള്‍ തുറന്നതില്‍ വീഴ്ചയില്ല; ആരോപണങ്ങള്‍ നിഷേധിച്ച് കെ.എസ്.ഇ.ബി
തിരുവനന്തപുരം: ഡാമുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിനു കാരണമെന്ന ആരോപണങ്ങള്‍ നിഷേധിച്ച് കെ.എസ്.ഇ.ബി. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നുവെന്നും ഡാമുകള്‍ തുറന്നതില്‍ വീഴ്ചവന്നിട്ടില്ലെന്നും ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണം ദുരുദ്ദേശപരമാണെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങളെയും മുന്‍വര്‍ഷങ്ങളില്‍ ലഭിച്ച നീരൊഴുക്കിന്റെ അളവിനെയും പ്രതിദിനം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന നീരൊഴുക്കിനെയും അടിസ്ഥാനമാക്കിയാണ് ഡാമുകളില്‍ ജലത്തിന്റെ ഉപയോഗം ക്രമീകരിക്കുന്നത്.
എന്നാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ജൂണ്‍, സെപ്റ്റംബര്‍ മാസത്തേക്കുള്ള ആദ്യഘട്ട ദീര്‍ഘകാല പ്രവചനത്തിലും മെയ് 30ന് പുറത്തിറക്കിയ രണ്ടാംഘട്ട പ്രവചനത്തിലും തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണഗതിയിലാകുമെന്നാണുണ്ടായിരുന്നത്. പിന്നീട് പുറത്തിറക്കിയ മുന്നറിയിപ്പിലും കഠിനമായ മഴയുടെ സൂചനയുണ്ടായിരുന്നില്ലെന്നും ബോര്‍ഡ് അറിയിച്ചു.
ജൂലൈ രണ്ടാം വാരത്തില്‍ തന്നെ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ചെറുകിട ജലവൈദ്യുത നിലയങ്ങളും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഷോളയാര്‍, ബാണാസുര സാഗര്‍ തുടങ്ങിയവ തുറന്നുവിടുകയും ചെയ്തിരുന്നു. മറ്റു ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമയാസമയങ്ങളില്‍ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.
ഒരു ഡാമും രാത്രിയില്‍ തുറന്നിട്ടില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ബാണാസുര സാഗര്‍ ഡാമിന്റെ കാര്യത്തില്‍ ഈ നടപടിക്രമങ്ങള്‍ പ്രായോഗികമല്ലെന്നും ഡാമുകള്‍ തുറക്കേണ്ട സാഹചര്യം സമയത്തുതന്നെ ജില്ലാ ഭരണാധികാരികളെ അറിയിച്ചിരുന്നുവെന്നും ബോര്‍ഡ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."