വൈദ്യുതി (ഭേദഗതി) ബില്‍ 2020 ഉയര്‍ത്തുന്ന ആശങ്കകള്‍
പ്രവര്‍ത്തന സങ്കീര്‍ണതകളുടെയും നിരന്തരമായ പ്രശ്‌നങ്ങളുടെയും കാര്യത്തില്‍ രാജ്യത്തെ വൈദ്യുത മേഖല കാര്‍ഷിക മേഖലയുമായി നിരവധി സവിശേഷതകള്‍ പങ്കിടുന്നു. ഈ മേഖലയിലെ പരിഷ്‌കാരങ്ങള്‍ ലക്ഷ്യമാക്കിയത് ശക്തമായ ഒരു ഘടന രൂപപ്പെടുത്തിയെടുക്കുന്നതിലാണ്. പൊതുജനങ്ങള്‍, തൊഴിലുടമകള്‍, വ്യാപാരികള്‍, മേഖലയിലെ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള ബന്ധപ്പെട്ടവരില്‍ ഭാവിയില്‍ ഉണ്ടാകുന്ന ഗുണപരമായ പ്രത്യാഘാതങ്ങളെ അടിസ്ഥാനമാക്കിയാണ് അത്തരം പരിഷ്‌കാരങ്ങള്‍ വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2003 ലെ വൈദ്യുതി നിയമത്തില്‍ ഒരു കൂട്ടം ഭേദഗതികള്‍ പുറത്തിറക്കിയതാണ് നിലവിലെ ചര്‍ച്ചകള്‍ക്ക് ഇതിവൃത്തം. നിര്‍ദിഷ്ട ബില്ലിലെ ചില പുതിയ സമീപനങ്ങളും പരിഹാരങ്ങളും സംബന്ധിച്ച് പ്രസ്തുത മേഖലയില്‍ ബന്ധപ്പെട്ടവര്‍ ശക്തമായ വിയോജിപ്പും എതിര്‍പ്പും ഉന്നയിച്ചിരിക്കുന്നു. 2014 ലും 2018 ലും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍, ബില്‍ അവതരിപ്പിക്കാന്‍ കൊവിഡ് ലോക്ക്ഡൗണ്‍ കാലയളവ് തന്നെ തിരഞ്ഞെടുത്തതില്‍ ദുഷ്ടലാക്കുള്ളതായി ശക്തമായ ആരോപണമുണ്ട്.
ഇന്ത്യയിലെ ഊര്‍ജമേഖലയെ സമൂലമായി പരിവര്‍ത്തനം ചെയ്യുന്നതിലുള്ള ആദ്യ ദൗത്യമായിരുന്നു 2003 ലെ വൈദ്യുതി നിയമം. ചില സുപ്രധാന നയ പരിഷ്‌കരണങ്ങളോടൊപ്പം, കാലഹരണപ്പെട്ട വൈദ്യുതി നിയമം നിയന്ത്രിക്കുന്ന മേഖലയിലെ ആവര്‍ത്തിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി 2020 ഏപ്രില്‍ 17 ന് വൈദ്യുതി മന്ത്രാലയം വൈദ്യുതി (ഭേദഗതി) ബില്‍ 2020 ന്റെ കരട് രൂപം പുറത്തിറക്കി.
സംസ്ഥാന സര്‍ക്കാരുകള്‍, ജീവനക്കാര്‍ മുതലായ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടവര്‍ ഇതിനകം തന്നെ ഉന്നയിച്ചിട്ടുള്ള ആശങ്കകള്‍ ഭേദഗതി ബില്ലിന്റെ പ്രധാന വ്യവസ്ഥകളെക്കുറിച്ച് ആഴത്തിലുള്ള പരിശോധന ആവശ്യപെടുന്നു. ഈ മേഖലയിലെ വാണിജ്യ, നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ കുറവാണെന്നത് കണക്കിലെടുക്കുമ്പോള്‍, ഇതിനെ നവീകരിക്കുന്നതിനുള്ള മൂന്ന് പ്രധാന ശ്രമങ്ങള്‍ ബില്‍ കൊണ്ടുവരുന്നു. ഒന്നാമതായി, ഇലക്ട്രിസിറ്റി കോണ്‍ട്രാക്ട് എന്‍ഫോഴ്‌സ്‌മെന്റ് അതോറിറ്റി (ഇ.സി.ഇ.എ). രണ്ടാമത്, മെച്ചപ്പെടുത്തിയ പേയ്‌മെന്റ് സെക്യൂരിറ്റി മെക്കാനിസം. മൂന്നാമത്, വിതരണ സബ് ലൈസന്‍സികള്‍. ഒരു പുതിയ വൈദ്യുത കരാര്‍ നിര്‍വഹണ അതോറിറ്റി സ്ഥാപിക്കണമെന്ന് ബില്‍ ആവശ്യപ്പെടുന്നു. വൈദ്യുതി വില്‍ക്കല്‍, വാങ്ങല്‍, പ്രസരണം എന്നിവ സംബന്ധിച്ച ഒരു കരാറിന് കീഴിലുള്ള ബാധ്യതകളുടെ നടപ്പാക്കല്‍ സംബന്ധിച്ച കാര്യങ്ങളില്‍ യഥാര്‍ഥ അധികാരപരിധിയിലുള്ള ഏക വിധികര്‍ത്താക്കളായിരിക്കും നിര്‍ദിഷ്ട ഇ.സി.ഇ.എ. ഭേദഗതി ബില്ലിന് കീഴില്‍, ഒരു സിവില്‍ കോടതിയുടെ ഉത്തരവിന്റെ കാര്യത്തിലെന്നപോലെ ഇ.സി.ഇ.എയുടെ ഉത്തരവുകളും നടപ്പിലാക്കും. പവര്‍ പര്‍ച്ചേസ് കരാറുകള്‍ പ്രകാരം വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കമ്പനിക്ക് ഫിക്‌സഡ് കോസ്റ്റ് എന്ന ഗണത്തില്‍ നല്‍കുന്ന കോടിക്കണക്കിന് രൂപയാണ് സ്റ്റേറ്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനികളുടെ (ഡിസ്‌കോംസ്) സാമ്പത്തിക ദുരിതങ്ങള്‍ക്ക് ഒരു പ്രധാന കാരണം. അത്തരം കരാറുകളില്‍ ഭേദഗതി വരുത്തുന്നതിനുള്ള വ്യവസ്ഥകളുടെ അഭാവം പുതിയ ബില്ലിലുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തിക ഞെരുക്കം എല്ലായ്‌പ്പോഴും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നയപരമായ വെല്ലുവിളിയാണ്. ഈ അവസ്ഥയ്ക്ക് പ്രതിവിധിയായി ഭേദഗതി ബില്ല് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശമാണ് 'ഡിസ്ട്രിബൂഷന്‍ സബ് ലൈസെന്‍സി' മാതൃക. ഇതുപ്രകാരം ഏതൊരു വിതരണ ലൈസന്‍സികള്‍ക്കും, അവരുടെ വിതരണ മേഖലയ്ക്കുള്ളില്‍ വൈദ്യുതി വിതരണം ചെയ്യുന്നതിനായി മറ്റൊരു വിതരണ സ്ഥാപനത്തെ 'വിതരണ സബ് ലൈസന്‍സിയായി' നിയമിക്കാന്‍ ബില്‍ അനുവദിക്കുന്നു. സബ് ലൈസന്‍സിയും നിലവിലുള്ള 'ഫ്രാഞ്ചൈസി' മോഡലും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഈ സംവിധാനത്തെക്കുറിച്ച് പൂര്‍ണമായ വ്യക്തതയില്ല. വൈദ്യുതി വിതരണത്തില്‍ നിലവിലുള്ള ഭാഗിക സ്വകാര്യവല്‍ക്കരണ മോഡലാണ് ഫ്രാഞ്ചൈസി മോഡല്‍. ഈ സംവിധാനത്തിന്റെ കൃത്യതയില്ലായ്മയും പരാജയയവും, അതാത് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകളെ ഫ്രാഞ്ചൈസി റദ്ദാക്കാന്‍ നിര്‍ബന്ധിതരാക്കി. അതിനാല്‍, പ്രവര്‍ത്തിക്കാന്‍ വ്യക്തമായ ഒരു ചട്ടക്കൂടിന്റെ അഭാവത്തില്‍, വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നത് പൊതുസേവനമെന്ന ഉദ്ദേശ്യം സ്വകാര്യ ലാഭം എന്നതിലേക്കും, അതുവഴി വൈദ്യുതി മേഖലയിലെ സ്വകാര്യ കുത്തകകളുടെ ആവിര്‍ഭാവത്തിലേക്കും ചൂഷണത്തിലേക്കും നയിക്കും.
ഭേദഗതി ബില്ലിലെ ഏറ്റവും വിവാദപരമായ കാര്യം ചില്ലറ താരിഫുകളും സബ്‌സിഡികളും സംബന്ധിച്ച വ്യവസ്ഥകളാണ്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പുതിയ ബില്ലിന്റെ ആദ്യ ആഘാതം ചില്ലറ താരിഫ് നിര്‍ണയത്തിന്റെ പുതിയ രീതിയാണ്. ചില്ലറ വില്‍പ്പനയ്ക്കുള്ള വൈദ്യുതിയുടെ താരിഫ് നിര്‍ണയിക്കാന്‍ ബില്‍ ഉപയുക്തമായ കമ്മിഷനെ നിര്‍ദേശിക്കുന്നു, എന്നാല്‍ ഇനിമുതല്‍ ഈ താരിഫില്‍ വൈദ്യുതിയുടെ യഥാര്‍ഥ ചെലവ് പ്രതിഫലിപ്പിക്കുകയും ഏതെങ്കിലും സബ്‌സിഡികള്‍ കണക്കാക്കുകയും ചെയ്യരുത്. സബ്‌സിഡികളുടെ ആനുകൂല്യം ഉപഭോക്താവിന് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) രീതിയിലൂടെ നേരിട്ട് ലഭിക്കും. കൂടാതെ, അടിസ്ഥാന താരിഫ് പോളിസികള്‍, സര്‍ചാര്‍ജുകള്‍, ക്രോസ് സബ്‌സിഡികള്‍ എന്നിവ ക്രമേണ കുറയ്ക്കും. പ്രവര്‍ത്തന തലത്തില്‍, ഇനി കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താവ് ബില്‍ തുക മുഴുവന്‍ അടയ്ക്കുകയും സബ്‌സിഡി തുക അവരില്‍ എത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യണം. ഇത് ഒന്നാമതായി, പല സംസ്ഥാനങ്ങളിലുമുള്ള സൗജന്യ വൈദ്യുതി പദ്ധതികളുടെ ഭാവി അനിശ്ചിതത്തിലാക്കും. രണ്ടാമതായി, മുഴുവന്‍ വൈദ്യുതി ബില്ലും മുന്‍കൂട്ടി അടയ്ക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുകയും ചെയ്യും, അവിടെ കര്‍ഷകന്റെ പണമടയ്ക്കല്‍ ശേഷി ഒരു പ്രധാന ചോദ്യചിഹ്നമാകും.
ഇന്ത്യന്‍ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിലുള്ള ഒരു വിഷയമാണ് വൈദ്യുതി. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകളുടെ പല അവകാശങ്ങളും വിവേചനാധികാരങ്ങളും നീക്കം ചെയ്തുകൊണ്ട് വര്‍ധിച്ച കേന്ദ്രീകരണമാണ് ഭേദഗതി ബില്‍ മുന്നോട്ടുവയ്ക്കുന്നത്. ഭേദഗതി ബില്‍ ഒരു പുതിയ സ്വതന്ത്ര കരാര്‍ നിര്‍വഹണ അതോറിറ്റി (ഋ.ഇ.ഋ.അ) രൂപീകരിക്കുന്നതും പേയ്‌മെന്റ് സുരക്ഷാ സംവിധാനത്തിന്റെ മേല്‍നോട്ടത്തിനായി ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററുകളെ ചുമതലപ്പെടുത്തുതും ഈ ഒരു ദിശയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകളുടെ മുകളിലായി ഇ.സി.ഇ.എ സ്ഥാപിക്കുന്നത് കരാറുകളുടെ മേലിലുള്ള പുനരാലോചനകളും വിലപേശലുകളും കുറയ്ക്കും. അതുകൂടാതെ, ക്രോസ് സബ്‌സിഡികള്‍ നിര്‍ണയിക്കുന്നതില്‍ സംസ്ഥാന കമ്മിഷന്റെ പങ്ക് നിരാകരിക്കുന്നു. അപ്പല്ലറ്റ് ട്രൈബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റിയിലെ അംഗങ്ങളെയും ഇ.സി.ഇ.എ, സെന്‍ട്രല്‍ കമ്മിഷന്‍, സ്റ്റേറ്റ് കമ്മിഷന്‍, ജോയിന്റ് കമ്മിഷനുകള്‍ എന്നിവരെയും നിയമിക്കുന്നതിനായി ഏക സെലക്ഷന്‍ കമ്മിറ്റി എന്ന നിര്‍ദേശം വളരെ നിരുപദ്രവമാണെന്ന് തോന്നുമെങ്കിലും, അത് തങ്ങളുടെ തന്നെ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷനിലെ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം എടുത്തുകളയും. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഫെഡറലിസത്തിന്റെ തിരസ്‌ക്കാരമായി ഇതിനെ കണക്കാക്കേണ്ടി വരും.
ഇന്ത്യന്‍ വൈദ്യുതി മേഖലയുടെ പുരോഗതിയില്‍ 2003 ലെ ഇലക്ട്രിസിറ്റി ആക്ടിലെ പല വ്യവസ്ഥകളും സൃഷ്ടിക്കുന്ന തടസങ്ങള്‍ കണക്കിലെടുത്ത് ഒരു സമഗ്ര നവീകരികരണം ആവശ്യമാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. എന്നാല്‍, ഏതൊരു പരിഷ്‌കരണവും പരിഷ്‌കരണമായി നിര്‍വചിക്കപ്പെടുന്നത്, അത് മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങള്‍ നിറവേറ്റുകയും ഭാവി അഭിലാഷങ്ങളെ ഉള്‍കൊള്ളാവുന്ന ചട്ടക്കൂടായി വര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ്. ആ അര്‍ഥത്തില്‍, 2020 ലെ വൈദ്യുതി (ഭേദഗതി) ബില്ലിന്റെ കരട് സംബന്ധിച്ച അന്തിമവിധി അവ്യക്തതയുടെ നിഴലിലാണ്.
(ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."