ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമായി ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള പരിശീലന കേന്ദ്രങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമാവുന്നു. ജില്ലയിലുള്ള എട്ടു പരിശീലന കേന്ദ്രങ്ങളിലും ഒട്ടേറെ പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്താംക്ലാസ് വിജയിച്ച 18 വയസായവര്‍ക്കെല്ലാം അപേക്ഷിക്കാന്‍ കഴിയുന്നതിനാല്‍ ഓരോ കേന്ദ്രങ്ങളിലും മൂന്നൂറിനും അറുനൂറിനും ഇടയിലാണ് അപേക്ഷകരുള്ളത്. ഇവര്‍ക്കു പ്രത്യേക പരീക്ഷ നടത്തി ഇരുനൂറോളം പേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പെരിന്തല്‍മണ്ണ, പൊന്നാനി, വേങ്ങര എന്നിവിടങ്ങളിലെ പ്രധാന മത്സര പരീക്ഷാ പരീശീലന കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതിനു പുറമെ അഞ്ച് ഉപകേന്ദ്രങ്ങളും ജില്ലയില്‍ പ്രവര്‍ത്തക്കുന്നുണ്ട്. മലപ്പുറം നഗരസഭക്ക് കീഴില്‍ ടൗണ്‍ഹാള്‍, വളാഞ്ചേരി എടയൂര്‍ സഫ അക്കാദമി ഓഫ് സിവില്‍ സര്‍വീസ്, കരുവാരക്കുണ്ട് ദാറുന്നജാത്ത്, എടവണ്ണ ജാമിഅ നദ്‌വിയ്യ, മേല്‍മുറി മഅ്ദിന്‍ അക്കാദമി എന്നിവയാണ് ഉപകേന്ദ്രങ്ങള്‍. എല്‍.ഡി ക്ലര്‍ക്ക് വിജ്ഞാപനം വരാനിരിക്കെ ഉദ്യോഗാര്‍ഥികളില്‍ കൂടുതല്‍ പേരും ഇതിനുള്ള തയാറെടുപ്പുകളിലാണ്.
ഗള്‍ഫ് മേഖലയിലെ തൊഴില്‍ പ്രതിസന്ധിയാണ് സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക് കയറിപ്പറ്റാനുള്ള മലപ്പുറത്തിന്റെ മാറ്റത്തിനു പിന്നിലെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. ഈ അടുത്തു പ്രസിദ്ധീകരിച്ച ലിസ്റ്റിലെല്ലാം ജില്ലക്ക് റാങ്കിന്റെ തിളക്കമുണ്ട് എന്നതും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. തികച്ചും സൗജന്യമായി ആറു മാസത്തെ പരിശീലനമാണ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. സ്വകാര്യ പരീശീലന സ്ഥാപനങ്ങള്‍ വന്‍ ലാഭം കൊയ്യുമ്പോഴാണ് സര്‍ക്കാറിന്റെ സൗജന്യ പരിശീലനം ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസമാകുന്നത്. പതിനായിരം മുതല്‍ പതിനയ്യായിരം വരെയാണ് സ്വകാര്യ സ്ഥാപനങ്ങളുടെ ഫീസ് നിരക്ക്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് വലിയ ആശ്വാസം പകരുകയാണ് ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, കാസര്‍കോഡ്, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ഇടുക്കി, തൃശൂര്‍, വയനാട് ജില്ലകളില്‍ ഓരോ പ്രധാന കേന്ദ്രങ്ങളാണ് സര്‍ക്കാറിന് കീഴില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമായാണ് മലപ്പുറത്ത് കൂടുതല്‍ കേന്ദ്രങ്ങളുള്ളത്.
പെരിന്തല്‍മണ്ണയില്‍ 160, വേങ്ങരയില്‍ 180, പൊന്നാനിയില്‍ 165 ഉം ഉദ്യോഗാര്‍ഥികള്‍ നിലവില്‍ നടക്കുന്ന ബാച്ചില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറാനുള്ള തീവ്ര ശ്രമത്തിലാണ്. റഗുലര്‍, ഹോളിഡേ എന്നിങ്ങനെ രണ്ടു ബാച്ചുകള്‍ക്കാണ് ഒരേ സമയം പരിശീലനം നല്‍കുന്നത്. ഈ രംഗത്തെ വിദഗ്ധരാണ് ഫാക്കല്‍റ്റികള്‍. ഇതിനകം ജില്ലയില്‍ നിന്ന് ഇരുനൂറ്റി അന്‍പതില്‍ അധികം പേര്‍ കേന്ദ്ര, സംസ്ഥാന സര്‍വീസുകളില്‍ ജോലി നേടിക്കഴിഞ്ഞുവെന്നാണ് കണക്ക്. നിലവിലുള്ള റാങ്ക്‌ലിസ്റ്റുകളില്‍ നൂറു കണക്കിന് ഉദ്യോഗാര്‍ഥികള്‍ ഇടം നേടിയിട്ടുമുണ്ട്. അതേസമയം ഉയര്‍ന്ന ജനസംഖ്യയുള്ള ജില്ലയില്‍ പരിശീലന കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."