പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു പുറത്തുപോയതിന് വധിക്കാന്‍ ശ്രമം: കുത്തുന്ന ദൃശ്യങ്ങള്‍ പുറത്തായി
തിരൂര്‍: പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു രാജിവെച്ച പറവണ്ണ കാഞ്ഞിരക്കുറ്റിയില്‍ നിന്ന് സഹോദരങ്ങളായ കുഞ്ഞിമോന്‍, മുഹമ്മദ് റാഫി എന്നിവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
സംഭവ ദിവസം തന്നെ ഈ ദൃശ്യങ്ങള്‍ പൊലിസിനു ലഭിച്ചിരുന്നു. നാട്ടുകാര്‍ അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘം കുഞ്ഞിമോനെ ക്രൂരമായി ആക്രമിക്കുകയും കുത്തുകയും ചെയ്യുന്നതാണ് ദൃശ്യത്തില്‍.
കേസിലെ പ്രധാന തെളിവായി ഇവ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു. ദൃശ്യങ്ങളില്‍ ചിലത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് പന്ത്രണ്ടംഗ സംഘം പോപ്പുലര്‍ഫ്രണ്ടില്‍ നിന്നു വിട്ട കുഞ്ഞിമോനെ തടഞ്ഞ് ആക്രമിച്ചത്. തടയാനെത്തിയ ലീഗ് പ്രവര്‍ത്തകനായ സഹോദരന്‍ റാഫിയെയും ഇവര്‍ ക്രൂരമായി മര്‍ദിച്ച് കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
അതേ സമയം ഇന്നലെ രാവിലെ തിരൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജാരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വാക്കാട് സ്വദേശി കളരിക്കല്‍ അന്‍വര്‍(27), പറവണ്ണ ആലിന്‍ചുവട് സ്വദേശി കൊണ്ടരന്റെ പുരക്കല്‍ സഹീര്‍(32)എന്നിവരെ തിരൂര്‍ പൊലിസാണ് അറസ്റ്റ് ചെയ്തത്. കൃത്യം നടത്തിയ ശേഷം ഒളിച്ചു കഴിയുകയായിരുന്ന ഇരുവരെയും വീടിനു പരിസരത്തു വെച്ചാണ് പിടികൂടിയത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ആക്രമണത്തിനു കാരണമെന്ന് പൊലിസ് പറഞ്ഞു. 12 പ്രതികളുള്ള കേസില്‍ കണ്ടാലറിയാവുന്ന 5 പേര്‍കൂടി അറസ്റ്റിലാകാനുണ്ടെന്ന് പൊലിസ് പറഞ്ഞു.
പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എന്നാല്‍ ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ മറ്റു പ്രതികളുടെ കൈവശമാണെന്ന് പടിയിലായവര്‍ പൊലിസിനോടു പറഞ്ഞു. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുന്നതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."