72 മണ്ഡലങ്ങളിലേക്കായി നാലാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച
ന്യൂഡല്‍ഹി: ഒന്‍പതു സംസ്ഥാനങ്ങളില്‍ 72 മണ്ഡലങ്ങളിലേക്കായി ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും.
മഹാരാഷ്ട്രയില്‍ 17, രാജസ്ഥാന് 13, ഉത്തര്‍പ്രദേശ് 13, പശ്ചിമബംഗാള്‍ എട്ട്, മധ്യപ്രദേശ് ആറ്, ഒഡീഷ ആറ്, ബിഹാര്‍ അഞ്ച്, ജാര്‍ഖണ്ഡ് മൂന്ന്, ജമ്മുകശ്മിര്‍ ഒന്ന് എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ നിന്നായി ബി.ജെ.പി 45 സീറ്റുകള്‍ നേടിയിരുന്നു. അത് നിലനിര്‍ത്തേണ്ട സമ്മര്‍ദ്ദം ബി.ജെ.പിക്കുണ്ട്.
കോണ്‍ഗ്രസ് 2014ല്‍ നേടിയത് ഈ 71ല്‍ മധ്യപ്രദേശില്‍ ഒന്നും ബംഗാളില്‍ ഒന്നുമായി രണ്ട് സീറ്റ് മാത്രമാണ്.
ഒഡീഷയില്‍ ബിജു ജനതാദളും ബംഗാളില്‍ തൃണമൂലും ആറു സീറ്റുകള്‍ വീതം നേടി. മൂന്ന് ഘട്ടം പൂര്‍ത്തിയായതോടെ ആകെയുള്ള 543 സീറ്റുകളില്‍ 303 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. നാലാംഘട്ടം കൂടി പൂര്‍ത്തിയാവുന്നതോടെ 374 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാവും. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പോളിങ് ശതമാനം ആദ്യഘട്ടത്തില്‍ 2014നെക്കാള്‍ കൂടുകയും മറ്റു രണ്ടുഘട്ടങ്ങളില്‍ കുറയുകയും ചെയ്തിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ 69.5 ശതമാനം, രണ്ടാംഘട്ടത്തില്‍ 69.44 ശതമാനം, കേരളമുള്‍പ്പെട്ട മൂന്നാംഘട്ടത്തില്‍ 67.87 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ഇതില്‍ മൂന്നാംഘട്ടത്തിലെ അന്തിമ കണക്ക് വരാനുണ്ട്. 2014ല്‍ ആദ്യ ഘട്ടത്തില്‍ 68.77 ശതമാനം, രണ്ടാംഘട്ടത്തില്‍ 69.77 ശതമാനം മൂന്നാംഘട്ടത്തില്‍ 66 ശതമാനം എന്നിങ്ങനെയായിരുന്നു പോളിങ്. ആദ്യഘട്ടത്തില്‍ 2014നെക്കാള്‍ 0.73 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. രണ്ടാംഘട്ടത്തില്‍ 0.18 ശതമാനത്തിന്റെയും മൂന്നാംഘട്ടത്തില്‍ 1.8 ശതമാനത്തിന്റെയും കുറവുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."