ദലിത് ബന്ധു: സവര്‍ണ ചരിത്രത്തിനൊരു തിരുത്ത്
ബഹുഭൂരിപക്ഷം ജനങ്ങളെയും ബ്രാഹ്മണന് അടിമപ്പെടുത്തിയ ജന്മിത്തകാലത്തിന് മുമ്പ് ഇവിടത്തെ തദ്ദേശീയര്‍ വെറും പെറുക്കിത്തീനികളും പ്രാകൃതരുമായിരുന്നെന്നാണ് ചരിത്രകാരന്മാര്‍ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ ആ ജനതയും അവരുടെ വിപുലമായ കാര്‍ഷിക വാണിജ്യ സംസ്‌കാരത്തിന്റെ തെളിവുകളും പ്രാചീന വൈദേശിക ഗ്രന്ഥങ്ങളിലുണ്ടെന്ന്, സംഘം കൃതികളിലുണ്ടെന്ന്, പട്ടണം ഗവേഷണങ്ങളില്‍ ഉണ്ടെന്ന് ദലിത് ബന്ധു സമര്‍ഥിക്കുന്നു. അടിമത്തംകൊണ്ട്, അപകര്‍ഷതാബോധം കൊണ്ട് നൂറ്റാണ്ടുകളായി കുനിഞ്ഞുപോയ ഭൂമിയുടെ അവകാശികളുടെ ശിരസ് ചരിത്രം വീണ്ടെടുക്കുമ്പോള്‍ തനിയെ ഉയരുമെന്നും കൂടുതല്‍ യാഥാര്‍ഥ്യങ്ങളിലേക്ക് അന്വേഷണം കടന്നുചെല്ലുമ്പോള്‍ അധ:സ്ഥിതരുടെ അവകാശങ്ങളും സംസ്‌കാരങ്ങളും പുന:സ്ഥാപിക്കപ്പെടുമെന്നും അദ്ദേഹം പ്രത്യാശിക്കുന്നു.
ഐതിഹ്യങ്ങളില്‍ നിന്നും കെട്ടുകഥകളില്‍ നിന്നും പാഠപുസ്തകങ്ങളിലേക്കും ക്രമേണ സാമൂഹികധാരയിലേക്കും വേരോടുന്ന ചരിത്രത്തിലെ പൊരുത്തക്കേടുകളോടും യുക്തിരാഹിത്യങ്ങളോടുമുള്ള പ്രതിഷേധമാണ് എന്‍.കെ ജോസ് എന്ന മനുഷ്യനെ ദലിത് ബന്ധു എന്ന ചരിത്രകാരനാക്കിയത്. രാജാക്കന്മാരുടെയും പുരോഹിതന്മാരുടെയും ആഢംബര ജീവിതങ്ങളും പടയോട്ടങ്ങളുടെയും യാഗങ്ങളുടെയും ചരിത്രവും ആവര്‍ത്തിച്ച് മുങ്ങിത്തപ്പുന്ന ചരിത്രകാരന്മാരുടെ ശ്രദ്ധയിലെങ്ങും എന്തുകൊണ്ടാണ് അവരുടെ ധാന്യപ്പുരകളും രാജഭണ്ഡാരങ്ങളും നിറച്ച അടിസ്ഥാനവര്‍ഗ്ഗങ്ങളുടെ ജീവിതം പതിയാതിരുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
ജനനവും സ്‌കൂള്‍ പഠനവും ?
1929 ഫെബ്രുവരി രണ്ടിനാണ് ഞാന്‍ ജനിച്ചത്. പള്ളിവക പ്രൈമറി സ്‌കൂളിലാണ് നാലാം ക്ലാസ് വരെ പഠിച്ചത്. ദേവീവിലാസം എന്‍.എസ്.എസ് സ്‌കൂളില്‍ ഏഴാം ക്ലാസ് വരെ മലയാളം മീഡിയത്തില്‍ പഠിച്ചു. അതിനു ശേഷം പുല്ലല എന്‍.എസ്.എസ് സ്‌കൂളില്‍ പോയി രണ്ടാം ഫോറത്തില്‍ ചേര്‍ന്നു. സെക്കന്റ് ഫോറവും തേഡ് ഫോറവും അവിടെ നിന്ന് ജയിച്ചു. പിന്നെ ചേര്‍ത്തലയിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് പഠനം. തേവര കോളജിലാണ് ഇന്റര്‍മീഡിയേറ്റ് പഠിച്ചത്.
കമ്മ്യൂണിസ്റ്റുകളുമായി അടുക്കുന്നത്?
ചേര്‍ത്തല ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് പുന്നപ്ര വയലാര്‍ വെടിവയ്പ്പുണ്ടായത്. ഞാന്‍ സ്‌കൂളിനടുത്ത് താമസിച്ചാണ് പഠിച്ചിരുന്നത്. ഒരു ഞായറാഴ്ചയാണ് വെടിവയ്പ്പ് നടന്നത്. അന്ന് ഇതേപ്പറ്റി എനിക്ക് കൂടുതലൊന്നും അറിവില്ലായിരുന്നു. സ്‌കൂളില്‍ ചെന്നപ്പോള്‍ ഹെഡ്മാസ്റ്റര്‍ കട്ടികാട്ടില്‍ ശിവരാമ പണിക്കര്‍ കമ്യൂണിസ്റ്റുകാരുടെ കൊള്ളരുതായ്മകളെപ്പറ്റി സുദീര്‍ഘമായി സംസാരിച്ചു. അവിടെ താമസിക്കുമ്പോള്‍ രാത്രി ഊണ് ഹോട്ടലിലാണ്. ഊണു കഴിഞ്ഞാല്‍ എനിക്ക് വേറെ പണിയൊന്നുമില്ല. ഞാന്‍ നോക്കുമ്പോള്‍ അവിടെയിവിടെയും ചെറുപുന്ന മരച്ചോട്ടിലുമെല്ലാം ആളുകള്‍ കൂടിയിരിക്കുന്നു. അവിടെ ക്ലാസുകള്‍ നടക്കുകയായിരുന്നു. ഞാനവിടെ പോയി. ആദ്യമൊക്കെ അവര്‍ എന്നെ സംശയത്തോടെ നോക്കിയെങ്കിലും പിന്നീട് അത് മാറി. പിന്നെ അടുത്ത ക്ലാസ് എവിടെയാണെന്ന് അവര്‍ എന്നോട് പറയാന്‍ തുടങ്ങി. അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതരായ നേതാക്കളാണ് ക്ലാസുകള്‍ എടുത്തിരുന്നത്. അങ്ങനെയാണ് ഇടതുപക്ഷ ചിന്താഗതി എനിക്കുണ്ടായത്.
സോഷ്യലിസത്തിലേക്കുള്ള ചായ്‌വ്?
ഇന്റര്‍മീഡിയേറ്റ് പരീക്ഷ കഴിഞ്ഞപ്പോള്‍ ഗാന്ധി സ്മാരകനിധിയുടെ കീഴില്‍ വാര്‍ധയില്‍ ഒരു ട്രെയിനിങ്ങിലേക്ക് ഞാന്‍ സെലക്ട് ചെയ്യപ്പെട്ടു. അവിടെ ക്ലാസെടുക്കുന്നത് ജയപ്രകാശ് നാരായണന്‍, പട്‌വര്‍ധന്‍, അശോക് മേത്ത, ലോഹ്യ തുടങ്ങിയവരായിരുന്നു. രണ്ടു കൊല്ലം അവിടെ നിന്നു. അവിടെ ക്ലാസ് എടുക്കുന്നവര്‍ക്ക് ഓരോ കുടിലുകളുണ്ട്. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു ഹാളും. അധ്യാപകരുടെ കുടിലുകളിലേക്ക് ഓരോ വിദ്യാര്‍ഥിയെ ഡെപ്യൂട്ട് ചെയ്യും. ജയപ്രകാശ് നാരായണനും ഭാര്യയും താമസിക്കുന്ന കുടിലിലേക്ക് എന്നെയാണ് നിയോഗിച്ചത്. അങ്ങനെയാണ് ജയപ്രകാശ് നാരായണനുമായി ബന്ധമുണ്ടാകുന്നത്. കോഴ്‌സ് കഴിഞ്ഞ് പോകാന്‍ നേരത്ത് താനും കൂടെ പോരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. പോരാം എന്ന് ഞാനും സമ്മതിച്ചു. അതിന് ശേഷം ആറുമാസം അദ്ദേഹത്തോടൊപ്പം ജീവിച്ചു. ഹിന്ദി വലിയ വശമില്ലാതിരുന്നതിനാല്‍ ഞാന്‍ നാട്ടിലേക്ക് തിരിച്ചുപോന്നു.
രാഷ്ട്രീയം വിടുന്നത്?
പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിട്ടാണ് തിരിച്ച് നാട്ടിലെത്തുന്നത്. പി.എസ്.പി.യുടെ സ്റ്റേറ്റ് കമ്മിറ്റി മെമ്പറായി, കോട്ടയം ജില്ലാ സെക്രട്ടറിയായി. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി തിരുകൊച്ചി ഭരിച്ചിരുന്ന കാലം. അന്ന് കേരളമായിട്ടില്ല. അങ്ങനെയുള്ള സമയത്ത് ഒരു ഇടക്കാല തെരഞ്ഞെടുപ്പ് കാലത്ത് മാര്‍ത്താണ്ടത്ത് ഒരു വെടിവയ്പ്പുണ്ടായി. രണ്ടു പേര്‍ മരിച്ചു. അത് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നയത്തിന് വിരുദ്ധമാണ്. നമ്മുടെ പൊലിസ് നയം തെറ്റാണെന്നും അഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഒരു പ്രസ്താവന ഇറക്കി. അന്ന് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന ഡോ. ലോഹ്യ എന്നെ അനുകൂലിച്ചുകൊണ്ട് പ്രസ്താവനയിറക്കി. അപ്പോള്‍ താണുപ്പിള്ള പറഞ്ഞു, 'ഒരു പൊലിസുകാരന്‍ വെടിവച്ചതിന് ഒരു മുഖ്യമന്ത്രി രാജിവക്കുകയോ? ലോഹ്യക്കും ജോസിനും കിറുക്കാണ്'. ഞാന്‍ വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. അത് പാസായില്ല അതോടെ ഞാന്‍ രാഷ്ട്രീയം അവസാനിപ്പിച്ചു. അതിനു ശേഷം ഇന്നുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല.
പിന്നീടെന്ത്?
പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് മാറി ഇവിടെ വെറുതെയിരിക്കുന്നത് വളരെ ബുദ്ധിമുട്ടായി തോന്നി. അപ്പോള്‍ ഞാന്‍ വിചാരിച്ചു, സമുദായ സംഘടനയില്‍ പോയാല്‍ നന്നായിരിക്കുമെന്ന്. രാഷ്ട്രീയത്തിലുള്ള വൃത്തികേടുകളൊന്നും തന്നെ അവിടെ കാണുകയില്ല. അച്ചന്‍മാരും മെത്രാന്‍മാരുമൊക്കെയാണല്ലോ അതിന്റെ നേതാക്കള്‍. അങ്ങനെ അവിടെ പ്രവര്‍ത്തനം തുടങ്ങി. ഇവിടം അതിനേക്കാള്‍ വൃത്തികേടാണെന്ന് പിന്നീട് അനുഭവത്തില്‍ ബോധ്യമായി. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായിട്ട് മൂന്നു കൊല്ലം പ്രവര്‍ത്തിച്ചു.
അന്ന് ദലിത് ക്രിസ്ത്യാനികള്‍ക്ക് സംവരണം കിട്ടാനുള്ള പ്രക്ഷോഭം ശക്തമായി നടക്കുകയായിരുന്നു. അത് കത്തോലിക്ക കോണ്‍ഗ്രസിന്റെ കീഴിലാണ്. അന്ന് സെക്രട്ടേറിയറ്റില്‍ പോയി സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ച് നിരാഹാരം കിടന്നു. അപ്പോഴാണ് യഥാര്‍ഥത്തില്‍ എന്താണ് പ്രശ്‌നമെന്ന് പഠിക്കണമെന്ന് തോന്നിയത്. കൂടുതല്‍ പഠിച്ചപ്പോള്‍ എനിക്ക് മനസിലായി ഇത് ദലിത് കത്തോലിക്കരുടെ മാത്രം പ്രശ്‌നമല്ല, മൊത്തം ദലിതരുടെ പ്രശ്‌നം പഠിച്ചാലേ ശരിയാവുകയുള്ളൂ എന്ന്. അതിനിടയില്‍ കത്തോലിക്ക കോണ്‍ഗ്രസുമായി തെറ്റിപ്പിരിയേണ്ടി വന്നു. നിലക്കല്‍ പ്രശ്‌നം സംബന്ധിച്ച് അവിടെ കുരിശ് കണ്ടെത്തിയത് കൃത്രിമമാണെന്നും ആ കുരിശ് ആസൂത്രിതമായി കുഴിച്ചിട്ടതാണെന്നും പ്രസ്താവനയിറക്കി. ഞാനും ഡി.സി കിഴക്കേമുറിയും ജോസഫ് പുലിക്കുന്നേലും ഡോ. ജോണ്‍ ഓച്ചന്‍തുരുത്തും കൂടി ഈ വിവരം അന്വേഷിക്കാന്‍ പോയി. അത് കൃത്രിമമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു പ്രസ്താവനയിറക്കി.
പിന്നീടാണ് പൂര്‍ണമായും ദലിത് പ്രശ്‌നങ്ങള്‍ പഠിക്കുന്നതിലേക്ക് എന്റെ ശ്രദ്ധതിരിയുന്നത്. അപ്പോള്‍ മലയാളത്തില്‍ ദലിത് വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ കാര്യമായി ആരും പുറത്തിറക്കിയിട്ടില്ലായിരുന്നു. ടി.എച്ച്.പി ചെന്താരശ്ശേരി അയ്യന്‍കാളിയെ പറ്റി ഒരു പുസ്തകം ചെയ്തിട്ടുണ്ട്. അല്ലാതെ വേറൊന്നുമില്ല. അന്നു തുടങ്ങി ഇന്നുവരെ ഞാന്‍ ദലിത് രംഗത്തെ വിഷയങ്ങള്‍ പഠിച്ച് പുസ്തകങ്ങള്‍ തയ്യാറാക്കിവരുന്നു. സ്വന്തമായി തന്നെ നടത്തുന്ന ഹോബി പബ്ലിക്കേഷന്‍സിന്റെ പേരിലാണ് അധികം പുസ്തകങ്ങളും ഇറങ്ങിയിരിക്കുന്നത്.
ദലിത് ബന്ധു എന്ന പേര്?
എന്‍.കെ ജോസ് എന്ന ഞാന്‍ ദലിത് ബന്ധു എന്ന പേര് സ്വയം സ്വീകരിച്ചതല്ല. 1991ല്‍ ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ കോട്ടയം തിരുനക്കര മൈതാനത്ത് ക്ഷണിച്ചുവരുത്തി ദലിത് ബന്ധു എന്ന നാമം എനിക്ക് തരികയായിരുന്നു. അന്നുമുതലാണ് ഞാന്‍ ഈ പേരു സ്വീകരിക്കാന്‍ തുടങ്ങിയത്. പോള്‍ ചിറക്കരോട്, കല്ലറ സുകുമാരന്‍ തുടങ്ങിയവരാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. ദലിത് ബന്ധു എന്ന പേരില്‍ ഞാന്‍ ഒരുപാട് എഴുതിയിട്ടുണ്ട്. ഈ പേരില്‍ അറിയപ്പെടാന്‍ തന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
'പട്ടണം ഗവേഷണം നിര്‍ത്തിവച്ചതെന്തിന്?'
പട്ടണത്ത് ചില ഗവേഷണങ്ങളും കണ്ടെത്തലുകളും നടത്തി. അതിപ്പോള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്തുകൊണ്ട് നിര്‍ത്തി? ആരുമില്ല അന്വേഷിക്കാന്‍. പട്ടണത്തു നിന്ന് ലഭിച്ച വിവരങ്ങള്‍ ബ്രാഹ്മണര്‍ ഇവിടെ വരുന്നതിന് 900 വര്‍ഷം മുമ്പുണ്ടായിരുന്നവരുടെ സംസ്‌കാരത്തെ പറ്റിയുള്ളതാണ്. ബി.സി. 300/350 കാലഘട്ടത്തില്‍ നടന്ന വ്യാപാരത്തെ പറ്റിയുള്ള തെളിവുകളാണ് കിട്ടിയിട്ടുള്ളത്. ബ്രാഹ്മണര്‍ ഇവിടെ വരുന്നത് എ.ഡി 6 മുതല്‍ 9 വരെയുള്ള നൂറ്റാണ്ടുകളിലാണ് എന്നാണ് പണ്ഡിതാഭിപ്രായം. അതുകൊണ്ട് ബ്രാഹ്മണന് അത്തരം ഗവേഷണങ്ങള്‍ കൊണ്ട് വിശേഷമൊന്നുമില്ല. അതിനാല്‍ അത് അവസാനിപ്പിച്ച് അതൊരു വിനോദസഞ്ചാര കേന്ദ്രമാക്കുകയാണ്. അറിവുകള്‍ പുറത്തേക്ക് വിടുന്നില്ല. അത്തരം അറിവുകള്‍ ലോകത്തെ അറിയിക്കേണ്ട ബാധ്യത സ്വാഭാവികമായും പുതിയ തലമുറ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അവരുടെ ഗവേഷണവിഷയങ്ങളും പ്രവര്‍ത്തന മേഖലയും ഇത്തരം കാര്യങ്ങളിലാകണമെന്നാണ് ഞാന്‍ പറയുന്നത്.
'കമ്മ്യൂണിസം ജാതിസമ്പ്രദായത്തെ മന:പൂര്‍വ്വം അവഗണിച്ചു'
ലോകത്തെ ഏറ്റവും അധികം പട്ടിണിക്കാരുള്ള രാജ്യമാണ് ഇന്ത്യ. ഇത്രയധികം പ്രകൃതിസമ്പത്തുള്ള ഇന്ത്യയിലെ പട്ടിണി ചൂഷകന്റെ സൃഷ്ടിയാണ്. ഇന്ത്യയിലെ സവര്‍ണരാണ് ആ ചൂഷകവര്‍ഗ്ഗം. എന്നാല്‍ കമ്മ്യൂണിസം ഈ ജാതിസമ്പ്രദായത്തെ മന:പൂര്‍വ്വമായി അവഗണിച്ചു. ജാതിയെ നിഷേധിച്ചതിലൂടെ ഇന്ത്യയിലെ ദാരിദ്ര്യത്തെ തന്നെയാണ് അവര്‍ നിഷേധിച്ചത്. കമ്മ്യൂണിസം വളര്‍ന്നാല്‍ ഇവിടെ ബ്രാഹ്മണിസം നഷ്ടപ്പെടുമെന്ന് മുന്‍കൂട്ടിക്കണ്ട അവര്‍ കമ്മ്യൂണിസത്തെ ഹൈജാക്ക് ചെയ്തു. അങ്ങനെ ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ കുത്തകക്കാര്‍ ബ്രാഹ്മണരായി.
ആര്യാധിനിവേശം ഇന്ത്യയുടെ സാംസ്‌കാരിക വളര്‍ച്ചയെ മുരടിപ്പിച്ചു. ആര്യന്മാര്‍ ഇവിടെ വന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ സ്ഥാനം ഗ്രീസിനും റോമിനുമൊക്കെ മുകളിലാകുമായിരുന്നു. ബ്രാഹ്മണര്‍ ഇവിടെയെത്തി സൈന്ധവരുടെ സംസ്‌കാരങ്ങളെയും ആചാരങ്ങളെയും ഐതിഹ്യങ്ങളും കെട്ടുകഥകളും മറ്റുമായി കൂട്ടിക്കലര്‍ത്തി അവരുടെതു മാത്രമാക്കി മാറ്റി. ആര്യന്മാരുടേത് ഗ്രാമീണസംസ്‌കാരമായിരുന്നു. രാമായണത്തിലോ മഹാഭാരതത്തിലോ ഒരു നഗരത്തെപ്പറ്റി പറയുന്നുണ്ടോ? ആകെയുള്ളത് രാജധാനികളാണ്. അതല്ലാതെ ഒരു നഗരമോ വ്യവസായകേന്ദ്രമോ ഒന്നും അവര്‍ക്കില്ലായിരുന്നു. ശാസ്ത്രീയമായോ, സാങ്കേതികമായോ വളരേണ്ടതിനു പകരം കൂനിപ്പിടിച്ചിരുന്ന് അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള വല്ലതും കുത്തിക്കുറിക്കുകയല്ലാതെ ഒന്നും ചെയ്തിട്ടില്ല. അഥര്‍വ്വ വേദമൊക്കെ സൈന്ധവരുടേതാണ്. അതിനെ അനുകരിച്ചാണ് ഋഗ്വേദം ഉണ്ടായത്.
പുരസ്‌കാരങ്ങള്‍, ബഹുമതികള്‍?
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ബഹുമതികളോ അംഗീകാരങ്ങളോ ഒന്നും കിട്ടിയിട്ടില്ല. അവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായിട്ടാണല്ലോ എന്റെ ചരിത്രമെഴുത്ത്. ദലിത് സംഘടനകളും സാധാരണക്കാരുടെ കൂട്ടായ്മകളും ഒക്കെ നല്‍കുന്ന ആദരങ്ങളും പുരസ്‌കാരങ്ങളുമൊക്കെയാണ് ഇവിടെയുള്ളത്. അതെല്ലാം ഇവിടെ തുറന്നുവച്ചിരിക്കുകയാണ്. പിന്നെ അവാര്‍ഡുകള്‍. വര്‍ഷങ്ങളായി ഇവിടെ എന്നെ കാണാന്‍ വരുന്നവരായ ഒട്ടനവധി കുട്ടികള്‍, വിദ്യാര്‍ഥികള്‍, ഗവേഷകര്‍, സംഘടനാപ്രവര്‍ത്തകര്‍, മനുഷ്യസ്‌നേഹികള്‍... അങ്ങനെ നിരവധി പേരുണ്ട്. അവര്‍ നല്‍കുന്ന സ്‌നേഹം, പരിഗണന, ബഹുമാനം എന്നിവയെല്ലാം എല്ലാറ്റിനും മീതെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."