വാട്‍സ്ആപിന് പകരമായി സഊദിയുടെ സ്വന്തം ആപ് പണിപ്പുരയിൽ
റിയാദ്: സോഷ്യൽ മീഡിയ രംഗത്ത് ഏറെ ജനപ്രിയമായ വാട്‍സ്ആപിന് പ്രാദേശിക ഭീഷണിയായി സഊദിയുടെ സ്വന്തം ആപ് വരുന്നു. വാട്‍സ്ആപിന് പകരമായുള്ള സഊദിയുടെ സ്വന്തം ആപ് ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഏറെ സുരക്ഷിതമായ രീതിയിൽ സന്ദേശങ്ങൾ കൈമാറാൻ സഹായിക്കുന്നതായിരിക്കും പുതിയ ആപ് എന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക സന്ദേശമയക്കൽ സേവനത്തിനായി വിദേശ കമ്പനികളെ ആശ്രയിക്കുന്നത് പരിമിതപ്പെടുത്തുകയും രഹസ്യാത്മകമോ തന്ത്രപ്രധാനമോ ആയ ഡാറ്റകൾ പ്രാദേശിക സെർവറുകളിൽ സുരക്ഷിതമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് സയൻസ് ആൻഡ് ടെക്‌നോളജി സിറ്റിയിലെ ഒരു കൂട്ടം സഊദി ഗവേഷകരുടെയും എഞ്ചിനീയർമാരുടെയും നിരന്തര ശ്രമ ഫലമായാണ് പുതിയ ആപ് പുറത്തിറങ്ങുന്നത്. ഒരു വർഷത്തിനുള്ളിൽ തന്നെ ആപ്പ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഫേസ്‌ബുക്കിന്റെ വാട്ട്‌സ്ആപ്പിനും ടെൻസെന്റിന്റെ വി ചാറ്റിനും പകരമായി സുരക്ഷിതമായ അന്തരീക്ഷത്തിൽ ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതായിരിക്കും സഊദിയുടെ പുതിയ സ്വന്തം ആപ്.
പ്രാദേശികമായി വികസിപ്പിച്ച എൻക്രിപ്റ്റ് ചെയ്ത സോഫ്റ്റ്‌വെയറുകളിലും അൽഗോരിതത്തിലുമായിരിക്കും ഇത് പ്രവർത്തിക്കുക. ഇതിനാൽ തന്നെ ഡാറ്റകൾ പ്രാദേശിക തലത്തിൽ സുരക്ഷിതമായിരിക്കുമെന്നു നാഷണൽ ഇൻഫർമേഷൻ സെക്യൂരിറ്റി സെന്റർ ഡയറക്‌ടർ ബാസിൽ അൽ ഉമൈർ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."