കങ്കണക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രം; 'രാജ്യസ്‌നേഹി'കളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ അനുവദിക്കാതിരുന്ന അമിത് ഷാക്ക് നന്ദി പറഞ്ഞ് നടി
ന്യൂഡല്‍ഹി: ബോളിവുഡ് അഭിനേത്രി കങ്കണ റണൗട്ടിന് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദത്തിലായിരുന്നു. ഇതോടെ കോണ്‍ഗ്രസും ശിവസേനയും എന്‍.സി.പിയും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്നായിരുന്നു ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം. എന്നാല്‍ മുംബൈയിലേക്ക് എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടെയെന്നും കങ്കണ വെല്ലുവിളിച്ചു.
കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നന്ദി അറിയിച്ച് കങ്കണ രംഗത്തെത്തി. രാജ്യസ്‌നേഹികളുടെ ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ഒരു ഫാസിസ്റ്റ് ശക്തികള്‍ക്കും കഴിയില്ലെന്നതിന്റെ തെളിവാണിതെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
കങ്കണക്ക് മുംബൈയില്‍ സുരക്ഷ നല്‍കുമെന്ന് നേരത്തെ ഹിമാചല്‍ സര്‍ക്കാറും പറഞ്ഞിരുന്നു. കങ്കണ ഹിമാചല്‍ പ്രദേശിന്റെ മകളാണെന്നും അതിനാല്‍ തന്നെ സുരക്ഷ ഒരുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നുമാണ് സര്‍ക്കാര്‍ പ്രതികരിച്ചത്.
നേരത്തെ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് എന്നും ഓരോ വിവാദ പ്രസ്താവനകളുമായി കങ്കണ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബോളിവുഡിലെ താരപുത്രന്മാരെയും അവരുടെ ഇടപെടലിനേയുമൊക്കെ ബന്ധപ്പെടുത്തിയായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."