കൊവിഡ് മുക്തരായ കുട്ടികള്‍ക്ക് ഭീഷണിയായി ഹൃദയ രോഗങ്ങള്‍: പുതിയ ആക്ഷന്‍ പ്ലാനുമായി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കൊവിഡ് മുക്തരായ കുട്ടികള്‍ക്ക് ഹൃദയം, രക്തക്കുഴല്‍, വൃക്ക തുടങ്ങിയ ശരീരഭാഗങ്ങളില്‍ വീക്കമുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടുണ്ടായ ഏതാനും കുട്ടികളെ ചികിത്സിച്ച് ഭേദമാക്കിയെന്നാണ് ലഭിക്കുന്ന വിവരം.
ലോകത്താകമാനം ഇത്തരത്തില്‍ കുട്ടികളില്‍ ശാരീരിക പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നേരത്തേ ചെന്നൈയിലും മുംബൈയിലും കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കവാസാക്കി ഡിസീസിന് സമാനമായ അസുഖമാണ് ഇതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ സുപ്രഭാതത്തോട് പറഞ്ഞു.
ദഹന വ്യവസ്ഥയ്ക്കും തലച്ചോറിനും ത്വക്ക്, കണ്ണ് തുടങ്ങിയ ശരീര ഭാഗങ്ങളിലേക്കും ഈ അസുഖം ബാധിക്കാന്‍ സാധ്യത കൂടുതലാണ്.
മെഡിക്കല്‍ ജേണലായ 'ദ ലാന്‍സന്റ്' കൊവിഡിന് ശേഷമുണ്ടാകുന്ന രോഗാവസ്ഥകളില്‍ 'മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ളാമേറ്ററി സിന്‍ഡ്രം' എന്ന പേരില്‍ ഇത് പ്രതിപാദിച്ചിട്ടുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീര്‍ക്കെട്ടുണ്ടാകുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.
ഓഗസ്റ്റിലെ കൊവിഡ് ട്രീറ്റ്മെന്റ് പ്രോട്ടോകോളില്‍ ഈ രോഗത്തിന്റെ ചികിത്സയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് മുക്തരാകുന്ന കുട്ടികളെ ശ്രദ്ധയോടെ പരിചരിച്ച് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ആക്ഷന്‍ പ്ലാനുണ്ടാക്കാന്‍ തയാറെടുക്കുകയാണ് ആരോഗ്യവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."