ജില്ലയിലെ അങ്കണവാടികള്‍ക്ക് 1.64 കോടിയുടെ നഷ്ടം
പാലക്കാട്: ജില്ലയിലെ അങ്കണവാടികളില്‍ മഴക്കെടുതിയെ തുടര്‍ന്ന് 1.64 കോടിയുടെ നാശ നഷ്ടം. പ്രളയം കവര്‍ന്നെടുത്തത് കുരുന്നുകളുടെ അക്ഷരമുറ്റത്തെ നിറക്കൂട്ടുകളും അടിസ്ഥാന സൗകര്യങ്ങളുമാണ്. കുഴല്‍മന്ദം, തച്ചനാട്ടുകര, അനങ്ങനാടി, മണ്ണൂര്‍,തിരുമിറ്റക്കോട്, ആനക്കര ഗ്രാമപഞ്ചായത്തുകളിലെയും ഒറ്റപ്പാലം, പട്ടാമ്പി നഗരസഭ എന്നിവിടങ്ങളിലെയും എട്ട് അങ്കണവാടികള്‍ പൂര്‍ണമായും കുത്തന്നൂര്‍, കണ്ണാടി, തെങ്കര, തച്ചനാട്ടുകര, അനങ്ങനടി, ചളവറ, വല്ലപ്പുഴ, നെല്ലായ,ഓങ്ങല്ലൂര്‍, കൊപ്പം, കുലക്കല്ലൂര്‍, വിളയൂര്‍, ആനക്കര,കപ്പൂര്‍ ഗ്രാമപഞ്ചായത്തുകളിലും പാലക്കാട് നഗരസഭയിലുമുള്‍പ്പെടെ 36 അങ്കണവാടികള്‍ ഭാഗികമായുമാണ് തകര്‍ന്നത്. പൂര്‍ണമായും നശിച്ച് പുനര്‍നിര്‍മാണം ആവശ്യമായ അങ്കണവാടികള്‍ക്ക് 1.9 കോടിയും, ഭാഗികമായി നശിച്ച് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് 47 ലക്ഷവും കേടായ ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടര്‍, മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്ക് ഏഴു ലക്ഷവുമാണ് ചെലവ് കണക്കാക്കുന്നത്. കുട്ടികളുടെ കളി ഉപകരണങ്ങള്‍, മേശ, കസേര, അലമാര, പായ, രജിസ്റ്ററുകള്‍, പുസ്തകം, പാത്രം സ്റ്റോറേജ് ബോക്‌സ് എന്നിവയും നശിച്ചിട്ടുണ്ട്. വകുപ്പ് അങ്കണവാടി വര്‍ക്കേഴ്‌സ് മുഖേന ക്യാമ്പുകളിലെ ആറ് മാസം മുതല്‍ മൂന്ന് വയസ് പ്രായമായ കുട്ടികള്‍ക്ക് ടേക്ക് ഹോം റേഷന്‍ സ്ട്രാറ്റജി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പോഷകാഹാരങ്ങള്‍ ഉറപ്പാക്കുന്നുണ്ട്. അതത് പ്രദേശങ്ങളില്‍ അങ്കണവാടി വര്‍ക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ക്ലോറിനേഷന്‍, ബോധവത്കരണ ക്ലാസുകള്‍, ക്യാമ്പുകളില്‍ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് വനിതാ ശിശു വികസന വകുപ്പിന് കീഴിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ് നടത്തിവരുന്നുണ്ട്. നിലവില്‍ ഒറ്റപ്പാലം നഗരസഭയിലെ 72 നമ്പര്‍ ചക്കാലക്കുണ്ടിലെ രണ്ട് നില കെട്ടിടത്തിലെ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാംപില്‍15 ആളുകളാണ് താമസിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."