ഗോതമ്പ് കടത്ത് നിഷേധിച്ച് സപ്ലൈകോ; കുന്നിശ്ശേരിയിലെ ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു
പുതുക്കാട്: ഭക്ഷ്യധാന്യങ്ങള്‍ കടത്തിയെന്ന ആരോപണമുയര്‍ന്ന കുന്നിശ്ശേരിയിലെ സപ്ലൈകോ ഗോഡൗണില്‍നിന്ന് അരിയും ഗോതമ്പും റേഷന്‍ കടകളിലേക്ക് വിതരണത്തിന് കൊണ്ടുപോയി. ഇന്നലെ രാവിലെ ഗോഡൗണില്‍ എത്തിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണത്തിന് കൊണ്ടുപോയത്. അവധി ദിവസമായ ഞായറാഴ്ച ഗോഡൗണില്‍ നിന്ന് അരിയും ഗോതമ്പും ലോറികളില്‍ കയറ്റിയത് അഭ്യൂഹങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. അഞ്ച് ലോറികളില്‍ ലോഡ് കയറ്റിയത് ഭക്ഷ്യധാന്യങ്ങള്‍ കടത്താനാണെന്ന സംശയം ഉയര്‍ന്നതോടെ സപ്ലൈകോ ഉദ്യോഗസ്ഥര്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തി.
താല്‍ക്കാലികമായി വാടകക്കെടുത്ത ഗോഡൗണ്‍ ഈ മാസം ഒഴിഞ്ഞുകൊടുക്കേണ്ടതിനാലാണ് ഭക്ഷ്യധാന്യങ്ങള്‍ ഇവിടെ നിന്ന് മാറ്റുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ഇതിനിടെ ചില പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഞായറാഴ്ച ലോഡ് കയറ്റിയ അഞ്ച് ലോറികളും പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് ഇന്നലെ വിതരണത്തിന് കൊണ്ടുപോയത്.ഈ വാഹനങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. തൃശൂര്‍ താലൂക്ക് പരിധിയിലെ 294 റേഷന്‍ കടകളിലേക്കാണ് ഈ ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഗോഡൗണില്‍ ബാക്കിയുള്ള അരിയും ഗോതമ്പും ചാക്കുകളിലാക്കി കുരിയച്ചിറയിലെ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."