കുറ്റ്യാടിയുടെ കുരുക്കഴിയും
കുറ്റ്യാടി: മലയോര ജനതയുടെ ദീര്‍ഘകാല അഭിലാഷമായ കുറ്റ്യാടി ബൈപ്പാസിന്റെ നടപടിക്രമങ്ങള്‍ ത്വരിതഗതിയിലേക്ക്. ഇതിന്റെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിലായി 21,020 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനാണ് അനുമതി ഉണ്ടായിരിക്കുന്നത്. 37.96 കോടി രൂപയുടെ കിഫ്ബി അംഗീകാരം ലഭിച്ചിട്ടുള്ള പദ്ധതി നടപ്പിലാക്കുന്നതിലേക്കുള്ള ഒരു സുപ്രധാന നടപടിയാണിത്. ഭൂമി ഏറ്റെടുക്കുമ്പോള്‍ നിലവിലെ മാര്‍ക്കറ്റ് വില നല്‍കും. ഇതു സംബന്ധിച്ച് ഭൂവുടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയതായും എം.എല്‍.എ അറിയിച്ചു. കടേക്കച്ചാല്‍ വളയന്നൂര്‍ ഹൈസ്‌കൂള്‍ താഴവയല്‍ വഴി കുറ്റ്യാടി-പേരാമ്പ്ര റോഡില്‍ അവസാനിക്കുന്ന ഒന്നര കിലോമീറ്ററോളം നീളവും 15 മീറ്റര്‍ വീതിയുമുള്ള റോഡാണ് കുറ്റ്യാടി ബൈപ്പാസ്. 2016-17ലെ ബജറ്റില്‍ ഈ പ്രവൃത്തി ഉള്‍പ്പെടുത്തണമെന്നും ഇതിന് ആവശ്യമായ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എ ധനകാര്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതി 2016-17ലെ സംസ്ഥാന ബജറ്റിലെ കിഫ്ബി പദ്ധയിലുള്‍പ്പെടുത്തിയത്. തുടര്‍ന്ന് പദ്ധതിക്ക് 10 കോടിയുടെ ഭരണാനുമതി നല്‍കുകയും പദ്ധതി നടത്തിപ്പിനായി ആര്‍.ബി.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
അതേസമയം ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നതോടുകൂടി കോഴിക്കോടു നിന്ന് കുറ്റ്യാടി വഴി തലശ്ശേരി, വടകര ഭാഗങ്ങളിലേക്ക് പോകുന്ന ആയിരക്കണക്കിനു യാത്രക്കാരുടെ മണിക്കൂറുകള്‍ നീണ്ട യാത്രാ കുരുക്കിന് വിരാമമാകുന്നുമെന്നു മാത്രമല്ല ഈ റൂട്ടിലെ ഏറ്റവും എളുപ്പമുള്ള പാത ലഭ്യമാകുകയും ചെയ്യും.
ബൈപ്പാസിന്റെ പൂര്‍ത്തീകരണത്തിനായി ജനങ്ങളുടെ സഹകരണവും പിന്തുണയും എം.എല്‍.എ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണനും എം.എല്‍.എയോടൊപ്പം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."