നിര്‍മാണം പൂര്‍ത്തിയാക്കിയ ഓപറേഷന്‍ തിയറ്റര്‍ തുറക്കാത്തതിനെതിരേ മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: പണി പൂര്‍ത്തിയാക്കി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഫോര്‍ട്ട് ആശുപത്രിയിലെ ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. നിസാരമായ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഓപറേഷന്‍ തിയറ്റര്‍ അടച്ചിട്ട് സാധാരണ രോഗികളുടെ ചികിത്സാ സൗകര്യം നിഷേധിച്ച നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. ആശുപത്രിയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീം നല്‍കിയ പരാതിയിലാണ് നടപടി. കോടികള്‍ മടക്കി നിര്‍മിച്ച ഓപറേഷന്‍ തിയറ്റര്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ എക്‌സ്‌റേ യൂനിറ്റ് പ്രവര്‍ത്തനരഹിതമാണെന്നുമായിരുന്നു പരാതി. ജില്ലാമെഡിക്കല്‍ ഓഫിസര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കമ്മിഷനില്‍ ഹാജരാക്കി. പുതിയ ഓപറേഷന്‍ തിയറ്റര്‍ കെട്ടിടം 2016 ല്‍ തങ്ങള്‍ക്ക് കൈമാറിയെങ്കിലും ജനറേറ്റര്‍ സൗകര്യം ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താലൂക്ക് ആശുപത്രിക്ക് ആവശ്യമായ തസ്തികകള്‍ അനുവദിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എക്‌സ്‌റേ യൂനിറ്റും നിലവിലില്ല. എന്നാല്‍ എക്‌സ്‌റേ ടെക്‌നിഷ്യന്‍ തസ്തിക ലഭ്യമാണ്. രണ്ട് നില കെട്ടിടം പുതുതായി നിര്‍മിച്ചാല്‍ മാത്രമേ ആശുപത്രിക്കാവശ്യമായ സ്ഥലസൗകര്യം ലഭ്യമാവുകയുള്ളൂ. മന്ത് രോഗ ക്ലിനിക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഓപറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തനമാരംഭിക്കാത്തത് കാരണം ഗര്‍ഭിണികളെ മറ്റ് ആശുപത്രിയിലേക്ക് പറഞ്ഞുവിടേണ്ട സാഹചര്യമാണുള്ളതെന്ന് പരാതിക്കാരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."